സർക്കാർ ഭൂമിയിലെ മരം മുറിക്കാൻ വനം വകുപ്പിന്റെ പിന്നാലെ പോകേണ്ട; വനം വകുപ്പിന്റെ വില നിർണയാധികാരം ഒഴിവാക്കുന്നു

Mail This Article
കോഴിക്കോട്∙ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരമായ വിധത്തിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ വനം വകുപ്പിന്റെ അനുമതി വേണമെന്ന വ്യവസ്ഥ സർക്കാർ എടുത്തു കളയുന്നു. ഏതു വകുപ്പിന്റെ ഭൂമിയിലാണോ മരം നിൽക്കുന്നത് ആ വകുപ്പിന് അടിയന്തര സാഹചര്യത്തിൽ മരം മുറിക്കാമെന്നും വിലനിർണയത്തിന് വനം വകുപ്പിന്റെ ‘ട്രീ കമ്മിറ്റി’യുടെ അനുമതി തേടേണ്ടതില്ലെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. വിവിധ അദാലത്തുകളിലുയർന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടി.
എന്നാൽ വൃക്ഷ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയിലെ മരങ്ങൾ മുറിക്കാൻ നിലവിലെ രീതി തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ‘ട്രീ കമ്മിറ്റി’ തന്നെയാണ് ഈ അനുമതി നൽകുക. വനം ഫിനാൻസ്–ബജറ്റ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡോ. പി.പുകഴേന്തിയോടാണ് അടിയന്തര ഉത്തരവ് ഇറക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വനം വകുപ്പിന്റെ ആഭ്യന്തര യോഗങ്ങളിലെയും മന്ത്രിക്കു മുന്നിലെത്തുന്ന പരാതികളിലെയും പ്രധാന വിഷയമായിരുന്നു ഇത്. വിവിധ തദ്ദേശ പ്രതിനിധികളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലെ അനധികൃത മരം മുറി നിയന്ത്രിക്കാൻ 1986ലാണ് ഉത്തരവ് ഇറങ്ങിയത്. സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്ററുടെ (എസിഎഫ്) അനുമതിയില്ലാതെ മരം മുറിക്കരുതെന്നായിരുന്നു വിലക്ക്. 2010ൽ ഈ ഉത്തരവ് പരിഷ്കരിച്ചു. എസിഎഫ് കൺവീനറായും തദ്ദേശ പ്രതിനിധികൾ അംഗങ്ങളായുമുള്ള ‘ട്രീ കമ്മിറ്റി’ വില നിർണയിച്ചു നൽകുന്ന മരങ്ങൾ മുറിക്കാൻ അനുമതി നൽകി. മുറിക്കുന്ന മരത്തിനു പകരം പത്തിരട്ടി മരങ്ങൾ അതത് സ്ഥാപനങ്ങൾ നട്ടു പരിപാലിക്കണമെന്നും ചട്ടം വന്നു.
എന്നാൽ വനം വകുപ്പിന്റെ വിലനിർണയമാണ് പലപ്പോഴും കീറാമുട്ടി ആയത്. 1971ലെ എൻ.ആർ.നായർ സമിതി ചിട്ടപ്പെടുത്തിയ രീതിയിലാണ് മരങ്ങളുടെ വില നിശ്ചയിച്ചിരുന്നത്. വനഭൂമിയിൽ നിൽക്കുന്ന ഈ മരങ്ങളുടെ വിലയിൽ, പുറത്തുള്ള മരങ്ങൾ ലേലം കൊള്ളാൻ ആരുമെത്താറില്ല. ലേലം മാറ്റിവയ്ക്കുകയും മരം കടപുഴകി അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് പതിവായി. വീടുകൾക്കും വൈദ്യുത ലൈനുകൾക്കും ഭീഷണി ആയ, മരങ്ങൾ മുറിച്ചു മാറ്റുന്നതും തടസ്സപ്പെട്ടിട്ടുണ്ട്.
∙ വനം വകുപ്പിന് വില നിർണയിക്കുന്നതിൽ മാത്രമേ ഉത്തരവാദിത്തമുള്ളൂ. എങ്കിലും അപകടകരമായ മരം മുറിക്കാൻ തടസ്സം നിന്നു എന്ന പഴി എപ്പോഴും കേൾക്കണം. ആ അധികാരം വനം വകുപ്പിന് ആവശ്യമില്ല. ഏതു വകുപ്പിന്റെ കീഴിലാണോ ഭൂമി അവർ മരം മുറിക്കുകയോ വിൽക്കുകയോ ചെയ്യട്ടെ. -എ.കെ.ശശീന്ദ്രൻ, വനം മന്ത്രി