മലയാള, തമിഴക സംഗമവേദിയായി വൈക്കം; തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ഇന്ന്
![vaikom-thanthai-periyar വൈക്കം വലിയകവലയിലെ സ്മാരകത്തിലെ തന്തൈ
പെരിയാർ പ്രതിമ.](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/12/11/vaikom-thanthai-periyar.jpg?w=1120&h=583)
Mail This Article
വൈക്കം ∙ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10നു നടക്കുമ്പോൾ വൈക്കം കേരള, തമിഴ്നാട് സർക്കാരുകളുടെ സംഗമവേദിയാകും. സ്മാരകത്തിന്റെയും ഇതിനോടനുബന്ധിച്ചുള്ള ലൈബ്രറിയുടെയും ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. വൈക്കം വലിയ കവലയിൽ 84 സെന്റിലാണു തന്തൈ പെരിയാർ സ്മാരകം. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്. ഉദ്ഘാടനം സ്മാരക മണ്ഡപത്തിലും സമ്മേളനം വൈക്കം ബീച്ചിലുമാണു നടക്കുക.
-
Also Read
വൈദ്യുതി ലൈനിലേക്ക് കൂറ്റൻ മരം വീണു
തമിഴ്നാട്ടിലെ 3 മന്ത്രിമാരും കേരളത്തിലെ 2 മന്ത്രിമാരും ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും അടക്കം പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നതു തമിഴ്നാടാണ്. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടികളുടെ സമാപനവും ഇതോടൊപ്പം നടക്കും. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി 2023 ഏപ്രിൽ ഒന്നിന് ഇരുമുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു.
തമിഴ്നാട്ടിൽനിന്ന് എത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് ആ വേദിയിലാണു സ്റ്റാലിൻ പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാർ വിഷയം അടക്കം ഇരുസംസ്ഥാനങ്ങളും രണ്ടു തട്ടിൽ നിൽക്കുന്ന ഈ സമയത്ത് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ ഒരേ വേദിയിൽ എത്തുന്നതു രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. എം.കെ.സ്റ്റാലിൻ ഇന്നലെ ഉച്ചയോടെ കുമരകത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയനും രാത്രിയോടെ കുമരകത്ത് എത്തിച്ചേർന്നു.