വനം വകുപ്പിൽ ഫയലുകൾ വൈകുന്നു; ചീഫ് സെക്രട്ടറിക്കു പരാതി നൽകാൻ മന്ത്രി ഓഫിസ്
Mail This Article
കോഴിക്കോട് ∙ വനംവകുപ്പിലെ സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള ഫയലുകൾ ഉദ്യോഗസ്ഥർ മാസങ്ങളോളം താമസിപ്പിക്കാൻ തുടങ്ങിയതോടെ ചീഫ് സെക്രട്ടറിയെ സമീപിക്കാനൊരുങ്ങി മന്ത്രിയുടെ ഓഫിസ്. വനസൗഹൃദ സദസ്സിൽ കൈക്കൊണ്ട തീരുമാനങ്ങളും വകുപ്പിലെ പ്രമോഷൻ സംബന്ധിച്ചുമുള്ള ഫയലുകളും അനങ്ങാതായതോടെയാണു നടപടി. വനംമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് അംഗീകരിച്ച ശുപാർശകൾ നടപ്പാക്കാതിരിക്കുന്ന ഫയലുകളുടെ കണക്കെടുക്കാൻ നിർദേശം നൽകി.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പിസിസിഎഫ്) സ്ഥാനത്ത് 6 ഉദ്യോഗസ്ഥർ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരാൾ മാത്രമായതോടെയാണു നിർണായക തീരുമാനങ്ങൾ പലതും ഫയലിൽ കുരുങ്ങിയത്. പിസിസിഎഫ് സ്ഥാനത്തുള്ള വനംമേധാവി അതീവ ഗൗരവമുള്ള കാര്യങ്ങളിൽ പോലും മെല്ലെപ്പോക്കാണെന്ന ആക്ഷേപവും വനംമന്ത്രിയുടെ ഓഫിസ് ഉന്നയിക്കുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവ് നിരീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതും ചീഫ് സെക്രട്ടറിയുടെ ചുമതലയാണ്. അതീവ ഗൗരവമുള്ള ശുപാർശകൾ പോലും തീരുമാനങ്ങൾ എടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന കാര്യം അക്കമിട്ടു വ്യക്തമാക്കാനാണു നീക്കം. ചീഫ് സെക്രട്ടറിയുടെ ഇടപെടലും ഫലം കണ്ടില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കും.
11 ഡിഎഫ്ഒമാർക്ക് ഐഎഫ്എസ് ലഭിച്ചെങ്കിലും അവരുടെ നിയമന ഉത്തരവ് ഇറങ്ങാൻ 3 മാസത്തോളം വൈകിയിരുന്നു. ഈ നിയമനങ്ങളെ തുടർന്ന് റേഞ്ച് ഓഫിസർമാർക്ക് പ്രമോഷൻ നൽകേണ്ടതാണ്. എന്നാൽ അതിനായുള്ള പ്രമോഷൻ കമ്മിറ്റി (ഡിപിസി) ചേരുന്നത് വനം മേധാവിയുടെ അസൗകര്യത്തെ തുടർന്നു 6 തവണ മാറ്റി വച്ചു. അടുത്ത 16ന് ഡിപിസി ചേരാനിരിക്കുകയാണെങ്കിലും അന്നും വനം മേധാവി പരിശീലനത്തിനായി കോർബറ്റ് നാഷനൽ പാർക്കിലേക്കു പോകുകയാണെന്നാണ് വിവരം.
സർക്കാർ ഭൂമിയിലെ മരം മുറിക്കാൻ വനംവകുപ്പിന്റെ വില നിർണയാധികാരം എടുത്തു കളയുന്ന ഉത്തരവ് ഇറക്കുന്നതു സംബന്ധിച്ചാണ് അവസാനമായി വനംവകുപ്പും മന്ത്രിയുടെ ഓഫിസും തെറ്റിയത്. വകുപ്പിൽ നിന്ന് ഉത്തരവിന്റെ കരട് അയയ്ക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും നടന്നില്ല. ഒടുവിൽ മന്ത്രിയുടെ ഓഫിസിൽ തന്നെ കരട് തയാറാക്കി അയയ്ക്കുകയായിരുന്നു എന്നാണു വിവരം.
അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് (എപിസിസിഎഫ്) പിസിസിഎഫുമാരുടെ അധികച്ചുമതല നൽകിയാണ് ഒന്നര വർഷത്തോളമായി വനംവകുപ്പ് പ്രവർത്തനം. ജനുവരി തുടക്കത്തിൽ രാജേഷ് രവീന്ദ്രൻ കൂടി പിസിസിഎഫ് ആകും. ഏപ്രിലിൽ വനം മേധാവി വിരമിക്കുന്നതോടെ വീണ്ടും അധികച്ചുമതലകൾ നൽകി മുന്നോട്ടുപോകേണ്ടി വരും.