മകൾ ഗർഭിണിയാണെന്ന വിവരം ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന കേസ്: അമ്മയ്ക്കെതിരെ എടുത്ത പോക്സോ കേസ് റദ്ദാക്കി
Mail This Article
കൊച്ചി ∙ പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന പേരിൽ അമ്മയ്ക്കെതിരെ കേസെടുക്കുന്നത് ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതുപോലെയാണെന്നു ഹൈക്കോടതി. പതിനേഴുകാരിയായ മകൾ 18 ആഴ്ച ഗർഭിണിയാണെന്നത് ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന പേരിൽ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കിയാണു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. തൃശൂർ അഡീഷനൽ ജില്ല കോടതിയിലെ തുടർ നടപടികളാണു റദ്ദാക്കിയത്.
വയറുവേദനയെ തുടർന്നു മകളെ 2021 മേയ് 31 ന് ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മാതാവ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂൺ 3 ന് ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചു. പിറ്റേന്നു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുത്താണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
കുട്ടിയെ പീഡനത്തിനിരയാക്കിയാളാണ് ഒന്നാം പ്രതി. വിവരം അറിയിച്ചില്ലെന്നതിന്റെ പേരിൽ അമ്മയെ രണ്ടാം പ്രതിയുമാക്കി. എന്നാൽ ഈ കേസിൽ അമ്മ മനഃപൂർവമാണു വിവരം പൊലീസിനെ അറിയിക്കാതിരുന്നതെന്നു പറയാനാവില്ലെന്നു കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്നതറിയുമ്പോഴുളള അമ്മയുടെ ഞെട്ടലും മാനസിക വ്യവസ്ഥയും കണക്കിലെടുക്കണമെന്നു ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾ കോടതി കണക്കിലെടുത്തു.