സ്ഥാനക്കയറ്റം: വിജിലൻസ് അന്വേഷണം തടസ്സമല്ല; അജിത്കുമാറിന് ഡിജിപിയാകാം
Mail This Article
തിരുവനന്തപുരം ∙ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപി എം.ആർ.അജിത്കുമാറിനു ഡിജിപിയാകാൻ തടസ്സമില്ല. തിങ്കളാഴ്ച ചേർന്ന ഐപിഎസ് സ്ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റത്തിന് അനുമതി നൽകി. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഡയറക്ടറുമടങ്ങുന്നതാണ് സ്ക്രീനിങ് കമ്മിറ്റി. വരുന്ന ജൂലൈയിലുണ്ടാകുന്ന ഒഴിവിൽ അജിത്കുമാർ ഡിജിപി റാങ്കിലെത്തും.
തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണവുമുണ്ട്. കഴിഞ്ഞയാഴ്ച വിജിലൻസ് വിശദമായി മൊഴിയെടുക്കുകയും ചെയ്തു. വിജിലൻസ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു. കോടതിയിൽ ചാർജ്ഷീറ്റ് ഫയൽ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്പെൻഷനിൽ നിൽക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തിൽ നിന്നു മാറ്റിനിർത്താൻ ചട്ടമുള്ളൂവെന്നും പറഞ്ഞു.
വിജിലൻസ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചാൽ മാത്രമേ സ്ഥാനക്കയറ്റത്തിൽനിന്നു മാറ്റിനിർത്താൻ വ്യവസ്ഥയുള്ളൂവെന്നു വിജിലൻസ് ഡയറക്ടറും സ്ക്രീനിങ് കമ്മിറ്റിയിൽ വിശദീകരിച്ചു. അനധികൃത സ്വത്ത് ആരോപണത്തിൽ വിജിലൻസ് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകുമെന്നാണു വിവരം. അതേസമയം, ആർഎസ്‌എസ് കൂടിക്കാഴ്ച സ്വകാര്യമെന്ന അജിത്കുമാറിന്റെ വാദം തള്ളിയും സർവീസ് ചട്ടലംഘനമെന്ന സൂചന നൽകിയും ഡിജിപി എസ്.ദർവേഷ് സാഹിബ് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ചിരുന്നു.
അജിത്തിനെ സർക്കാർ കൈവിട്ടില്ല
വിജിലൻസിന് നാലുതരം അന്വേഷണമാണുള്ളത്. കോൺഫിഡൻഷ്യൽ വെരിഫിക്കേഷൻ (15 ദിവസം), ക്വിക് വെരിഫിക്കേഷൻ (ഒരു മാസം), പ്രിലിമിനറി എൻക്വയറി (2 മാസം) എന്നിവയ്ക്കു പകരം 6 മാസം കൊണ്ടു പൂർത്തിയാക്കേണ്ട വിജിലൻസ് അന്വേഷണത്തിനാണ് അജിത്കുമാറിനെതിരെ ഉത്തരവിട്ടത്. പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരമുള്ള ഇൗ അന്വേഷണം നീണ്ടാൽ സ്ക്രീനിങ് കമ്മിറ്റി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രമോഷൻ നീട്ടിവച്ചേക്കാമെന്നു വാദമുണ്ടായിരുന്നെങ്കിലും സർക്കാർ അജിത്തിനെ കൈവിട്ടില്ല.