250 തദ്ദേശ സ്ഥാപനങ്ങളിൽ മുന്നേറാൻ ബിജെപി ഒരുക്കം

Mail This Article
തിരുവനന്തപുരം / പാലക്കാട് ∙ 250 തദ്ദേശ സ്ഥാപനങ്ങളിൽ നിർണായക ശക്തിയാകാനുള്ള രൂപരേഖ ബിജെപി കോർ കമ്മിറ്റി തയാറാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് എ, ബി, സി കാറ്റഗറി നിശ്ചയിക്കുന്ന രീതിയിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ തദ്ദേശ സ്ഥാപനങ്ങളെയും വാർഡുകളെയും പല വിഭാഗങ്ങളായി തിരിക്കും. ഭരണസാധ്യതയുള്ള പഞ്ചായത്തുകളാണ് എ കാറ്റഗറിയിൽ വരുന്നത്. ഭരിക്കാൻ സീറ്റുണ്ടായിട്ടും മറ്റുള്ളവർ ചേർന്ന് അവിശ്വാസത്തിലൂടെ പുറത്തു നിർത്തിയ പഞ്ചായത്തുകളും ഉൾപ്പെടുത്തും. നിലവിൽ പ്രതിപക്ഷമോ അല്ലെങ്കിൽ പ്രതിപക്ഷമാകാൻ ഒന്നോ രണ്ടോ സീറ്റ് കുറവോ ഉള്ള പഞ്ചായത്തുകളാണു ബി കാറ്റഗറിയിൽ വരിക. നിലവിൽ സീറ്റുള്ളതും കഴിഞ്ഞ തവണ സീറ്റ് നഷ്ടപ്പെട്ടതും ചെറിയ വോട്ടിന് വാർഡുകൾ നഷ്ടപ്പെട്ടതുമായ തദ്ദേശ സ്ഥാപനങ്ങളാണു സി കാറ്റഗറിയിൽ. വാർഡുകളെയും ഇത്തരത്തിൽ തിരിക്കുന്നുണ്ട്.
ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തി മുന്നേറ്റം ഉറപ്പാക്കാനാണു കോർ കമ്മിറ്റി തീരുമാനം. കഴിഞ്ഞ തവണ തദ്ദേശ സ്ഥാപനങ്ങളിലേക്കു മത്സരിച്ചവർ ഇപ്പോഴും വാർഡുകളിൽ സജീവമാണെങ്കിൽ പ്രദേശത്തെ അഭിപ്രായം കൂടി വിലയിരുത്തി മുൻഗണന നൽകും. കോർപറേഷനുകളിൽ പാർട്ടി കോർ കമ്മിറ്റി അംഗങ്ങൾക്കും നഗരസഭകളിൽ മുതിർന്ന സംസ്ഥാന ഭാരവാഹികൾക്കും പഞ്ചായത്തുകളിൽ ജില്ലാ ഭാരവാഹികൾക്കും തിരഞ്ഞെടുപ്പിന്റെ ചുമതല നൽകി.