ADVERTISEMENT

കൊച്ചി ∙ കോർപറേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചു ജനങ്ങൾക്കു പരാതികൾ ഉന്നയിക്കാനുള്ള സംവിധാനം സജ്ജമാക്കുമെന്നു മേയർ എം. അനിൽകുമാർ. കൗൺസിലിൽ ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മേയർ പറഞ്ഞു. ജനങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതു തുറന്നു പറയാനുള്ള സാഹചര്യം സൃഷ്ടിക്കും. പരാതികൾ, അതു ജീവനക്കാർക്കെതിരെയോ ജനപ്രതിനിധികൾക്കെതിരെയോ ആകാം. അതല്ലെങ്കിൽ കോർപറേഷനിൽനിന്ന് എന്തെങ്കിലും സേവനങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ടാകാം.

ജനങ്ങൾക്കുള്ള ഇത്തരം പരാതികൾ കേൾക്കാനായി കോർപറേഷനിലും അതിനു പുറത്തുമുള്ള ജുഡീഷ്യൽ സംവിധാനങ്ങളെയും പ്രയോജനപ്പെടുത്തി എല്ലാവർക്കും സമീപിക്കാൻ കഴിയുന്ന ഒരു സംവിധാനത്തിനു രൂപം നൽകും. കോർപറേഷനുള്ളിൽ വിജിലൻസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. അഴിമതി നടത്തുന്ന ഏതെങ്കിലും വ്യക്തികൾക്കെതിരെ പോരാടുന്നതിനു പകരം അതിനുള്ള സാധ്യത തന്നെയാണ് ഇല്ലാതാക്കേണ്ടത് – മേയർ പറഞ്ഞു. 
അഭിമുഖത്തിൽ നിന്ന്:

നാലു വർഷത്തെ പ്രവർത്തനത്തിൽ ഏറ്റവും വലിയ പ്രതിസന്ധി എന്തായിരുന്നു?

ബ്രഹ്മപുരം തീപിടിത്തവും ഒറ്റമഴയിൽത്തന്നെ വെള്ളക്കെട്ടാകുന്ന നഗരവും. ബ്രഹ്മപുരം തീപിടിത്തം മൂലമുണ്ടായ പ്രതിസന്ധി നേരിടാനുള്ള ധൈര്യമുണ്ടായിരുന്നു. പാർട്ടിയും സർക്കാരും ഒപ്പം നിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ മന്ത്രി എം.ബി.രാജേഷ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ് തുടങ്ങിയവർ പൂർണ പിന്തുണ നൽകി. പ്രതിസന്ധിയുണ്ടായെങ്കിലും പ്രശ്നം പരിഹരിക്കുമെന്നു ജനങ്ങൾക്കു പൂർണ വിശ്വാസമുണ്ടായിരുന്നു. മന്ത്രി എം.ബി. രാജേഷ് താഴേത്തട്ടിൽത്തന്നെ ഇറങ്ങി പ്രവർത്തിച്ചു പിന്തുണ നൽകി. മാലിന്യ സംസ്കരണത്തിലെ വികേന്ദ്രീകൃത മാതൃകയ്ക്കാണു മുൻതൂക്കം നൽകിയിരുന്നത്. ആ സമയത്തു തന്നെയാണു ബ്രഹ്മപുരത്തു തീപിടിത്തമുണ്ടാകുന്നതും. പ്രതിസന്ധിയുണ്ടായാലും അതിനെ മറികടക്കുന്നതിലാണു കരുത്ത്. അതിൽ വിജയിക്കാനായി.

കഴിഞ്ഞ 4 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണു വെള്ളക്കെട്ട് നമ്മളെ കൂടുതൽ ബാധിച്ചത്. അതിനെ മറികടക്കാനായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടർന്നു. ഇപ്പോൾ പെയ്യുന്ന മഴയിൽ നഗരത്തിൽ കാര്യമായി വെള്ളക്കെട്ടുണ്ടാകുന്നില്ലെന്നത് ആശ്വാസമാണ്. അതു കോർപറേഷന്റെ പ്രവർത്തനത്തിന്റെ വിജയമാണ്.

