ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വകയിൽ വ്യോമസേന ബിൽ അയച്ചതിനെച്ചൊല്ലിയുള്ള തർക്കം തുടരുന്നു. പണം കേരളം അടയ്ക്കേണ്ടിവരില്ലെന്നും പ്രതിരോധ വകുപ്പിന്റെ സാധാരണ നടപടിക്രമത്തിന്റെ ഭാഗമായ നീക്കുപോക്ക് മാത്രമാണെന്നും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ പറഞ്ഞു. എന്നാൽ, കേരളം പണം അടയ്ക്കണമെന്നും പിന്നീട് തിരിച്ചുതരുമെന്നും തന്നെയാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചതെന്നു സർക്കാർ വിശദീകരിക്കുന്നു.

ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വ്യോമസേനയുടെ ബില്ലുകൾ സംസ്ഥാനം അടയ്ക്കണമെന്നും ഈ തുക പിന്നീടു തിരിച്ചു തരുമെന്നും വ്യക്തമാക്കിയത്. വ്യോമസേന ഒക്ടോബറിൽ ചീഫ് സെക്രട്ടറിക്ക് പണം ആവശ്യപ്പെട്ടു കത്തയച്ചശേഷം നവംബർ 24ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ആഭ്യന്തരമന്ത്രാലയത്തിനു നൽകിയ കത്തിൽ ഇതെക്കുറിച്ചു പരാമർശിക്കുന്നുമുണ്ട്.

അടച്ചശേഷം തിരിച്ചുനൽകുന്നതിനു പകരം ആഭ്യന്തരമന്ത്രാലയത്തിൽനിന്നു നേരിട്ടു വ്യോമസേനയ്ക്കു പണം കൊടുത്തുകൂടേ എന്നു കത്തിലൂടെ അഭ്യർഥിച്ചെങ്കിലും കേന്ദ്രം മറുപടി നൽകിയില്ല.

ഈ സാഹചര്യത്തിലാണു വ്യോമസേനയുടെ ബിൽ സംസ്ഥാന സർക്കാരും സിപിഎമ്മും കേന്ദ്രത്തിനെതിരെ ആയുധമാക്കുന്നത്. 2006 മുതൽ വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരിതാശ്വാസം വരെയുള്ള പ്രവർത്തനങ്ങൾക്കായി 132 കോടി രൂപയാണു വ്യോമസേന ആവശ്യപ്പെട്ടത്. വയനാടിന് ഒരു ധനസഹായവും നൽകാത്ത കേന്ദ്രം, വ്യോമസേനയുടെ ബിൽ കൂടി സംസ്ഥാനത്തിന്റെ തലയിൽ വച്ചുതരുന്നുവെന്നാണു കേരളത്തിന്റെ വാദം.

പൊതുവേ സംസ്ഥാന സർക്കാരുകൾ തന്നെയാണു വ്യോമസേന നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ബിൽ അടയ്ക്കാറുള്ളത്. എന്നാൽ, കേന്ദ്രം ‘റീ ഇംബേഴ്സ്’ ചെയ്യാമെന്ന് ഉറപ്പുനൽകിയ സാഹചര്യത്തിൽ അവർക്കു നേരിട്ടു കൊടുത്തുകൂടേ എന്നാണു കേരളം ചോദിക്കുന്നത്. 132 കോടി രൂപ ഒന്നിച്ചു നൽകേണ്ടിവരികയും, തിരികെ ലഭിക്കാൻ താമസിക്കുകയും ചെയ്താലുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണു കേരളം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, രക്ഷാദൗത്യത്തിനു വ്യോമസേന പണം ചോദിക്കുന്നതു കേരളത്തോടുള്ള വിവേചനമെന്ന പ്രചാരണം സിപിഎമ്മിന്റെ രാഷ്ട്രീയവേലയാണെന്നാണു ബിജെപി ആരോപണം. എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ ചട്ടമാണിതെന്നു വി.മുരളീധരൻ പറഞ്ഞു. ബിൽ സംസ്ഥാനം അടയ്ക്കേണ്ടിവരില്ല. വകുപ്പുകൾ തമ്മിൽ സേവനത്തിന്റെ ബില്ലുകൾ കൈമാറാറുണ്ട്. ഭാവിയിൽ അഴിമതി ആരോപണമടക്കം ഉണ്ടാകാതിരിക്കാൻ ചട്ടം പാലിച്ചേ മുന്നോട്ടുപോകാനാകൂ. ഉത്സവത്തിനു പൊലീസിനെ നിയോഗിച്ചാൽ ആഭ്യന്തരവകുപ്പ് ദേവസ്വം വകുപ്പിനു ബിൽ നൽകാറില്ലേയെന്നും മുരളീധരൻ ചോദിച്ചു.

തുക പെരുകിയത് അടയ്ക്കാത്തതിനാൽ


യഥാർഥത്തിൽ വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനു 13.65 കോടി രൂപയുടെ ബില്ലാണു വ്യോമസേന നൽകിയത്. 132 കോടിയിൽ ബാക്കി തുക 2006 മുതൽ കേരളം അടയ്ക്കാത്തതാണ്. കേന്ദ്രം ഹൈക്കോടതിയിൽ നൽകിയ ഉറപ്പ്, വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന്റെ ബില്ലിനെക്കുറിച്ചു മാത്രമാണ്. ബാക്കി തുക കേരളം അടച്ചാൽ മടക്കി നൽകാമെന്ന ഉറപ്പ് നൽകിയിട്ടില്ല.

English Summary:

Dispute over Air Force bill: Kerala challenges central over Indian air force rescue bill

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com