യുഡിഎഫിന് ഊർജമായി ഉപതിരഞ്ഞെടുപ്പു ഫലം
Mail This Article
തിരുവനന്തപുരം ∙ ഒരു വർഷത്തിനകം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 31 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പുഫലം യുഡിഎഫിന് ഊർജമേകുന്നു. 11 ജില്ലകളിലെ വാർഡുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് എന്നതിനാൽ അനുകൂലമായ ഫലം സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തിനു തെളിവാണെന്നു യുഡിഎഫ് വാദിക്കുന്നു. 23 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ, 4 ബ്ലോക്ക് പഞ്ചായത്തുകൾ, 3 നഗരസഭകൾ, ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ എന്നിവിടങ്ങളിലെ ഫലമാണു പുറത്തുവന്നത്.
ഇടത് കുത്തക സീറ്റുകളും പിടിച്ച് യുഡിഎഫ്
പത്തനംതിട്ട നിരണത്ത് 3 പതിറ്റാണ്ടായും കൊല്ലം ചടയമംഗലത്ത് 2 പതിറ്റാണ്ടായും എൽഡിഎഫ് ജയിക്കുന്ന ഗ്രാമപ്പഞ്ചായത്ത് വാർഡുകളാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാർഡിലും 3 പതിറ്റാണ്ടിനുശേഷമാണു ജയിക്കുന്നത്. ആകെ പിടിച്ചെടുത്ത 9 സീറ്റുകളിൽ എട്ടെണ്ണം സിപിഎമ്മിന്റെതും ഒരെണ്ണം സിപിഐയുടേതുമാണ്. യുഡിഎഫിനു നഷ്ടമായ 5 സീറ്റിൽ രണ്ടെണ്ണം സിപിഎമ്മും ഒന്നു വീതം ബിജെപി, സിപിഐ, കേരള കോൺഗ്രസ് (എം) എന്നിവയാണു പിടിച്ചത്.
എൽഡിഎഫിന് ആഘാതം മൂന്നിടത്തെ ഭരണനഷ്ടം
9 സിറ്റിങ് സീറ്റുകൾ കൈവിട്ടതിനെക്കാൾ എൽഡിഎഫിനു തിരിച്ചടി 3 പഞ്ചായത്തുകളിൽ ഭരണം നഷ്ടമാകുന്നതാണ്. സിപിഎം സംസ്ഥാന സമ്മേളനത്തിനു വേദിയാകുന്ന കൊല്ലം ജില്ലയിലാണ് 2 സിറ്റിങ് സീറ്റുകൾ യുഡിഎഫിന് അടിയറവച്ചത്. എൽഡിഎഫ് പിടിച്ചെടുത്ത 5 സീറ്റിൽ നാലെണ്ണം കോൺഗ്രസിന്റേതും ഒന്ന് ബിജെപിയുടേതുമാണ്.
മാറ്റമില്ലാതെ ബിജെപി
തൃശൂർ കൊടുങ്ങല്ലൂർ നഗരസഭയിലെയും തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെയും സിറ്റിങ് സീറ്റുകൾ നിലനിർത്തിയ ബിജെപിക്കു നഷ്ടമായത് കൊല്ലം കുന്നത്തൂർ പഞ്ചായത്തിലെ വാർഡാണ്. ഇവിടെ സിപിഎം ജയിച്ചു. പത്തനംതിട്ട എഴുമറ്റൂർ പഞ്ചായത്തിലെ വാർഡ് കോൺഗ്രസിൽനിന്നു പിടിച്ചെടുത്ത് ബിജെപി ആ നഷ്ടം നികത്തി.