പ്രതിസന്ധിയ്ക്കൊപ്പം തന്നെ ബ്രഹ്മപുരം തീപിടിത്തം വലിയ അവസരം കൂടിയല്ലേ കോർപറേഷനു മുന്നിൽ തുറന്നത്. അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ലേ?

കൊച്ചി നഗരത്തിനു മുകളിൽ എപ്പോൾ വേണമെങ്കിലും പൊട്ടാമായിരുന്ന ഒരു ബോംബായിരുന്നു ബ്രഹ്മപുരം. ഇന്ന് ആ പ്രതിസന്ധിയെ ഒരു പരിധിവരെ നമുക്കു മറികടക്കാനായി. മാലിന്യ സംസ്കരണ രംഗത്ത് ഒരു ‘യുടേണാണ്’ നമ്മളെടുത്തത്. ആ മാറ്റങ്ങൾ ഇപ്പോൾ പ്രകടമാണ്. ബ്രഹ്മപുരം തീപിടിത്തം ഒരു പരിധി വരെ അതിനു കാരണമായി. അന്ന് തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കലക്ടർ എൻ.എസ്.കെ.ഉമേഷ്, അന്നത്തെ കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദിർ എന്നിവർ നൽകിയ പിന്തുണയും ബ്രഹ്മപുരം പ്രതിസന്ധിയെ മറികടക്കുന്നതിൽ നിർണായകമായി.

മേയറെന്ന നിലയിൽ 4 വർഷത്തിനിടയിലെ ഏറ്റവും വലിയ സന്തോഷം എന്താണ്?

ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’യാണ് ഏറ്റവും വലിയ സന്തോഷം. ലക്ഷക്കണക്കിനു പേരാണ് അവിടെനിന്നു ഭക്ഷണം കഴിച്ചത്. 90 പേർക്കു ജോലി കിട്ടി. ഒരാൾക്കു ജോലി കൊടുക്കാൻ കഴിയുന്നതാണു വലിയ കാര്യം. അവർക്കെല്ലാം മിനിമം വേതനവും ഉറപ്പാക്കി. സമൃദ്ധിയെ തകർക്കാനുള്ള വലിയ ശ്രമങ്ങൾ നടന്നു. പക്ഷേ, അതിനെയെല്ലാം മറികടന്നു. വനിതകൾക്കു താമസ സൗകര്യം നൽകുന്ന ഷീ ലോഡ്ജ്, എറണാകുളം മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്, ബ്രഹ്മപുരം പ്രതിസന്ധി മറികടന്നത്, മാലിന്യ സംസ്കരണ രംഗത്ത് യന്ത്രങ്ങൾ ലഭ്യമാക്കിയത്, ദേശീയ നൃത്തോത്സവമുൾപ്പെടെ നഗരത്തിലെ സാംസ്കാരിക രംഗത്തെ സജീവമാക്കിയത്… അങ്ങനെ ഒട്ടേറെ ചെറു സന്തോഷങ്ങളും.

അപ്പോൾ ഏറ്റവും വലിയ വിഷമം?

പല കാര്യങ്ങളിലും കൗൺസിലിന്റെ പൂർണ സഹകരണം ലഭ്യമാകുന്നതിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. പരിധി കടന്നുള്ള കക്ഷി രാഷ്ട്രീയം, പലതരം താൽപര്യങ്ങൾ, ഭൂരിപക്ഷമില്ലാതെ ഒരു ഭരണസമിതി മുന്നോട്ടു കൊണ്ടുപോകുന്നതു മൂലമുള്ള പ്രശ്നങ്ങൾ… ഇങ്ങനെ ഒട്ടേറെ പ്രതിസന്ധികളുണ്ട്. ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള സമീപനമാണു വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം. ജനങ്ങളുടെ സേവകരാണെന്ന തോന്നൽ ഇപ്പോഴും ഉദ്യോഗസ്ഥർക്കില്ല. ഇതു ഞങ്ങളുടെ അവകാശമാണെന്ന മട്ടിലാണ് ഉദ്യോഗസ്ഥർ കാര്യങ്ങളെ കാണുന്നത്. പ്രത്യേകിച്ചും താഴേത്തട്ടിൽ. വകുപ്പു മേധാവികൾ നന്നായി ജോലി ചെയ്യുന്നവരാണ്. എന്നാൽ താഴേത്തട്ടിൽ ഉദ്യോഗസ്ഥർക്കു മാറ്റമില്ല. അതാണ് ഇനി മറി കടക്കേണ്ട പ്രതിസന്ധി.

