‘മന്ത്രിസഭയിൽ നിന്ന് പരിചയസമ്പന്നരെ മാറ്റി നിർത്തിയത് ശരിയായില്ല’: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ആഞ്ഞടിച്ച് പ്രതിനിധികൾ
Mail This Article
കൊല്ലം ∙ ഒന്നാം പിണറായി മന്ത്രിസഭയിലെ ‘ക്യാപ്റ്റനെ’ മാത്രം നിലനിർത്തുകയും പരിചയ സമ്പന്നരായ മന്ത്രിമാരെ മാറ്റി നിർത്തുകയും ചെയ്ത ശേഷം ബന്ധുവിനെ മന്ത്രിയാക്കിയതു ശരിയായില്ലെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. ഇതു മാധ്യമ വിചാരണയ്ക്ക് ഇടയാക്കും എന്നറിയാമായിരുന്നിട്ടും തീരുമാനത്തിൽ നിന്നു പിന്നാക്കം പോയില്ല. കെ.െക.ശൈലജ അടക്കമുള്ളവരെ മാറ്റി നിർത്തിയതു ശരിയായില്ല. മന്ത്രി മുഹമ്മദ് റിയാസിന്റെ പദവിയെച്ചൊല്ലിയുയർന്ന വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ചൂണ്ടിക്കാട്ടി എതിർ വാദവും ഉയർന്നു. സമ്മേളനം ഇന്നു സമാപിക്കും.
രണ്ടാം പിണറായി സർക്കാർ വന്നതോടെ എല്ലാ മേഖലയിലും ഉദ്യോഗസ്ഥ മേധാവിത്വം പിടിമുറുക്കി. വിരമിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളിൽ കുടിയിരുത്തിയ ഇന്ദിരാഗാന്ധിക്കെതിരെ പ്രതിഷേധിച്ചവരാണ് നമ്മൾ. ഇപ്പോൾ പാർട്ടിയുടെ സർക്കാർ ഇതേ കാര്യം ചെയ്യുന്നു. ഭൂലോക തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെ തിണ്ണ നിരങ്ങുന്നവരെ വരെ വീണ്ടും നിയമിച്ചു– പ്രതിനിധികൾ വിമർശിച്ചു. ഓരോ ഫയലും ഓരോ ജീവിതമാണെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതിയാണ്.
നേതാക്കന്മാരുടെ തലക്കനം പാർട്ടി പ്രവർത്തകർക്ക് അവരെ അപ്രാപ്യരാക്കുന്നു. നേരിൽ കണ്ടാൽ, പത്രം ചേർത്തോ, ഫണ്ട് സ്വരൂപിച്ചോ എന്നു മാത്രമാണു ചോദ്യം, ‘നീയും നിന്റെ കുടുംബവും എങ്ങനെ കഴിയുന്നു’ എന്നൊരു അന്വേഷണമേയില്ല. എല്ലാവർക്കും ജാടയും മസിൽ പിടിത്തവുമാണ്. ഇതാണോ കമ്യൂണിസ്റ്റ് ശൈലി ? മുസ്‍ലിം ലീഗ് കോൺഗ്രസുമായി അകലാൻ തുടങ്ങിയാൽ ലീഗ് മതനിരപേക്ഷ പാർട്ടിയാകും. കോൺഗ്രസുമായി ഇണങ്ങിയാൽ വർഗീയവാദികളായി മാറും. ഇങ്ങനെ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന നേതൃത്വത്തിന് എന്തു വിശ്വാസ്യതയാണുള്ളത് ? കോടിയേരി ബാലകൃഷ്ണനു ശേഷം നിലപാടുള്ള സംസ്ഥാന സെക്രട്ടറിയെ കാണാൻ പറ്റിയിട്ടില്ല.
ശശിമാർ പാർട്ടിക്ക് എന്നും തലവേദനയാണെന്നും വിമർശനമുയർന്നു. ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിച്ചുവെന്ന ആരോപണം നേരിട്ട പാലക്കാട്ടെ പി.കെ.ശശി ഇപ്പോഴും കെടിഡിസി ചെയർമാനാണ്. കണ്ണൂരിൽ പി.ശശിയെ മാറ്റി നിർത്തിയത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം. പിന്നീട് അദ്ദേഹത്തെ കാണുന്നതു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്താണ്. ഇതു പാർട്ടിക്കാർ മാത്രമല്ല, പൊതുജനങ്ങളും കണ്ടു കൊണ്ടിരിക്കുകയാണെന്നും ചർച്ചയുണ്ടായി.
‘നേതാക്കളാരും ആത്മകഥയെഴുതരുത്’
ചർച്ചയിൽ പങ്കെടുത്ത ഒരു പ്രതിനിധി പറഞ്ഞു: ‘ കൈകൂപ്പിക്കൊണ്ടു പറയുകയാണ്, നേതാക്കളാരും ഇനി ആത്മകഥ എഴുതരുത്...’ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ പേരിൽ ആത്മകഥാ വിവാദമുണ്ടായതു ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇ.പിക്കെതിരെ നടപടിയെടുക്കാൻ നേതൃത്വത്തിനു ഭയമാണോ ? ‘മീശ മാധവൻ’ എന്ന സിനിമയിൽ വെടി വഴിപാട് ഒന്ന്, രണ്ട് എന്നു പറഞ്ഞതു പോലെ ഓരോ തിരഞ്ഞെടുപ്പിലും ഇ.പി.ജയരാജൻ ഓരോ വെടി പൊട്ടിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ വെടി വഴിപാട് ഒന്ന്, പാലക്കാട് തിരഞ്ഞെടുപ്പിൽ വെടിവഴിപാട് രണ്ട്...– പ്രതിനിധി പറഞ്ഞു.