സന്തോഷ് ശിവന്റെ വാട്സാപ് ഹാക്ക് ചെയ്തു; സിനിമ പ്രവർത്തകരെ തട്ടിപ്പിനിരയാക്കാൻ ശ്രമം
Mail This Article
ചെന്നൈ ∙ വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത്, നിയന്ത്രണം ഏറ്റെടുത്ത് തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ കെണിയിൽ നിന്നു രക്ഷപ്പെട്ടതായി ഛായാഗ്രാഹകൻ സന്തോഷ് ശിവനും ‘ബാഹുബലി’യുടെ നിർമാതാവ് ഷോബു യാർലഗദ്ദയും വെളിപ്പെടുത്തി. ഇരുവരും നൽകിയ പരാതിയിൽ തമിഴ്നാട് പൊലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി. ഷോബു യാർലഗദ്ദയുടെ വാട്സാപ് ഹാക്ക് ചെയ്ത സംഘം പണം ആവശ്യപ്പെട്ടു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശം അയയ്ക്കുകയായിരുന്നു. വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടതായി യാർലഗദ്ദ സമൂഹമാധ്യമങ്ങൾ വഴി മുന്നറിയിപ്പു നൽകി. സന്തോഷ് ശിവന്റെ വാട്സാപ് അക്കൗണ്ടിൽ നുഴഞ്ഞു കയറിയ സംഘം അസിസ്റ്റന്റ് ഡയറക്ടർമാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താനാണു ശ്രമിച്ചത്.
ഇതിനൊപ്പം സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ചു. സന്തോഷ് ശിവൻ ആണെന്ന പേരിൽ സന്ദേശങ്ങൾ അയച്ച് തമിഴ്, മലയാളം സിനിമ പ്രവർത്തകരെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചതായും കണ്ടെത്തി. സന്തോഷ് ശിവനും സമൂഹമാധ്യമങ്ങൾ വഴി വിവരം പുറത്തറിയിച്ചു.