പല പ്രോജക്ടും കോർപറേഷന്റേതല്ല, എല്ലാം കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിന്റേതാണ് (സിഎസ്എംഎൽ) എന്ന ആക്ഷേപമുണ്ട്. എന്തു പറയുന്നു?

സമൃദ്ധി, ഷീ ലോഡ്ജ്, ദേശീയ നൃത്തോത്സവം, ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണത്തിനു നടപ്പാക്കിയ ഹീൽ പദ്ധതി, മാസ്റ്റർ പ്ലാൻ, സ്ട്രീറ്റ് വെൻഡിങ് പ്ലാൻ, സ്കൂൾ ലാബുകൾ, സ്പോർട്സ് ടർഫുകൾ, കലാകാരൻമാർക്ക് അവസരമൊരുക്കിയ ആർട്സ് സ്പേയ്സ് കൊച്ചി (ആസ്ക്), തുരുത്തിയിൽ നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതിയുടെ ഒരു ബ്ലോക്ക്, പള്ളുരുത്തിയിലെ മധുര കമ്പനി– കണ്ണങ്ങാട്ട് പാലം തുടങ്ങിയ പദ്ധതികളെല്ലാം കോർപറേഷന്റേതല്ലേ.

നഗരങ്ങളിൽ നിന്നു പിരിക്കുന്ന നികുതിയാണു കേന്ദ്ര സർക്കാരിന് ഏറ്റവും കൂടുതൽ ലഭിക്കുന്നത്. അതിലെ ഒരു വിഹിതം ലഭിക്കുകയെന്നതു നമ്മുടെ ഭരണഘടനാപരമായ അവകാശമാണ്. സിഎസ്എംഎൽ വരുന്നതിനു മുൻപു ജൻറം പദ്ധതിയുണ്ടായിരുന്നു. അതിനു മുൻപും കേന്ദ്ര സ്കീമുകളുണ്ടായിരുന്നു. എട്ടു മാസം മുൻപു വരെ കോൺഗ്രസിന്റെ ആക്ഷേപം സ്മാർട് സിറ്റി ഫണ്ട് ചെലവഴിക്കുന്നില്ലെന്നായിരുന്നു. എന്നാൽ ഇപ്പോൾ അവർ മാറ്റിപ്പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തുല്യവിഹിതമാണു സ്മാർട് സിറ്റി പദ്ധതിയിൽ ചെലവഴിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിർവഹിക്കുന്നതു കോർപറേഷനാണ്. എറണാകുളം മാർക്കറ്റുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളെല്ലാം പരിഹരിച്ചതു കോർപറേഷന്റെ ഇടപെടൽ മൂലമാണ്.

സ്മാർട് സിറ്റി പ്രോജക്ടുകൾ പൂർത്തിയാക്കാൻ കഴിഞ്ഞതു വലിയ നേട്ടമാണ്. ഈ പദ്ധതികൾ പൂർത്തിയാകുന്നതു രാഷ്ട്രീയ എതിരാളികളെ വേദനിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അവർ ആക്ഷേപമുന്നയിക്കുന്നത്. കോർപറേഷന്റെ സേവനങ്ങൾ മുഴുവൻ ഓൺലൈനായതുൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ അവർ കണ്ടില്ലെന്നു നടിക്കുന്നു.

കോർപറേഷനിൽ അഴിമതി വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. സ്ഥിരംസമിതി ചെയർമാൻമാരുടെ പേരു പറഞ്ഞു പണം പിരിക്കുന്നുവെന്ന് എൽഡിഎഫ് കൗൺസിലർ തന്നെ ആക്ഷേപം ഉന്നയിച്ചല്ലോ?

