പിഎഫ് പെൻഷൻ: ശമ്പളപരിഷ്കരണ കുടിശികയും പരിഗണിക്കണം; ഹൈക്കോടതി ഉത്തരവ് മിൽമ ജീവനക്കാരൻ നൽകിയ ഹർജിയിൽ
Mail This Article
കോഴിക്കോട് ∙ മുൻകാല പ്രാബല്യത്തോടെ ലഭിച്ച ശമ്പള പരിഷ്കരണ കുടിശികയും ഡിഎയും പിഎഫ് പെൻഷൻ കണക്കാക്കാനുള്ള ശമ്പളത്തോടൊപ്പം ചേർക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കേരള കോ ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽനിന്ന് (മിൽമ) 2014 ഒക്ടോബർ 31നു വിരമിച്ച കെ.എസ്.മോഹനൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്.
വിരമിച്ച ശേഷം കോടതി ഉത്തരവു വഴി ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് 5,18,478 രൂപ തിരിച്ചടച്ച ജീവനക്കാരനു 12,065 രൂപയാണ് ഇപിഎഫ്ഒ പെൻഷൻ അനുവദിച്ചത്. പെൻഷൻ കണക്കാക്കിയതിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിച്ചപ്പോഴാണ് 2010 ജനുവരി മുതൽ 2014 ജൂലൈ വരെയുള്ള കാലത്തെ ഡിഎ കുടിശികയും ശമ്പളപരിഷ്കരണ കുടിശികയും പരിഗണിക്കാതെയാണ് ഇപിഎഫ്ഒ പെൻഷൻ കണക്കാക്കിയതെന്ന് അറിയുന്നത്. വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 60 മാസ ശമ്പള ശരാശരി 44,776 രൂപ വരേണ്ടതാണെങ്കിലും ഇപിഎഫ്ഒ 38,795 രൂപ മാത്രമാണു കണക്കാക്കിയത്.
ഇതിനെതിരെ ഇപിഎഫ്ഒയെ സമീപിച്ചെങ്കിലും കുടിശിക തുക ഒറ്റത്തവണ ആയാണ് അടച്ചതെന്നും ഇതു പരിഗണിക്കണമെങ്കിൽ വൈകി പണമടച്ചതിനു പിഎഫ് നിയമത്തിലെ 7ക്യൂ പ്രകാരം തൊഴിലുടമ പലിശയും പിഴയും അടയ്ക്കണമെന്നുമായിരുന്നു മറുപടി. എന്നാൽ, ഒന്നിച്ചു പിഎഫ് വിഹിതം അടയ്ക്കേണ്ടിവന്നതു ശമ്പളപരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നൽകേണ്ടി വന്നതിനാലാണെന്നും തങ്ങളുടെ പിഴവു മൂലമല്ലാത്തതിനാൽ പലിശ അടയ്ക്കേണ്ട ബാധ്യതയില്ലെന്നും തൊഴിലുടമ വ്യക്തമാക്കി. കുടിശികയുടെ പ്രതിമാസ വിഹിതത്തിന്റെ കണക്കു തയാറാക്കി തൊഴിലുടമ ഇപിഎഫ്ഒയിൽ സമർപ്പിക്കുകയും ചെയ്തു.
ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി ശമ്പള കുടിശികയ്ക്കുൾപ്പെടെ ബാധകമായ പിഎഫ് വിഹിതം ഇപിഎഫ്ഒ സ്വീകരിച്ചിട്ടുണ്ടെന്നതു വ്യക്തമാണെന്നും ഇതു പ്രകാരമുള്ള പെൻഷൻ നിഷേധിക്കാനാവില്ലെന്നും നിരീക്ഷിച്ചു. പെൻഷൻ കണക്കാക്കുമ്പോൾ ചില മാസങ്ങളിലെ ശമ്പളം ഇപിഎഫ്ഒ വെട്ടിക്കുറച്ചതിനു പ്രഥമദൃഷ്ട്യാ ന്യായീകരണമില്ലെന്നും ചൂണ്ടിക്കാട്ടി. തൊഴിലുടമ പലിശയടച്ചില്ലെന്ന കാരണം പറഞ്ഞ് ജീവനക്കാരന്റെ പെൻഷൻ വെട്ടിക്കുറയ്ക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി 2 മാസത്തിനകം പുതുക്കിയ പെൻഷൻ ഓർഡർ അനുവദിക്കണമെന്നും ഉത്തരവിട്ടു.