എഡിഎമ്മിന്റെ മരണം: പി.ശശിക്കെതിരെ ആരോപണവുമായി അൻവർ

Mail This Article
ന്യൂഡൽഹി, കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയാമായിരുന്നോയെന്ന് അൻവർ ചോദിച്ചു. ശശിയുടെയടക്കം സമ്മർദം താങ്ങാനാകാതെയാണ് താൻ സ്ഥലംമാറിപ്പോകുന്നതെന്ന് നവീൻ അടുപ്പക്കാരോട് പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയോട് യാത്രയയപ്പ് സമ്മേളനത്തിൽ പോയി പ്രസംഗിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്നും അൻവർ ആരോപിച്ചു. കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ ക്രമക്കേട് നടന്നിട്ടുണ്ട്. 0.5 സെന്റിമീറ്റർ കനമുള്ള പഴയ പ്ലാസ്റ്റിക് ചരടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത്തരമൊരു കയറിൽ 55 കിലോ ഭാഗരമുള്ള ഒരാൾക്ക് ഇത്രനേരം തൂങ്ങിനിൽക്കാൻ കഴിയുമോ? ഇനി അങ്ങനെയെങ്കിൽ കഴുത്തിൽ മുറിവുണ്ടാകേണ്ടതല്ലേയെന്നും അൻവർ ചോദിച്ചു.
അടിവസ്ത്രത്തിൽ രക്തക്കറയുണ്ടെന്ന് ഇൻക്വസ്റ്റിൽ പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതേക്കുറിച്ച് പരാമർശവുമില്ല. ശരീരത്തിൽ വിഷാംശം ഉണ്ടോയെന്ന് പരിശോധിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആരുടെയൊക്കെയോ താൽപര്യപ്രകാരം തയാറാക്കിയതാണ്– അൻവർ ആരോപിച്ചു. എന്നാൽ, വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കാനാണ് അൻവറിന്റെ ശ്രമമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ പറഞ്ഞു. പി.ശശിയുടെ അല്ലേ, പണറായി വിജയന്റെ പേര് പറഞ്ഞില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
നിയമനടപടിക്ക് പി.ശശി
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ ഉയർത്തിയ ആരോപണങ്ങളിൽ കോടതിയെ സമീപിക്കുമെന്ന് പി.ശശി സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി. മുൻപ് ഉന്നയിച്ച ആരോപണങ്ങളിൽ രണ്ട് കേസുകൾ പി.ശശി ഫയൽ ചെയ്തിരുന്നു. നുണകളാണ് അൻവർ പറയുന്നതെന്നും നവീൻബാബുവുമായി ഇന്നേവരെ ബന്ധപ്പെടാനോ സംസാരിക്കാനോ സാഹചര്യമുണ്ടായിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.