കൗൺസിലർമാരെയും സ്ഥിരസമിതിയെയും മുഴുവൻ നിയന്ത്രിച്ചു നിർത്താൻ ഒരു മേയർക്കും കഴിഞ്ഞിട്ടില്ല. അതിനു കഴിയില്ല. മുഖ്യമന്ത്രിയെ പോലെ വിപുലമായ അധികാരങ്ങളൊന്നും മേയർക്കില്ല. മേയർ എന്തുകാര്യം ചെയ്യുമ്പോഴും കൗൺസിലിന്റെ അനുമതി വാങ്ങണം. ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയാണെന്നു കൂടി ഓർക്കണം. അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ അതിനോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആക്ഷേപങ്ങൾ ഉയർന്നപ്പോൾത്തന്നെ അതേക്കുറിച്ചു വിജിലൻസ് അന്വേഷണത്തിനു നിർദേശിക്കുകയാണു ചെയ്തത്. മുനിസിപ്പൽ കോമൺ സർവീസ് വഴി വരുന്ന ഉദ്യോഗസ്ഥരാണു നഗര തദ്ദേശ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. തെറ്റായ കാര്യങ്ങൾ കണ്ടെത്തിയാലും അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ കോർപറേഷനു കഴിയാത്ത സ്ഥിതിയാണ്. പ്രഫഷനലായി കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ഒരു തദ്ദേശ സ്ഥാപനവും ഇതുവരെ ചിന്തിച്ചിട്ടില്ല. നഗരനയ കമ്മിഷന്റെ ഇടക്കാല റിപ്പോർട്ടിൽ ഇത്തരത്തിൽ ഗുണപരമായ ഒട്ടേറെ കാര്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.

ബ്രഹ്മപുരം ബയോമൈനിങ് കരാറുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിഭാഗം തന്നെ കോർപറേഷനു കോടികളുടെ നഷ്ടമുണ്ടായിയെന്നു വിലയിരുത്തി. കരാർ നൽകുന്ന ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?

ബയോമൈനിങ് കരാറുമായി ബന്ധപ്പെട്ടു കൂടുതൽ കാര്യങ്ങൾ ഒന്നും ചെയ്യാനില്ല. കൊച്ചി കോർപറേഷൻ, തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങി ഒട്ടേറെ ഏജൻസികളുടെ നിരീക്ഷണത്തിലാണു ബയോമൈനിങ് നടക്കുന്നത്. ദേശീയ സ്ഥാപനമായ നാഷനൽ എൻവയൺമെന്റൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (നീരി) കൂടി ഇതു പരിശോധിക്കുന്നുണ്ട്. ഇതു കൂടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണവുമുണ്ട്. ഇതിൽ കൂടുതൽ എന്താണു ചെയ്യുക?

ബയോമൈനിങ് ഇപ്പോൾ ശരിക്കു നടക്കുന്നുണ്ട്. ബ്രഹ്മപുരത്തു വലിയ മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിൽ വലിയ പാകപ്പിഴയുണ്ടെന്നു സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തെറ്റായ എന്തെങ്കിലും കാര്യങ്ങൾ കമ്പനിക്കു ലഭിച്ചിട്ടുണ്ടെങ്കിൽ അത് അവസാനിപ്പിക്കണം. പക്ഷേ, ടെൻഡർ നിബന്ധനകൾക്കു പുറത്തുള്ള കാര്യം പറഞ്ഞ്, അങ്ങനെ ചെയ്തിരുന്നെങ്കിൽ ലാഭമുണ്ടാകുമെന്ന് ഇപ്പോൾ പറയുന്നത് എങ്ങനെയാണു ശരിയാവുക.

നാലു കൊല്ലം മുൻപു മേയർ ചുമതലയേൽക്കുമ്പോഴും ഇപ്പോഴും കൊച്ചിയിൽ കൊതുകുകടിക്കു കുറവൊന്നുമില്ല. കൊതുകിനെ നേരിടുന്നതിൽ എന്തുകൊണ്ടാണു കോർപറേഷൻ പരാജയപ്പെടുന്നത്?

