തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു ഹാജരായി

Mail This Article
നെടുമങ്ങാട് (തിരുവനന്തപുരം) ∙ തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു എംഎൽഎ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി. വിചാരണ 23ന് ആരംഭിക്കും. വർഷങ്ങളായി മുടങ്ങിക്കിടന്ന കേസിന്റെ വിചാരണ ഉടൻ ആരംഭിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനെത്തുടർന്നാണ്, കേസിലെ പ്രതികളായ ആന്റണി രാജുവും കോടതി മുൻ ജീവനക്കാരൻ ജോസും ഹാജരായത്. കേസ്, ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കോടതിയുടെ പരിധിയിൽ വരുന്നതാണെന്നു ആന്റണി രാജുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്ന് ഹർജി നൽകാൻ കോടതി നിർദേശിച്ചു.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകനായ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്നു പ്രതി കേസിൽനിന്നു രക്ഷപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഈ സംഭവം പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെത്തുടർന്ന്, 1994 ൽ കേസ് റജിസ്റ്റർ ചെയ്തു. കുറ്റപത്രം സമർപ്പിച്ചത് 13 വർഷം കഴിഞ്ഞാണ്. മുപ്പതിലധികം തവണ കേസ് മാറ്റി വച്ചു. ഒരു വർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെത്തുടർന്നാണ് നടപടി.