ആശുപത്രിയിൽ യുവാവ് പൊലീസുകാരെ ആക്രമിച്ചു; എഎസ്ഐ അടക്കം രണ്ട് പൊലീസുകാർക്ക് പരുക്ക്
Mail This Article
വൈക്കം ∙ വൈക്കം താലൂക്ക് ആശുപത്രിയിൽ കാലിനു പരുക്കേറ്റ ഭാര്യയുമായി എത്തിയ യുവാവ് പൊലീസുകാരെ ആക്രമിച്ചു. എഎസ്ഐ അടക്കം രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. വൈക്കം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കുലശേഖരമംഗലം വല്ലയിൽ അൽ അമീർ(46), സീനിയർ സിപിഒ ചേർത്തല അർത്തുങ്കൽ ചെത്തിക്കാരൻ പുരയിൽ സി.ഒ.സെബാസ്റ്റ്യൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് വൈക്കം ബ്രഹ്മമംഗലം വടക്കേത്തറ അനീഷ്‌കുമാർ(45), ഭാര്യ ഷീന(40) എന്നിവരെ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് 12.15നാണ് അനീഷും വലതുകാലിനു പരുക്കേറ്റ് പ്ലാസ്റ്റർ ഇട്ട ഭാര്യ ഷീനയും താലൂക്ക് ആശുപത്രിയിൽ എത്തിയത്. അന്വേഷണങ്ങൾ എന്നെഴുതിയ ഇരിപ്പിടത്തിൽ ആളില്ലെന്ന് പറഞ്ഞ് അനീഷ് ആദ്യം ബഹളമുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. അനീഷ് പിന്നീട് ചീട്ട് എടുക്കുന്ന സ്ഥലത്ത് എത്തി. അസ്ഥിരോഗ വിദഗ്ധൻ ഇല്ലെന്ന് അറിഞ്ഞപ്പോൾ വീണ്ടും ബഹളമുണ്ടാക്കി. ഇതോടെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ അൽ അമീറും ഇവരെ ശാന്തരാക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസുകാരെയും സംഭവം കണ്ടുനിന്നവരെയും ചീട്ടു നൽകുന്ന ജീവനക്കാരെയും അനീഷ് അസഭ്യം വിളിച്ചു.
മറ്റൊരു സുരക്ഷാ ജീവനക്കാരൻ ഉടൻ തന്നെ വൈക്കം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരം പറഞ്ഞു. കുടുതൽ പൊലീസുകാർ സ്ഥലത്തെത്തി അനീഷിനെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി. ഇതിനിടെ അനീഷ് തലകൊണ്ട് അൽ അമീറിനെ ആക്രമിക്കുകയായിരുന്നു. യൂണിഫോമിലെ ലൈൻ യാഡ് ഷീന വലിച്ചു പൊട്ടിക്കുന്നതിനിടെയാണ് സിപിഒ സെബാസ്റ്റ്യനു പരുക്കേറ്റത്.
വൈകിട്ട് വൈദ്യപരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ച അനീഷ് വീണ്ടും ബഹളമുണ്ടാക്കി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഇവർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.