കൊതുകിന്റെ പ്രശ്നം പരിഹരിക്കണമെങ്കിൽ ശുചിമുറി മാലിന്യ സംസ്കരണ സംവിധാനം (എസ്ടിപി) പ്രധാനമാണ്. അതു നമുക്കില്ല. മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ നമ്മൾ ഏറെ മെച്ചപ്പെടേണ്ടതുണ്ട്. അതാണു കൊതുകിനെ തുരത്തുന്നതിലുള്ള വലിയ പ്രശ്നവും. നഗരത്തിലെ കാനകളുടെ നിർമാണം അശാസ്ത്രീയമാണ്. അതുകൊണ്ടുതന്നെ പലയിടത്തും വെള്ളം ശരിയായി ഒഴുകുന്നില്ല. നഗരത്തിൽ പല ഭാഗത്തും സ്ഥലങ്ങൾ കാടുപിടിച്ചു കിടക്കുന്നു. വീടിനകത്തെ മണിപ്ലാന്റിൽ പോലും കൊതുകു വളരുന്ന സാഹചര്യമുണ്ട്. പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച് സെന്ററിനെ (വിസിആർസി) കൊതുകു നിയന്ത്രണ പദ്ധതിയുമായി സഹകരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ അനുകൂലമായല്ല പ്രതികരിച്ചത്. കനാൽ പുനരുജ്ജീവനന പദ്ധതി നടപ്പായാൽ അതു വലിയ മാറ്റമാകും.

പക്ഷേ, കനാൽ പുനരുജ്ജീവന പദ്ധതി വളരെ മന്ദഗതിയിലാണല്ലോ?

ആ പദ്ധതിയുടെ സ്വഭാവം അങ്ങനെയാണ്. അതിൽ എസ്ടിപി പദ്ധതികളുണ്ട്. കനാലിന്റെ വീതി കൂട്ടലുണ്ട്. സർവേ ചെയ്യലുണ്ട്. ഒരു പ്രോജക്ട് തയാറാക്കുന്നതു തന്നെ ഒട്ടേറെ ഘടകങ്ങൾ ഉൾപ്പെട്ടതാണ്. വളരെ വലിയ ഫണ്ട് വേണ്ട പദ്ധതിയാണിത്. കിഫ്ബിയാണ് ഫണ്ടിൽ കുറച്ചു നൽകുന്നത്. ഘട്ടം ഘട്ടമായി മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. ഇപ്പോൾ തുടങ്ങിവച്ച് അടുത്ത കൗൺസിലിനും സർക്കാരിനും പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ കഴിയും.

സിഎസ്എംഎൽ പദ്ധതികൾ നടപ്പാക്കിയെന്നു പറയുമ്പോഴും പശ്ചിമ കൊച്ചിയിൽ 166 കോടി രൂപ ചെലവഴിച്ചു നടപ്പാക്കേണ്ടിയിരുന്ന എസ്ടിപി പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഏറ്റവും മോശമായ രീതിയിലാണു കലൂരിലെ അറവുശാലയുടെ പ്രവർത്തനം. കെഎസ്ആർടിസി സ്റ്റാൻഡ് അതീവ ശോചനീയമായി കിടക്കുന്നു. ഇതൊക്കെ പ്രശ്നമല്ലേ?

ഇഴഞ്ഞു നീങ്ങുകയായിരുന്ന സിഎസ്എംഎല്ലിന്റെ പല പ്രോജക്ടുകളും പൂർത്തിയാക്കുന്നതിനു പ്രാധാന്യം നൽകി. നഗരത്തിൽ ഇത്രയേറെ പ്രോജക്ടുകൾ പൂർത്തിയാക്കിയ മറ്റൊരു കാലമില്ല. പൊതുവിടങ്ങളുടെ നവീകരണത്തിനും പ്രാധാന്യം നൽകി. വൈരാഗ്യ ബുദ്ധിയോടെ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. കൗൺസിലർമാരുമായും എംപിയുമായും എംഎൽഎമാരുമായും സഹകരിച്ചു പ്രവർത്തിച്ചു. വയോജന സൗഹൃദ നഗരം, ഹാപ്പിനെസ് കൊച്ചി, ആർട്സ് സ്പേയ്സ് കൊച്ചി തുടങ്ങിയ ചില നൂതന പദ്ധതികൾ മുന്നോട്ടു വയ്ക്കാനായി.

