ലിംഗവിവേചന ക്യാംപെയ്ൻ: കുടുംബശ്രീ പ്രതിജ്ഞ വിശ്വാസത്തെ ഹനിക്കുമെന്ന്
Mail This Article
കോഴിക്കോട് ∙ കുടുംബശ്രീ ലിംഗസമത്വ ക്യാംപെയ്നിന്റെ ഭാഗമായി നടത്തുന്ന പ്രതിജ്ഞയെച്ചൊല്ലി വിവാദം. ലിംഗസമത്വം സംബന്ധിച്ചു കുടുംബശ്രീ അംഗങ്ങൾ എടുക്കേണ്ട പ്രതിജ്ഞയിൽ ‘ലിംഗഭേദമന്യേ ഞങ്ങളുടെ മക്കൾക്കു തുല്യസ്വത്തവകാശം നൽകും’ എന്ന ഭാഗമാണു വിവാദമായത്. മതവിശ്വാസത്തിന് എതിരുനിൽക്കുന്നു എന്ന വാദമുന്നയിച്ച് ചില വിഭാഗങ്ങൾ വിഷയം ഏറ്റെടുത്തിട്ടുണ്ട്.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ നവംബർ 25 മുതൽ ഡിസംബർ 23 വരെ സംഘടിപ്പിക്കുന്ന ‘നയി ചേതന’ ജെൻഡർ ക്യാംപെയ്നിന്റെ ഭാഗമായാണ് കേരളത്തിലും പ്രതിജ്ഞ ചൊല്ലാൻ നിർദേശം നൽകിയത്. ലിംഗവിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കുമെതിരെ എന്നതാണു ക്യാംപെയ്നിന്റെ ആശയം. ക്യാംപെയ്നിന്റെ ഭാഗമായി 3 ലക്ഷത്തോളം വരുന്ന അയൽക്കൂട്ടങ്ങളിൽ പ്രതിജ്ഞ ചൊല്ലണം. പ്രതിജ്ഞ സംസ്ഥാന സർക്കാർ തയാറാക്കിയതല്ലെന്നും കേന്ദ്ര ക്യാംപെയ്നിന്റെ ഭാഗമാണെന്നുമാണു കുടുംബശ്രീയുടെ വിശദീകരണം.