ഞാൻ പകർത്തിയ ജീവിതം; മരണമില്ലാത്ത സംഗീതം

Mail This Article
17 വർഷം മുൻപാണ് ഉസ്താദ് സാക്കിർ ഹുസൈനൊപ്പം ചെന്നൈയിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോ ആയിരുന്നു അത്. ശിവമണി, മാൻഡലിൻ വാദകൻ അന്തരിച്ച യു.ശ്രീനിവാസ് എന്നിവരും ആ ഷോയിൽ പങ്കെടുത്തിരുന്നു. സാക്കിർ ഹുസൈനൊപ്പം ഷോ അവതരിപ്പിച്ചതോടെയാണ് ഇന്ത്യയിൽ ഞാൻ അറിയപ്പെടാൻ തുടങ്ങിയത്.
-
Also Read
വിലമതിക്കാനാകാത്ത സമ്മാനം ആ കവർ
പ്രിയഗായകൻ ഹരിഹരനും ഞാനും അദ്ദേഹത്തോടൊപ്പം ഒന്നര ആഴ്ച ഓൾ ഇന്ത്യ ടൂർ നടത്തിയിരുന്നു. യാത്രകളിൽ അദ്ദേഹത്തിനു സഹായത്തിന് ആരും വേണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങൾ, എളിമ, മറ്റുള്ളവരോടുള്ള ആദരം, സ്നേഹം ഇതെല്ലാം അടുത്തറിയാനും ഒരുപാടു കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. അദ്ദേഹത്തിന്റെ ശൈലികൾ ഞാൻ ജീവിതത്തിലേക്ക് ആവാഹിച്ചിട്ടുണ്ട്. നേരിട്ട് കണ്ട് അദ്ദേഹത്തിൽനിന്ന് ഏറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. തബലയിൽ സാക്കിർ ഹുസൈൻ എന്താണോ അതുപോലെ കീറ്റാറിൽ (KEYTAR) സ്വയം വളരാൻ ശ്രമിക്കണമെന്ന് ഞാൻ സംഗീതലോകത്ത് എത്തിയപ്പോൾ എന്റെ ഗുരുനാഥൻ എന്നോടു പറഞ്ഞിരുന്നു.
ജനങ്ങൾ സ്റ്റേജ് ഷോ ആസ്വദിക്കാൻ എത്തുമ്പോൾ അതിൽ ചെറിയ തമാശകൾ ഉണ്ടാവുന്നതു നല്ലതാണെന്ന് ഞാൻ അദ്ദേഹത്തിൽനിന്നാണ് പഠിച്ചത്. 20 പരിപാടികൾ അദ്ദേഹത്തിനൊപ്പം ചെയ്തു. സംഗീതജ്ഞൻ എങ്ങനെ ആയിരിക്കണമെന്ന് അദ്ദേഹം നമുക്കു മുൻപിൽ ജീവിച്ചു കാണിച്ചു. ഇന്ത്യൻ സംഗീതം ലോകസംഗീതമാക്കി മാറ്റിയത് അദ്ദേഹമാണ്. സാക്കിർ ഹുസൈനെന്ന ഭൗതികശരീരം ഇല്ലാതായെങ്കിലും അദ്ദേഹത്തിന്റെ സംഗീതം ലോകമുള്ള കാലത്തോളം ഉണ്ടാകും.