ചോദ്യക്കടലാസുകൾ ചോരുന്നുണ്ട്: സമ്മതിച്ച് വിദ്യാഭ്യാസ വകുപ്പ്

Mail This Article
കോഴിക്കോട്∙ പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിധത്തിൽ സ്കൂൾ പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ഉദ്യോഗസ്ഥർ അടങ്ങുന്ന റാക്കറ്റ് ചോർത്തുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണമോ ഗൗരവമായ പൊലീസ് അന്വേഷണമോ വേണമെന്നും വകുപ്പ് ശുപാർശ ചെയ്തു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽനിന്നു സർക്കാരിനു കത്തു നൽകി. പഠന നിലവാരത്തെ തന്നെ അട്ടിമറിക്കുന്ന സംഭവമായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവതരമായ ഇടപെടൽ ഇതുവരെ ഉണ്ടായിട്ടില്ല. വിവരാവകാശ നിയമപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.
സ്കൂളുകളിലെ കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷ മുതലുള്ള പരീക്ഷകളിലാണ് ചോദ്യക്കടലാസുകൾ വ്യാപകമായി ചോർന്നിരിക്കുന്നത്. എല്ലാ വിഷയങ്ങളുടെയും പരീക്ഷകൾക്കു മുൻപായി ചില ഓൺലൈൻ, യുട്യൂബ് ചാനലുകളിൽ ചോദ്യങ്ങൾ പുറത്തുവിടുന്ന വിഡിയോകൾ വരുന്നുവെന്നും ചോദ്യക്കടലാസ് ചോർത്തിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും വിദ്യാഭ്യാസ വകുപ്പിനു മുന്നിൽ പരാതികൾ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ചോദ്യക്കടലാസുകൾ ചോരുന്നതായി സ്ഥിരീകരിച്ചത്.
ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്കു ചോർത്തിക്കൊടുക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിൽ നിന്നല്ല ചോരുന്നത്. സൈബർ ക്രൈം ആകാനുള്ള സാധ്യത കൂടി പരിശോധിക്കണം. വിദ്യാഭ്യാസ ഓഫിസർമാർ നടത്തുന്ന അന്വേഷണങ്ങൾക്കു പരിമിതിയുണ്ട്. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരുന്നു.
ഇന്നലെയും ചോദ്യം ചോർന്നെന്നു പരാതി
തിരുവനന്തപുരം/മലപ്പുറം∙ സംസ്ഥാന സിലബസ് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ വീണ്ടും ചോർന്നതായി പരാതി. പരീക്ഷ നടക്കുന്നതിനു തലേദിവസം ഒരു ഓൺലൈൻ ട്യൂഷൻ ചാനലിലൂടെ ഒട്ടുമിക്ക ചോദ്യങ്ങളും ക്രമം പോലും തെറ്റാതെ പുറത്തായെന്നാണു പരാതി. അടുത്ത ദിവസത്തെ പരീക്ഷയ്ക്കു വരുന്ന ചോദ്യങ്ങൾ പ്രവചിക്കുന്നു എന്ന പേരിലാണ് വിഡിയോ. പതിനായിരക്കണക്കിനു പേരാണ് ഈ വിഡിയോകൾ കണ്ടിരിക്കുന്നത്.