നെൽവിത്തിന്റെ വിലയിലും മാറ്റമില്ല, കിലോയ്ക്ക് 38 രൂപ
Mail This Article
പാലക്കാട് ∙ സംസ്ഥാനത്ത് നെൽവിത്തിന്റെ സംഭരണവിലയിലും വർധനയില്ല. മുൻവർഷത്തേതുപോലെ കിലോയ്ക്ക് 38 രൂപ നിരക്കിലാണു സംസ്ഥാന വിത്തു വികസന അതോറിറ്റി കർഷകരിൽ നിന്നു നെൽവിത്തെടുക്കുക. 30 കിലോ ചാക്കിന് 9 രൂപ കൈകാര്യച്ചെലവായും നൽകും. വില കിലോയ്ക്ക് 45 രൂപയാക്കണമെന്നു നെൽവിത്തു കർഷകർ ആവശ്യപ്പെട്ടിരുന്നു. നെല്ലിനു സംഭരണവില കൂട്ടുമ്പോൾ ആനുപാതികമായി വിത്തിന്റെ സംഭരണവില 10 രൂപയോളം വർധിപ്പിക്കുകയാണു പതിവ്. ഇത്തവണ നെല്ലിന്റെ സംഭരണ വില വർധിപ്പിച്ചില്ല. കിലോയ്ക്ക് 28.20 രൂപ തന്നെയാണു നൽകുന്നത്.
സംസ്ഥാന വിത്തു വികസന അതോറിറ്റി മുഖേനയാണു കേരളത്തിൽ നെൽവിത്തു സംഭരണവും വിതരണവും നടത്തുന്നത്. കൃഷിക്കാരിൽ നിന്ന് 38 രൂപയ്ക്കു ശേഖരിക്കുന്ന വിത്ത് ശാസ്ത്രീയ സംസ്കരണത്തിനു ശേഷം കിലോയ്ക്ക് 42 രൂപ നിരക്കിലാണ് ആവശ്യക്കാർക്കു ലഭ്യമാക്കുന്നത്. നെൽവിത്ത് ഉൽപാദന പദ്ധതിയിൽ അംഗങ്ങളായ കർഷകർക്കു വിതയ്ക്കാനുള്ള നെല്ല് അതോറിറ്റി സൗജന്യമായി നൽകും. തിരികെ, കർഷകർ നെൽവിത്ത് ഉൽപാദിപ്പിച്ച ശേഷം അതോറിറ്റിക്ക് നൽകണമെന്നാണു വ്യവസ്ഥ. ഒരു ഹെക്ടറിനു ചുരുങ്ങിയത് 2,000 കിലോ നെൽവിത്തു നൽകണം. ഇല്ലെങ്കിൽ വിത്തുവില കർഷകർ തിരിച്ചടയ്ക്കണം. സംസ്ഥാനത്തേക്കാവശ്യമായ നെൽവിത്തിന്റെ ഭൂരിഭാഗവും പാലക്കാട്ടാണ് ഉൽപാദിപ്പിക്കുന്നത്.