കേന്ദ്രനിർദേശം; കാസർകോട് ചീമേനിയിൽ ആണവനിലയം, പദ്ധതിക്ക് വേണ്ടത് 105 ഏക്കർ ഭൂമി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവനിലയം സ്ഥാപിക്കുകയാണ് പോംവഴിയെന്നു കേന്ദ്ര വൈദ്യുതിമന്ത്രി മനോഹർലാൽ ഖട്ടർ. നിലയം സ്ഥാപിക്കാൻ ഏറ്റവും യോജിച്ച സ്ഥലം കാസർകോട് ചീമേനിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരെ അദ്ദേഹം അറിയിച്ചു.
150 ഏക്കർ ഭൂമി കണ്ടെത്തിയാൽ നിലയം സ്ഥാപിക്കാൻ അനുമതി നൽകും. ഇതിനായി തൃശൂർ അതിരപ്പിള്ളിയിലും ചീമേനിയിലും സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ, അതിരപ്പിള്ളിയിൽ വലിയ ടൂറിസം പദ്ധതി നടപ്പാക്കാൻ പോകുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ആണവനിലയം സ്ഥാപിച്ചാൽ ഒന്നര കിലോമീറ്റർ ബഫർ സോണിനുള്ളിൽ ടൂറിസം ഉൾപ്പെടെ വലിയ പദ്ധതികൾ പാടില്ലെന്നു വ്യവസ്ഥയുള്ളതിനാലാണ് ചീമേനി പരിഗണിക്കുന്നത്.
കേരളത്തിലെ തോറിയം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ സംസ്ഥാനത്തിനു പുറത്തു നിലയം സ്ഥാപിക്കാൻ സഹായിക്കണമെന്നും അതിൽനിന്നു കേരളത്തിന് അർഹമായ വൈദ്യുതി വിഹിതം അനുവദിക്കണമെന്നുമാണ് സംസ്ഥാന വൈദ്യുതി വകുപ്പ് കേന്ദ്രമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ
∙ 2025 മാർച്ച് – ജൂൺ മാസങ്ങളിൽ എൻടിപിസി താൽച്ചർ നിലയത്തിൽനിന്നുള്ള വൈദ്യുതി വിഹിതം ഇപ്പോഴത്തെ വിലയിൽ തന്നെ 400 മെഗാവാട്ടായി ഉയർത്തുകയും 5 വർഷം ലഭ്യമാക്കുകയും വേണം.
∙ എൻടിപിസി ബാർ നിലയത്തിൽ നിന്നു 2025 മാർച്ച് വരെയുള്ള 177 മെഗാവാട്ട് വൈദ്യുതി വിഹിതം ജൂൺ വരെ നീട്ടണം. ഏപ്രിൽ, മേയ് മാസങ്ങളിൽ ഈ വിഹിതം 400 മെഗാവാട്ട് ആയി ഉയർത്തണം.
∙ രാജസ്ഥാൻ അറ്റോമിക് പവർ സ്റ്റേഷനിൽ നിന്ന് 350 മെഗാവാട്ട് മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കണം.
∙ ബാറ്ററിയിൽ വൈദ്യുതി സംഭരിക്കുന്ന ബെസ് സംവിധാനം, പമ്പ്ഡ് സ്റ്റോറേജ്, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്ക് കുറഞ്ഞത് മൊത്തം നിക്ഷേപത്തിന്റെ 40% വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കണം.
∙ വിദേശ ബാങ്കുകളിൽ നിന്നു കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കാൻ അവസരമൊരുക്കണം.
കരാർ പുനഃസ്ഥാപനം: നോക്കട്ടെയെന്ന് മന്ത്രി
തിരുവനന്തപുരം ∙ സംസ്ഥാനത്തിന് 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന 4 ദീർഘകാല കരാറുകൾ റദ്ദാക്കിയ നടപടിയിൽ കേന്ദ്രത്തിന് ഇടപെടാനാകുമോയെന്നു പരിശോധിക്കുമെന്നു കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. കരാർ റദ്ദാക്കിയതിനെതിരായ അപ്പീൽ വൈദ്യുതി അപ്‌ലറ്റ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. കരാർ പുനഃസ്ഥാപിക്കാൻ കേന്ദ്രം ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.