ഫയൽവേഗം കൂട്ടാൻ കെ സ്യൂട്ട്
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളെ കടലാസുരഹിതമാക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ അവതരിപ്പിച്ച ‘ഇ ഓഫിസ്’ സോഫ്റ്റ്‌വെയറിനു പകരം ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) ‘കെ സ്യൂട്ട്’ എന്ന പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിച്ചു. ഫയൽനീക്കത്തിന്റെ വേഗം കൂട്ടുന്ന ഇതു വിജയകരമായി പരീക്ഷിച്ചു. ഈ മാസമൊടുവിൽ ലോഞ്ച് ചെയ്യും.
‘ഇ ഓഫിസി’ലെ ഫയലുകൾ ഉദ്യോഗസ്ഥരുടെ മുന്നിലെത്തുമ്പോൾ അനുമതി നൽകുന്നതും അഭിപ്രായം രേഖപ്പെടുത്തുന്നതും ഫയലിൽ ടൈപ്പ് ചെയ്താണ്. ഇതിനെല്ലാം പ്രത്യേക ബട്ടണും ‘പുൾ ഡൗൺ മെനു’ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുള്ള കെ സ്യൂട്ടിൽ ടൈപ്പിങ് വിരളമായതിനാൽ സമയം ലാഭിക്കാം. സാമ്പത്തികാനുമതിയുമായി ബന്ധപ്പെട്ട ഫയലാണെങ്കിൽ ആദ്യം ഒരു ഫയൽ വഴി അനുമതി വാങ്ങിയശേഷം, പേയ്മെന്റ് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പിന്നീടു മറ്റൊരു ഫയലായി അയച്ച് അനുമതി വാങ്ങുകയുമാണ് ഇ ഓഫിസിൽ ചെയ്യുന്നത്. കെ സ്യൂട്ടിൽ ഒറ്റ ഫയലായി നൽകാം. അവധി അപേക്ഷയുടം ഫയലിൽ അവധിയുടെ കാരണം ഉൾപ്പെടെയുള്ളവ ഒറ്റ ക്ലിക്കിലൂടെ രേഖപ്പെടുത്തുന്ന സംവിധാനവുമുണ്ട്.കുറഞ്ഞ സമയത്തു കൂടുതൽ ഫയലുകൾ നീങ്ങുന്നതു ഗുണഭോക്താക്കൾക്കും നേട്ടമാകും. കെ സ്യൂട്ട് വകുപ്പുകൾക്കു വേണ്ടി കസ്റ്റമൈസ് ചെയ്തു നൽകാനാകും. മീറ്റിങ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ കൂടി സംയോജിപ്പിക്കുന്നതിലൂടെ യോഗങ്ങളുടെ മിനിറ്റ്സ് അന്നുതന്നെ തയാറാക്കാനും അയയ്ക്കാനും കഴിയും.
മൂന്നാഴ്ചയായി ഐകെഎമ്മിൽ ഫയലുകൾ കെ സ്യൂട്ടിലാണു കൈകാര്യം ചെയ്യുന്നതെന്നു പ്രിൻസിപ്പൽ സെക്രട്ടറിയും ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.സന്തോഷ് ബാബു പറഞ്ഞു. സ്വകാര്യ ഓഫിസുകളിലും ഉപയോഗിക്കാനാകും. ഐകെഎമ്മിന് ഇതുവഴി വരുമാനവും ലഭിക്കും. ആഗോളതലത്തിൽ വിൽക്കാനായി ഒരു മാസത്തിനകം താൽപര്യപത്രം ക്ഷണിക്കും. ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി.നൗഫൽ, അഡ്മിനിസ്ട്രേഷൻ കൺട്രോളർ പി.എസ്.ടിംപിൾ മാഗി എന്നിവരുൾപ്പെടെയുള്ള ടീമാണു വികസിപ്പിച്ചത്.