ഹേമ കമ്മിറ്റി: ഷാജി എൻ. കരുണിനെ മാറ്റിനിർത്തണം: ഇന്ദുലക്ഷ്മി

Mail This Article
തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ സംവിധായകനും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ഷാജി എൻ.കരുണും സംവിധായിക ഇന്ദുലക്ഷ്മിയും തമ്മിലുള്ള തർക്കം രൂക്ഷമായി. ഹേമ കമ്മിറ്റിയുടെ തുടർനടപടികളിൽനിന്ന് ഷാജി എൻ.കരുണിനെ മാറ്റിനിർത്തണമെന്ന് ഇന്ദുലക്ഷ്മി ആവശ്യപ്പെട്ടു. സിനിമാ നയരൂപീകരണ സമിതിയുടെ തലപ്പത്തേക്കുള്ള ഷാജി എൻ.കരുണിന്റെ നിയമനത്തിനെതിരെയും നേരത്തെ ഇന്ദുലക്ഷ്മി പ്രതികരിച്ചിരുന്നു. സമൂഹമാധ്യമത്തിലെ കുറിപ്പിനെതിരെ കെഎസ്എഫ്ഡിസി സംവിധായികയ്ക്കു നോട്ടിസ് അയച്ചിരുന്നു.
‘എത്ര പോസ്റ്റുകൾ വേണമെങ്കിലും ഇന്ദുലക്ഷ്മി എഴുതട്ടെ. സത്യം അറിയാനാണ് നിയമത്തിന്റെ വഴിയേ പോകുന്നത്’ – ഷാജി എൻ.കരുൺ പ്രതികരിച്ചു. ‘ഒരു കോടി മുതൽ മുടക്കി നിർമിച്ച സിനിമയാണ് ഇന്ദുലക്ഷ്മിയുടെ ‘നിള’ എന്ന ചിത്രം. പണം ചെലവാക്കിയ സ്ഥാപനത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല. വ്യക്തിയല്ല, സ്ഥാപനമാണു വലുത്’ – അദ്ദേഹം പറഞ്ഞു. വനിതാ സംവിധായകർക്കുള്ള കെഎസ്എഫ്ഡിസിയുടെ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായത്തോടെയാണ് ഇന്ദുലക്ഷ്മി തന്റെ ‘നിള’ എന്ന സിനിമ പൂർത്തിയാക്കിയത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയർമാൻ ഷാജി.എൻ.കരുൺ അടക്കമുളളവരെ വിമർശിച്ചിരുന്നു. തന്നെയും തന്റെ സിനിമയെയും ഷാജി എൻ.കരുൺ മനഃപൂർവം ടാർഗറ്റ് ചെയ്യുകയാണെന്നായിരുന്നു ആരോപണം.