ട്രഷറി: 25 ലക്ഷം വരെ പാസാക്കാം; നിലവിലെ 5 ലക്ഷം രൂപ പരിധിയിൽ ഇളവ്
Mail This Article
തിരുവനന്തപുരം ∙ ട്രഷറിയിൽ 6 മാസത്തോളമായി തുടരുന്ന കടുത്ത നിയന്ത്രണത്തിൽ സർക്കാർ നേരിയ ഇളവു വരുത്തി. ഇനി 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറാം. ഇതുവരെ 5 ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്കുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൽനിന്നു പ്രത്യേക അനുമതി വേണമായിരുന്നു. 5 ലക്ഷത്തിലേറെയുള്ള ഒട്ടേറെ ബില്ലുകൾ കെട്ടിക്കിടക്കുന്നതു കണക്കിലെടുത്താണ് ഇവ വേഗം പാസാക്കുന്നതിനായി ഇളവ് അനുവദിച്ചത്.
ജനുവരി–മാർച്ച് പാദത്തിലെ കടമെടുപ്പിനുള്ള കേന്ദ്രാനുമതി സംസ്ഥാനത്തിനു കിട്ടുമെന്നതു കൂടി കണക്കിലെടുത്താണ് കൂടുതൽ പണം ചെലവിടാൻ സർക്കാർ തയാറാകുന്നത്. അതേസമയം, സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ സ്ഥാപനങ്ങൾ ട്രഷറിയിൽ സ്ഥിരനിക്ഷേപമായി സൂക്ഷിക്കുന്ന തുകയിൽനിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 25 കോടി രൂപയിൽനിന്നു 10 കോടിയായി കുറച്ചു. പൊതുജനങ്ങളുടെ സ്ഥിരനിക്ഷേപം പിൻവലിക്കുന്നതിനു നിയന്ത്രണമില്ല.