കാലഹരണപ്പെട്ട ഉത്തരവ് മറയാക്കി പിആർഡിയുടെ വഴിവിട്ട സഹായം

Mail This Article
ആലപ്പുഴ ∙ കാലഹരണപ്പെട്ട ഉത്തരവിന്റെ മറവിൽ ഇവന്റ് മാനേജ്മെന്റ് ഏജൻസികൾക്ക് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (പിആർഡി) വഴിവിട്ട സഹായം. സ്റ്റേജ് അലങ്കാര ജോലികൾ ചെയ്യാൻ ഏജൻസികളെ എംപാനൽ ചെയ്ത് ഒരു വർഷ കാലാവധിയിൽ 2020ൽ ഇറക്കിയ ഉത്തരവ് പുതുക്കാതെ ഇപ്പോഴും തുടരുകയാണ്. ഈ ഉത്തരവ് അടിസ്ഥാനമാക്കി 4 വർഷമായി സർക്കാർ പരിപാടികളുടെ സ്റ്റേജ് അലങ്കാര ജോലികൾ 6 ഏജൻസികളുടെ കുത്തകയാണ്. ഇതിൽ വകുപ്പിലെ ഉന്നതരുടെ ഇഷ്ടക്കാരായ 2 ഏജൻസികൾക്കാണു മിക്ക ജോലികളും കിട്ടുന്നതെന്നും ആക്ഷേപമുണ്ട്.
യു.വി.ജോസ് വകുപ്പു ഡയറക്ടർ ആയിരിക്കെ 2020 ജൂലൈയിലാണ് സ്റ്റേജ് അലങ്കാര ജോലികൾക്ക് ഏജൻസികളെ എംപാനൽ ചെയ്തും നിരക്കുകൾ നിശ്ചയിച്ചും ഉത്തരവിറക്കിയത്. ഇ ടെൻഡർ വിളിച്ചപ്പോൾ പങ്കെടുത്ത 7 ഏജൻസികളിൽ ആറും പാനലിൽ ഇടംപിടിച്ചു. അതിൽ നാലെണ്ണം തിരുവനന്തപുരത്തു നിന്നും രണ്ടെണ്ണം കൊച്ചിയിൽ നിന്നുമാണ്. എന്നാൽ, എല്ലാ ജില്ലയിലും ഇവരുടെ സേവനം നിശ്ചിത നിരക്കുകളിൽ പ്രയോജനപ്പെടുത്തണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.
എംപാനൽ സമ്പ്രദായത്തിന്റെ മറവിൽ സ്റ്റേജ് അലങ്കാര ജോലികൾ കുത്തകയാക്കിയതിനു പുറമേ ഉത്തരവിന്റെ കാലാവധി കഴിഞ്ഞിട്ടും ഇതേ ഏജൻസികളെ തുടരാൻ അനുവദിച്ചിരിക്കുകയാണ്. ഇതുമൂലം മറ്റ് ഏജൻസികൾക്കൊന്നും സർക്കാരിന്റെ ഇത്തരം ജോലികൾ ലഭിക്കുന്നില്ല. പിആർഡി എംപാനൽ പട്ടികയുടെ അടിസ്ഥാനത്തിലാണു മറ്റു വകുപ്പുകളും സ്റ്റേജ് അലങ്കാര ജോലികൾ ഏൽപിക്കുന്നത്. സ്റ്റേജ് അലങ്കാരത്തിനു പുറമേ മറ്റു പല പരസ്യ പ്രചാരണ ജോലികൾക്കും പിആർഡി പിന്തുടരുന്നതു കാലഹരണപ്പെട്ട എംപാനൽ പട്ടികകളാണ്. ഭരണമാറ്റം ഉണ്ടാകാതിരുന്നതു സൗകര്യമാക്കിയാണു പാനൽ പുതുക്കുന്നത് ഒഴിവാക്കിയതെന്നും വകുപ്പിലെ ഉന്നതരാണ് ഇടപെട്ടതെന്നും ആരോപണമുണ്ട്.