വാഹനാപകടത്തിൽ നട്ടെല്ലിന് പരുക്ക്; കമിഴ്ന്നുപോയി ഇഖ്ബാലിന്റെ ജീവിതം

Mail This Article
ആലപ്പുഴ∙ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇഖ്ബാൽ 32 വർഷമായി കമിഴ്ന്നുകിടക്കുകയാണ്. 1992 ഫെബ്രുവരി 21ന് ഉണ്ടായ വാഹനാപകടമാണ് ഇഖ്ബാലിന്റെ ജീവിതത്തെ കട്ടിലിലേക്കു ചുരുക്കിയത്. നട്ടെല്ലിനേറ്റ പരുക്കുമൂലം അരയ്ക്കു താഴേക്കു തളർന്നു. ഇരിക്കാനോ മലർന്നു കിടക്കാനോ കഴിയില്ല. അന്നുമുതൽ കമിഴ്ന്നു കിടന്നാണു ജീവിതം. 27–ാം വയസ്സിലായിരുന്നു ഇഖ്ബാലിന്റെ ജീവിതം തകർത്ത ആ അപകടം.
ആലപ്പുഴയിൽ ഇറച്ചിവെട്ടു ജോലിയായിരുന്നു ഇഖ്ബാലിന്. കന്നുകാലികളെ വാങ്ങാൻ പുലർച്ചെ ആലപ്പുഴയിൽനിന്നു ചാലക്കുടിയിലേക്കു പുറപ്പെട്ട മിനിലോറി ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മാസങ്ങളോളം ആശുപത്രിയിൽ കിടന്നു. ആശുപത്രി വിട്ടിട്ടും ആ കിടപ്പിൽനിന്ന് എണീറ്റില്ല. സ്ഥിരമായുള്ള കിടപ്പുമൂലം അരക്കെട്ടിൽ രൂപപ്പെട്ട വ്രണങ്ങൾ ഭേദമായിട്ടില്ല. സ്ഥിരമായി കമിഴ്ന്നുകിടന്നു നട്ടെല്ലിനു വളവായി. കമഴ്ന്നു കിടന്നാണു ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും സഹായം വേണം.
അപകടം നടക്കുന്ന സമയത്ത് ഇഖ്ബാലിന്റെ ഇളയകുട്ടിക്ക് ഒന്നര വയസ്സേ ആയിരുന്നുള്ളൂ; മൂത്തയാൾക്ക് മൂന്നും. ഇഖ്ബാൽ കിടപ്പിലായതോടെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. ആശുപത്രിവാസവും ചികിത്സയും സാമ്പത്തികമായി തകർത്തു. പലരുടെയും സഹായത്താലാണ് ചികിത്സയും ജീവിതവും മുന്നോട്ടുപോകുന്നത്. ഭാര്യ സൗദ സ്കൂളിൽ പാചകത്തൊഴിലാളിയാണ്.