വാസ്വേട്ടൻ

Mail This Article
വാസ്വേട്ടനെ ഞാൻ ആദ്യം കണ്ടത് എന്നാണ്? അതോർമയില്ല. എന്റെ ഓർമയ്ക്കും അപ്പുറത്തുള്ള ഓർമയാണത്. എന്നാൽ അദ്ദേഹം എന്നെ എന്റെ ജനനംതൊട്ട് കണ്ടുതുടങ്ങിയിരുന്നു. അദ്ദേഹം സ്വന്തം മകളെക്കാൾ മുൻപ് എടുത്തും നടത്തിയും ഓമനിച്ചതും എന്നെയായിരുന്നുവെന്ന് എനിക്കറിയാം.
ബഷീർ സമ്പൂർണകൃതികൾക്കെഴുതിയ ആമുഖത്തിൽ എംടി അവതരിപ്പിക്കുന്ന ഭ്രാന്തമായ ഒരു ബഷീർക്കാഴ്ചയുണ്ട്. ഒരുപക്ഷേ മറ്റാരും അവതരിപ്പിച്ചിട്ടില്ലാത്തത്ര ഭയാനകമായ ഒരു കുടുംബചിത്രം. വൈലാലിൽ വീട്ടിൽ ഭ്രാന്തിളകി കഠാരയുമായി അദൃശ്യശക്തികളുമായി ഏറ്റുമുട്ടാൻ തയാറായി നിൽക്കുന്ന റ്റാറ്റയെക്കുറിച്ചുള്ളതാണത്. ഭ്രാന്തിന്റെ നേർക്കാഴ്ച കാണാനായി വീടിനുചുറ്റും കൂടിയ നാട്ടുകാർ. അവരുടെ കാഴ്ചയിൽ, വീട്ടിനകത്ത് കശാപ്പു ചെയ്യപ്പെടാമെന്ന പ്രതീതിയിൽ ഉമ്മച്ചിയും ഞാനുമടക്കമുള്ള മനുഷ്യജീവികൾ. പുനലൂർ രാജൻ എത്തിച്ചേർന്നിട്ടുണ്ട്. ആ രംഗത്തിലേക്ക് വാസ്വേട്ടനും പട്ടത്തുവിളയും പുതുക്കുടി ബാലേട്ടനും ഇരുട്ടത്ത് വീടിന്റെ മുററത്തേക്ക് കയറി വരുന്നത് ഒരു ചലച്ചിത്രക്കാഴ്ചപോലെ വർണിക്കപ്പെട്ടിട്ടുണ്ട്.
റ്റാറ്റയെ തന്ത്രപൂർവ്വം ബന്ധനസ്ഥനാക്കി ഭ്രാന്താശുപത്രിയിലെത്തിക്കാനായി സ്വയം നിയോഗിക്കപ്പെട്ട മനുഷ്യരാണവർ. കഠാരവീശലിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട രംഗം വാസ്വേട്ടൻ ഒട്ടും നിറക്കൂട്ടുകളില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ പ്രധാന ജീവിതസന്ദർഭങ്ങളിലൊക്കെയും കരുണയുടെയും ആശീർവാദത്തിന്റെയും നേരിട്ടുള്ള ഇടപെടലുകളും തീരുമാനങ്ങളുമായി അദ്ദേഹം നിന്നു. ആദ്യമായി എനിക്ക് മൊബൈൽ ഫോൺ സമ്മാനിച്ചത് അദ്ദേഹമാണ്. ഭർത്താവിന്റെ മരണത്തിനു ശേഷം 16 വർഷം കഴിഞ്ഞ് ഒരു പുനർവിവാഹത്തിനുള്ള തീരുമാനമെടുത്തപ്പോഴും അദ്ദേഹം കൂടെയുണ്ടായി. അദ്ദേഹത്തിന്റെ പ്രിയസ്നേഹിതനായ എൻ.പി മുഹമ്മദിന്റെ ഇളയ മകനാണ് വരൻ എന്നത് വാസ്വേട്ടനെ ആഹ്ലാദിപ്പിച്ചു. ഒറ്റയായ ജീവിതത്തിന്റെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള വിവാഹത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് അദ്ദേഹം മുന്നോട്ടു സഞ്ചരിക്കാൻ ധൈര്യപ്പെടുത്തി.