കാലാവസ്ഥാമാറ്റം പരിഗണിക്കാതെ വൈപ്പാർ പദ്ധതി: പദ്ധതി പൊടിതട്ടിയെടുത്തത് ഡേറ്റ പോലും പുതുക്കാതെ
Mail This Article
പത്തനംതിട്ട ∙ പമ്പ–അച്ചൻകോവിൽ– വൈപ്പാർ നദീബന്ധന പദ്ധതിക്കായി ഇപ്പോഴും ഉപയോഗിക്കുന്നത് കാൽ നൂറ്റാണ്ടു മുൻപു നടത്തിയ പ്രാഥമിക പഠനത്തിലെ കണ്ടെത്തലുകളും ഡേറ്റയും. മധ്യകേരളത്തിൽ പ്രളയവും വരൾച്ചയും ആവർത്തിക്കുന്ന സാഹചര്യത്തിൽ പദ്ധതി പരിസ്ഥിതി ദുരന്തത്തിനു വഴിവയ്ക്കാൻ സാധ്യത ഏറെയാണ്. കടലിലെ ജലനിരപ്പ് ഉയരുകയും നദികളുടെ അടിത്തട്ടു താഴുകയും വേമ്പനാട് കായൽ ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഉപ്പുവെള്ളം നദികളുടെ മുകൾഭാഗത്തേക്കും വരാനുള്ള സാധ്യതയേറെയാണ്.
-
Also Read
ഫയൽവേഗം കൂട്ടാൻ കെ സ്യൂട്ട്
ഇതിനെ പ്രതിരോധിക്കണമെങ്കിൽ പമ്പ– അച്ചൻകോവിൽ നദികളിലൂടെ ജലം കടലിലേക്ക് ഒഴുകണം. ഇപ്പോൾ തന്നെ 20 അണകളുള്ള പമ്പാനദിയിൽ ഇനി അണകെട്ടിയാൽ നീരൊഴുക്കുപോലും ഇല്ലാതാകും. ഈ സാഹചര്യമൊന്നും കേന്ദ്ര ജലശക്തി മന്ത്രാലയം പരിഗണിച്ചിട്ടില്ല.
നഷ്ടപ്പെടുക 957 ഹെക്ടർ നിബിഡവനം
നദീബന്ധന പദ്ധതിക്കായി നിർദേശിക്കപ്പെട്ടിരുന്ന 3 അണക്കെട്ടുകൾ വന്നാൽ കേരളത്തിനു നഷ്ടമാവുക അപൂർവ ജൈവസമ്പത്ത് നിറഞ്ഞ വനമേഖല. 2004 ഹെക്ടർ വനംമുങ്ങുമെന്നാണു റിപ്പോർട്ടിലുള്ളത്. ഇതിൽ പശ്ചിമഘട്ടത്തിലെ ജൈവസമ്പന്നമായ ഗൂഡ്രിക്കൽ റേഞ്ചിലെയും ഉറാനി കണ്ടൽ ചതുപ്പിലെയും 957 ഹെക്ടറോളം നിബിഡവനവും ഉൾപ്പെടും. പശ്ചിമഘട്ടത്തിൽ വീണ്ടും അണക്കെട്ടു വരുന്നത് വന്യജീവികളുടെ ആവാസ വ്യവസ്ഥയെയും ബാധിച്ചേക്കാം.
പുന്നമേട് ഡാം 440 ഹെക്ടറും അച്ചൻകോവിൽ കല്ലാർ ഡാം 124 ഹെക്ടറും അച്ചൻകോവിൽ ഡാം 323 ഹെക്ടറും വനം നേരിട്ട് ഇല്ലാതാക്കും. ഇതിൽ 957 ഹെക്ടറോളം മഴക്കാടുകളാണ്. ചിറ്റാർമൂഴിയിൽനിന്നു തമിഴ്നാട്ടിലെ അളകാർ ഓട എന്ന വൈപ്പാറിന്റെ ഉത്ഭവ സ്ഥാനത്തേക്കു വെള്ളം കൊണ്ടുപോകാൻ 5 മീറ്റർ വ്യാസമുള്ള 9 കിലോമീറ്റർ ടണൽ നിർമിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാതവും പഠനവിധേയമായിട്ടില്ല. അച്ചൻകോവിൽ വില്ലേജിലെ 297 ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്.
നദീസംയോജനം: ശക്തമായി എതിർക്കുമെന്ന് മന്ത്രി റോഷി
തിരുവനന്തപുരം ∙ പമ്പ – അച്ചൻകോവിൽ – വൈപ്പാർ നദീസംയോജന പദ്ധതി പുനരുജ്ജീവന നീക്കവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയോട് ആവശ്യപ്പെട്ടതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള തമിഴ്നാട് നീക്കത്തെ ശക്തമായി എതിർക്കും. കേരളത്തിന്റെ നിലപാടിൽ മാറ്റമില്ല.
17ന് ചേരുന്ന ദേശീയ ജലവികസന ഏജൻസിയുടെ നദീസംയോജന പദ്ധതികൾക്കായുള്ള പ്രത്യേക സമിതി യോഗത്തിന്റെ അജൻഡയുടെ വിശദാംശങ്ങൾ നൽകി കേരളത്തിന്റെ അഭിപ്രായം ആരായേണ്ടതായിരുന്നു. എന്നാൽ, ഇതുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ഇന്നലെ മന്ത്രി യോഗം വിളിച്ചെങ്കിലും ബിശ്വാസ് മേത്ത ഡൽഹിയിലായിരുന്നതിനാൽ അതു നടന്നില്ല.