ഡിജിപിയുടെ പേരിൽ തട്ടിപ്പ്: 3 പേർ പിടിയിൽ

Mail This Article
കാക്കനാട്∙ ഹൈക്കോടതിയിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്റെ (ഡിജിപി) ഫോട്ടോ ഉപയോഗിച്ച് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉണ്ടാക്കി വാഹന വിൽപന പരസ്യം നൽകി പണം തട്ടുന്ന മൂന്നംഗ സംഘം പിടിയിൽ. തിരുവനന്തപുരം അരുമാലൂർ മുണ്ടൻചിറ കേജകത്ത് എസ്.അച്ചു (28), ടൈറ്റാനിയം ഓൾ സെയിന്റ്സ് കോളജിനു സമീപം പുതുവൽ പുത്തൻവീട്ടിൽ അമൽ ഷാജി (24), മണക്കാട് ആലിക്കത്തറ വി.വിമൽ (23) എന്നിവരെയാണ് സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
ഇടപാടുകാരെ ആകർഷിക്കാനും വിശ്വസിപ്പിക്കാനുമാണ് സമൂഹ മാധ്യമ ഡിപിയിൽ ഡിജിപിയുടെ ഫോട്ടോ ചേർത്തിരുന്നത്. ഇവരുടെ കെണിയിൽ വീണു പണം നഷ്ടപ്പെട്ട കൊച്ചി സ്വദേശി നൽകിയ പരാതിയിലായിരുന്നു അന്വേഷണം. ഒരു വർഷമായി സംഘം തട്ടിപ്പു നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പരസ്യം കണ്ട് വാഹനം വാങ്ങാൻ ബന്ധപ്പെട്ട ഒട്ടേറെ പേരിൽ നിന്നു പണം തട്ടിയിട്ടുണ്ട്. വാഹനം നൽകാമെന്നു പറഞ്ഞ് അഡ്വാൻസ് വാങ്ങിയ ശേഷം മുങ്ങുന്നതാണ് പതിവ്. തിരുവനന്തപുരം വെട്ടുകാട്, കമലേശ്വരം ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ടു വാഹനങ്ങൾ വാങ്ങി ആഡംബര ജീവിതമായിരുന്നു ഇവരുടേത്.
സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ പി.ആർ.സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അജിത് രാജ്, പി.അരുൺ, ആർ.അജിത് ബാലചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ വിനോഷ് സദൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.