വിലമതിക്കാനാകാത്ത സമ്മാനം ആ കവർ

Mail This Article
മുംബൈയിൽ എന്റെ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു കവറുണ്ട്. ലോകം ആരാധിക്കുന്ന വിരലുകൾ പതിഞ്ഞൊരു കവർ. 2 വർഷം മുൻപ് എന്റെ വിവാഹ വാർഷികത്തിനു ഉസ്താദ് സാക്കിർ ഹുസൈൻ സമ്മാനമായി തന്നതാണ്. അപ്പോൾ കയ്യിലുള്ള ഒരു തുക കവറിലിട്ടു തന്നു. അതെന്റെ വിലമതിക്കാനാകാത്ത സ്വകാര്യ നിധിയാണ്.
-
Also Read
ഞാൻ പകർത്തിയ ജീവിതം; മരണമില്ലാത്ത സംഗീതം
കുട്ടിക്കാലത്തെപ്പോഴോ മനസ്സിൽ കയറിയ ആരാധനാവിഗ്രഹമാണ് അദ്ദേഹം. ഞാൻ ഗസലിന്റെ വഴിയിൽ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ ഭ്രമം കൂടി. സിത്താർ വാദകനായ പുർബയാൻ ചാറ്റർജിയുമായുള്ള വിവാഹത്തിനു ശേഷമാണ് ആരാധനാമൂർത്തിയെ അടുത്തു കണ്ടത്. ഭർത്താവുമായി ഏറെ വേദികൾ പങ്കിട്ടിട്ടുണ്ട് അദ്ദേഹം. പാടുമെന്നറിഞ്ഞതോടെ പിശുക്കില്ലാതെ പിന്തുണ തന്നു. എന്റെ ഒരു റെക്കോർഡിങ്ങിന് തബല വായിച്ചത് അവിശ്വസനീയമായിരുന്നു.
മുംബൈയിൽ ഞങ്ങൾ ഒരു സംഗീത വിദ്യാലയം നടത്തുന്നുണ്ട്. അതിന്റെ വാർഷികാഘോഷത്തിന് ഉസ്താദിനെയും ക്ഷണിച്ചിരുന്നു. വർളി നെഹ്റു സെന്ററിൽ ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം വിദ്യാർഥികൾ പാടിത്തുടങ്ങുമ്പോഴേക്കും എവിടെ നിന്നാണെന്നറിയാതെ ഉസ്താദ് എത്തി. തബല കയ്യിലെടുത്തു. അദ്ദേഹം ഇന്ത്യയിലില്ല എന്നറിയാവുന്ന ഞങ്ങൾ വിശ്വസിക്കാനാകാതെ നിൽക്കുമ്പോൾ ഉസ്താദ് വിശദീകരിച്ചു: ‘‘എയർപോർട്ടിൽ നിന്ന് നേരെ ഇങ്ങോട്ടു പോന്നു’’.
ഗായകൻ ശങ്കർ മഹാദേവന്റെ ഫ്ലാറ്റിൽ വിനായക ചതുർഥി ദിവസം നടന്ന ഒരു സംഗീത സദസ്സും ഓർമയിലെത്തുന്നു. ആരും പ്രതീക്ഷിക്കാതെ ഉസ്താദ് വന്നു. ശാരീരികാവശതകൾ വകവയ്ക്കാതെ ഒരു രാത്രി മുഴുവൻ സംഗീത സദസ്സിൽ പങ്കെടുക്കുകയും ചെയ്തു. ഹിന്ദുസ്ഥാനി സംഗീത രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുത്ത വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാമെന്നൊരു വാഗ്ദാനം ബാക്കി നിൽക്കുന്നുണ്ട്. അത്ഭുതങ്ങൾ കാണിക്കാൻ ഉസ്താദ് ഇനി വരില്ലെന്നറിയാം. പരിചയപ്പെട്ടതിനു ശേഷമുള്ള ചുരുങ്ങിയ കാലയളവിൽ അർഹിക്കുന്നതിലുമധികം സ്നേഹവും വാത്സല്യവും തന്നിട്ടുണ്ട്. ഇനിയുള്ള സംഗീത യാത്രയിൽ അതുമതിയാകും.
വേദനിപ്പിക്കുന്ന ഈ വാർത്ത വന്നപ്പോൾ ഞാൻ ആദ്യം പോയി തൊട്ടത് ആ കവറാണ്. ഇനിയുള്ള കാലവും ആ കവർ അവിടെയുണ്ടാകും. ആ സമ്മാനം വിലമതിക്കാനാകാത്തതാണ്.