പ്രായപൂർത്തിയാകാത്തവർ മറ്റു തടവുകാർക്കൊപ്പം ജയിലിൽ: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
Mail This Article
കൊച്ചി ∙ പ്രായപൂർത്തിയാകാത്തവർ മറ്റു തടവുകാർക്കൊപ്പം ജയിലിൽ കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഓഫിസർമാർക്കുമാണു ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
ഇടുക്കി ദേവികുളം കുണ്ടല സാന്റോസ് കോളനിയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട കേസിൽ പ്രതികളായ മാതാപിതാക്കൾക്കൊപ്പം സംഭവ സമയത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളും ശിക്ഷ അനുഭവിച്ച കേസിൽ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ച ശേഷമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. 11 വർഷം തടവനുഭവിച്ച കുട്ടികളെ നേരത്തേ വിട്ടയച്ചിരുന്നു.
മാർഗനിർദേശങ്ങൾ:
∙അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥൻ സ്കൂൾ, ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ ആധികാരിക രേഖകൾ പരിശോധിച്ച് പ്രായം ഉറപ്പു വരുത്തണം. ഇക്കാര്യം റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തണം.
∙ പരിശോധിച്ച രേഖയുടെ പകർപ്പും റിമാൻഡ് റിപ്പോർട്ടിനൊപ്പം നൽകണം.
∙ മജിസ്ട്രേട്ട് മുൻപാകെ പ്രതിയെ ഹാജരാക്കും മുൻപ് രേഖകൾ പരിശോധിക്കാൻ സാധിച്ചില്ലെങ്കിൽ കാരണം റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കണം. പ്രതി പ്രായപൂർത്തിയാകാത്ത ആളല്ലെന്നു ബോധ്യമായതിന്റെ കാരണങ്ങളും വ്യക്തമാക്കണം. എത്രയും വേഗം രേഖ കണ്ടെത്തി മജിസ്ട്രേട്ടു മുൻപാകെ റിപ്പോർട്ട് സഹിതം എത്തിക്കേണ്ടത് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്റെ ചുമതലയാണ്.
∙പ്രായത്തിൽ കൃത്യത വരുത്തി അക്കാര്യം മജിസ്ട്രേട്ടു റിമാൻഡ് ഓർഡറിൽ രേഖപ്പെടുത്തണം
∙ ശരീര വലുപ്പവും പ്രായവും തമ്മിൽ പൊരുത്തക്കേട് തോന്നിയാൽ ബാലനീതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അന്വേഷണം നടത്തി ഉചിതമായ ഉത്തരവിടണം.
∙ പ്രായത്തിന്റെ കാര്യത്തിൽ ബോധ്യം വരാത്ത സാഹചര്യമുണ്ടായാൽ അത് ഉറപ്പാക്കാനാകുന്നതുവരെ പ്രതിയെ ജയിലിലേക്ക് അയയ്ക്കാനോ കസ്റ്റഡിയിൽ വിടാനോ ഉത്തരവിടരുത്.
ഇടുക്കി കേസിൽ പ്രായപൂർത്തിയാകാത്ത കാര്യം മാതാപിതാക്കളോ കുട്ടികളോ അറിയിച്ചില്ലെന്നും രേഖകളിലൂടെ ബോധ്യപ്പെടുത്തിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. മജിസ്ട്രേട്ടും ഇതു സംബന്ധിച്ചു സംശയിച്ചില്ല. അതിനാൽ, നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്നും വാദിച്ചു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നഷ്ട പരിഹാരം നൽകുന്നതിൽ നിലവിൽ നിയമമില്ലെന്ന് കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്നു കോടതി സർക്കാരിനു നിർദേശം നൽകി.