പശ്ചിമ കൊച്ചിയിലെ എസ്ടിപി പദ്ധതി നടപ്പാക്കാനായില്ല. ആ പദ്ധതിക്കു വേണ്ടി ശ്രമിച്ചതാണ്. എൽഡിഎഫിന് അനുകൂല നിലപാടായിരുന്നു. ബിജെപിയും അനുകൂലിച്ചു. പക്ഷേ, യുഡിഎഫ് സഹകരിച്ചില്ല. കലൂരിൽ പുതിയ അറവുശാല നിർമിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാരിന്റെ മുന്നിലാണുള്ളത്. കോർപറേഷൻ അനുകൂല നിലപാടാണ് എടുത്തത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണു നടപ്പാക്കുന്നത്. ടെൻഡർ തുക ഉയർന്നതിനാൽ അതിനു മന്ത്രിസഭയുടെ അനുമതി വേണ്ട സാഹചര്യമാണുള്ളത്.

ഇനി ഒരു വർഷം കൂടി ബാക്കിയുണ്ട്. എന്താണു മുന്നിലുള്ള ഏറ്റവും വലിയ പ്രോജക്ട്?

കോർപറേഷൻ ഓഫിസ് നിർമാണം പൂർത്തിയാക്കുകയെന്നതാണു മുന്നിലുള്ള അടുത്ത ലക്ഷ്യം. എന്നാൽ അതു തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതു ശരിയല്ല. കൊച്ചിയിൽ കോർപറേഷനു മെച്ചപ്പെട്ട ആസ്ഥാന മന്ദിരം ഉണ്ടാകണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. ഒരു വർഷത്തിനുള്ളിൽ കെട്ടിടം സജ്ജമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. 20 കൊല്ലമായി കോർപറേഷൻ കെട്ടിടം നിർമാണം തുടങ്ങിയിട്ട്. ഇത്ര കാലമായിട്ടും അതു പൂർത്തിയാകാതിരിക്കാൻ കാരണം രാഷ്ട്രീയ പ്രശ്നങ്ങളാണ്. യുഡിഎഫിന്റെ ഭരണകാലത്ത് നിർമാണം തടസപ്പെട്ടത് അവർക്കുള്ളിൽത്തന്നെയുള്ള പ്രശ്നങ്ങൾ കൊണ്ടാണ്.

താങ്കൾ കോ ചെയർമാനായ നഗരനയ കമ്മിഷൻ ഇടക്കാല റിപ്പോർട്ട് നൽകിയല്ലോ. നഗര തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഇത് എത്രത്തോളം സഹായിക്കും?

നഗരനയ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുന്നതിലൂടെ നഗരവികസനത്തിൽ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളെ പ്രഫഷനൽ സ്ഥാപനങ്ങളാക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള നിർദേശങ്ങളുണ്ട്. മുനിസിപ്പൽ സർവീസ് സംവിധാനം കാര്യക്ഷമമാക്കാനുള്ള കാര്യങ്ങളുണ്ട്. വിപുലമായ അധികാരവും ഉത്തരവാദിത്തവും തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുക, ജനപ്രതിനിധികളെ കൂടുതൽ ശാക്തീകരിക്കുക, യുവജനങ്ങൾക്കു സംവരണമേർപ്പെടുത്തുക, ഭരണസ്ഥിരത ഉറപ്പാക്കാനായി 5 വർഷത്തേക്കു സ്ഥിരമായുള്ള കമ്മിറ്റി, നഗരങ്ങളിൽ മെട്രോപ്പൊലിറ്റൻ പ്ലാനിങ് കമ്മിറ്റി (എംപിസി) എന്നിങ്ങനെ ഒട്ടേറെ നിർദേശങ്ങളുണ്ട്. ഇതിൽ ചില കാര്യങ്ങൾ നടപ്പാക്കുന്നതിനു നിയമ നിർമാണമുൾപ്പെടെ ആവശ്യമാണ്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com