ചൂരൽമല – മുണ്ടക്കൈ പുനരധിവാസം: വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ വിളിക്കും: മന്ത്രി
Mail This Article
തിരുവനന്തപുരം ∙ ചൂരൽമല – മുണ്ടക്കൈ പുനരധിവാസത്തിന് വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടൻ വിളിക്കുമെന്നു മന്ത്രി കെ.രാജൻ. പുനരധിവാസത്തിന് 100 വീടുകൾ നൽകുമെന്ന കർണാടക സർക്കാരിന്റെ കത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
സാങ്കേതികമായ കാര്യങ്ങൾ പറഞ്ഞ് തർക്കിക്കുന്നതിൽ യോജിപ്പില്ല. കർണാടകയുടെ പിന്തുണ സ്നേഹപൂർവം ആവശ്യപ്പെടും. വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടൻ ചേരും. ഇത് വൈകാൻ കാരണം ഏറ്റെടുക്കാൻ ശ്രമം നടത്തിയ എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളാണ്. ഈ പ്രശ്നത്തിന് വൈകാതെ പരിഹാരമുണ്ടാകും. ആരുമായും സംസാരിക്കാനുള്ള വാതിൽ സർക്കാർ കൊട്ടിയടച്ചിട്ടില്ല. എല്ലാവരെയും യോജിപ്പിച്ചു മാത്രമേ പുനരധിവാസം സാധ്യമാകൂ. ദുരന്തബാധിതർക്ക് പ്രതിദിനം 300 രൂപ ജീവനോപാധി നൽകുന്നത് ഈ ആഴ്ച പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.