പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം: ഗാർഹിക സോളർ ഉൽപാദകരും കൂടിയ നിരക്കു നൽകണം
Mail This Article
തിരുവനന്തപുരം ∙ വീട്ടിൽ സൗരവൈദ്യുതി പ്ലാന്റ് സ്ഥാപിച്ച് ഗ്രിഡുമായി ബന്ധിപ്പിച്ചവർ (പ്രൊസ്യൂമർ) പീക്ക് സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്കു കണക്കു പറയേണ്ടി വരും. പ്രൊസ്യൂമർമാർ വൈകിട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ഉപയോഗം കൂടിയ (പീക്ക്) സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് സാധാരണ ഉപഭോക്താക്കളുടേതുപോലെ നിരക്ക് ഈടാക്കണമെന്ന് കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി.
-
Also Read
ഫയൽവേഗം കൂട്ടാൻ കെ സ്യൂട്ട്
ഭൂരിഭാഗം സൗരോർജ ഉൽപാദകരും കുറഞ്ഞവിലയ്ക്കു വൈദ്യുതി ലഭ്യമായ പകൽ സമയത്ത് ഗ്രിഡിലേക്കു വൈദ്യുതി നൽകുകയും കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങുന്ന പീക്ക് സമയത്ത് ഇതിനു തുല്യമായ അളവ് വൈദ്യുതി സൗജന്യമായി ഉപയോഗിക്കുകയുമാണ്. ഏകദേശം 2 ലക്ഷം പ്രൊസ്യൂമർമാരാണ് കേരളത്തിലുള്ളത്. എന്നാൽ, പീക്ക് സമയത്ത് ഇവർ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചെലവുകൂടി സോളർ പ്ലാന്റ് ഇല്ലാത്ത സാധാരണ ഉപയോക്താക്കളുടെ ബാധ്യതയാകുന്നുവെന്ന കെഎസ്ഇബിയുടെ വാദം റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു.
പകൽ സമയത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കു തുല്യമായ അളവിൽ, രാവിലെ 6 മുതൽ വൈകിട്ട് 6 വരെയും രാത്രി 10 മുതൽ പുലർച്ചെ 6 വരെയുമുള്ള സമയത്ത് ഉപയോഗിക്കാമെന്നും പീക്ക് സമയത്ത് ഉപയോഗിക്കുന്നതിനു സാധാരണ നിരക്ക് നൽകണമെന്നുമാണ് കെഎസ്ഇബിയുടെ ആവശ്യം. എന്നാൽ, ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് സോളർ പ്ലാന്റ് സ്ഥാപിച്ച പ്രൊസ്യൂമർമാർക്ക് കൂടുതൽ ബാധ്യതയുണ്ടാകാത്ത വിധം പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾകൂടി സമർപ്പിക്കാനാണു കമ്മിഷന്റെ നിർദേശം.
പുനരുപയോഗ ഊർജവും നെറ്റ്‌മീറ്ററിങ്ങും സംബന്ധിച്ച റഗുലേഷൻ ഭേദഗതിയുടെ കരട് റഗുലേറ്ററി കമ്മിഷൻ അടുത്ത മാസം പ്രസിദ്ധീകരിക്കുമെന്നാണു സൂചന. അതിന്റെ ഭാഗമായി കെഎസ്ഇബിയുടെ അപേക്ഷയും നിർദേശങ്ങളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. തുടർന്ന് പ്രൊസ്യൂമർമാരുടെയും ഉപയോക്താക്കളുടെയും അഭിപ്രായം തേടിയ ശേഷമേ തീരുമാനമുണ്ടാകൂ.
ബാറ്ററി സംഭരണത്തിന് ഇൻസെന്റീവ്
പകൽ സമയത്ത് അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി, ബാറ്ററിയിൽ സംഭരിച്ച് പീക്ക് സമയത്ത് ഉപയോഗിക്കാൻ തയാറാകുന്ന പ്രൊസ്യൂമർമാർക്ക് ഇൻസെന്റീവ് നൽകുക എന്നതാണു കമ്മിഷൻ പരിഗണിക്കുന്ന ബദൽ മാർഗങ്ങളിലൊന്ന്. പ്രൊസ്യൂമർ പീക്ക് സമയത്ത് ബാറ്ററിയിൽ സംഭരിച്ച വൈദ്യുതി ഉപയോഗിക്കുന്നതിനാൽ ഈ സമയത്ത് കൂടിയ വിലനൽകി വാങ്ങുന്ന വൈദ്യുതിയുടെ അളവു കുറയ്ക്കാൻ കെഎസ്ഇബിക്കു കഴിയും. അതിലൂടെ കെഎസ്ഇബിക്കുണ്ടാകുന്ന നേട്ടത്തിന്റെ ഒരു വിഹിതം ഇൻസെന്റീവ് ആയി നൽകാനാണു നിർദേശം.