ഗതാഗതം തടഞ്ഞ് പരസ്യ ചിത്രീകരണം; ഗ്യാപ് റോഡിൽ സംഘർഷം

Mail This Article
മൂന്നാർ ∙ ദേവികുളം ഗ്യാപ് റോഡിൽ പരസ്യ ചിത്രീകരണത്തിനായി ദേശീയപാതയിൽ ഗതാഗതം തടഞ്ഞതിനെത്തുടർന്നു യാത്രക്കാരും ഷൂട്ടിങ് സംഘവും തമ്മിൽ സംഘർഷം. ഇന്നലെ രാവിലെ ഇരുവശത്തുനിന്നും ഗതാഗതം തടഞ്ഞശേഷമായിരുന്നു ഷൂട്ടിങ്. ഇതോടെ കിലോമീറ്ററുകൾ ദൂരത്തിൽ വാഹനങ്ങളുടെ നിര നീണ്ടു.
രാവിലെ ജോലിക്കു പോകാനിറങ്ങിയവർ ഉൾപ്പെടെ റോഡിൽ കുടുങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും വാഹനങ്ങൾ കടത്തിവിടാതെ വന്നതോടെയാണ് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരസ്യക്കമ്പനിയുടെ സുരക്ഷാ ജീവനക്കാർ പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചതോടെ പ്രശ്നം വഷളായി. ദേവികുളം പൊലീസ് സ്ഥലത്തെത്തിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. ഗതാഗതം തടസ്സപ്പെടുത്തരുതെന്ന നിബന്ധനയോടെയാണു ഷൂട്ടിങ്ങിനു പൊലീസിന് അനുമതി നൽകിയതെന്നും എന്നാൽ രണ്ടുദിവസമായി ഗതാഗതം തടഞ്ഞു ഷൂട്ടിങ് നടത്തുകയായിരുന്നെന്നും നാട്ടുകാർ ആരോപിച്ചു.