പാലക്കാട്ടെ മൂന്നാം സ്ഥാനം സംഘടനാവീഴ്ച: എ.കെ.ബാലൻ

Mail This Article
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതിനു കാരണം സിപിഎമ്മിന്റെ സംഘടനാവീഴ്ചയും ദൗർബല്യവുമെന്നു തുറന്നടിച്ച് കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. പാലക്കാട് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന സിപിഎം പാലക്കാട് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രചാരണത്തിന്റെ മുഖ്യചുമതല കൂടിയുണ്ടായിരുന്ന ബാലന്റെ വിമർശനം.
പാലക്കാട്ടെ സംഘടനാപരമായ വീഴ്ച കാലങ്ങളായുള്ളതാണ്. ഉപതിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നാം സ്ഥാനത്തു നിന്ന് രണ്ടാമത് എത്തുമെന്നായിരുന്നു വിലയിരുത്തൽ. അതിനു പറ്റിയ സ്വതന്ത്ര സ്ഥാനാർഥി, ശക്തമായ പ്രചാരണം, ആവശ്യത്തിന് ഫണ്ട് ഇതെല്ലാം നൽകിയിട്ടും രണ്ടാമതെത്തിയില്ല. ഒന്നുകൂടി ആഞ്ഞുപിടിച്ചാൽ 2000 – 2500 വോട്ട് കൂടി പിടിച്ച് വലിയ അപമാനത്തിൽ നിന്നു കരകയറാൻ സിപിഎമ്മിനു സാധിക്കുമായിരുന്നു. എം.വി.ഗോവിന്ദൻ കമ്മിഷൻ റിപ്പോർട്ടിലും പാലക്കാട്ടെ സംഘടനാ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതും നടപ്പാക്കിയില്ല. സിപിഎമ്മിനു സംഭവിച്ച രാഷ്ട്രീയപരമായ വലിയ അബദ്ധമാണു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മൂന്നാം സ്ഥാനം. മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ സിപിഎമ്മിനു വോട്ട് തന്നിട്ട് എന്തിനു ബിജെപിയെ ജയിപ്പിക്കണം എന്ന തോന്നലുണ്ടായി.