കെ.സുരേന്ദ്രൻ മേയറെ സന്ദർശിച്ച സംഭവം; പിൻവലിഞ്ഞ് വി.എസ്. സുനിൽകുമാർ

Mail This Article
തൃശൂർ ∙ ക്രിസ്മസ് ദിനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേക്കുമായി തന്റെ വീട്ടിലേക്ക് ആത്മാർഥമായി വന്നതെന്നാണു ബോധ്യപ്പെട്ടതെന്നും സിപിഐ നേതാവ് വി.എസ്. സുനിൽകുമാറിന്റെ ആരോപണങ്ങളുടെ അർഥം മനസ്സിലാകുന്നില്ലെന്നും മേയർ എം.കെ. വർഗീസ്. സുനിൽകുമാർ സുരേന്ദ്രന്റെ വീട്ടിലും തിരിച്ചും സന്ദർശനം നടത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. അതേസമയം, മേയറുടെ ആരോപണങ്ങൾക്കു മറുപടിയില്ലെന്നു പ്രതികരിച്ച സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ ‘പറഞ്ഞതു കഴിഞ്ഞെന്നും സന്ദർശന വിവാദം അവസാനിപ്പിക്കുന്നുവെന്നും’ വ്യക്തമാക്കി നിലപാടു മയപ്പെടുത്തി. സൗഹൃദ സന്ദർശനമാണു സുരേന്ദ്രനുമായി താൻ നടത്തിയതെന്നും സുരേന്ദ്രന്റെ സമൂഹ മാധ്യമക്കുറിപ്പിൽ സൗഹൃദ കൂടിക്കാഴ്ചയാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും സുനിൽകുമാർ പറഞ്ഞു. ‘‘മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരമാണ്. അതു തുടരട്ടെ. സന്ദർശന വിവാദം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. കൂടുതൽ പ്രതികരിക്കാനില്ല’’– സുനിൽകുമാർ പറഞ്ഞു.
എന്നാൽ, സുരേന്ദ്രന്റെ വീട്ടിൽ പോയി ചായ കുടിച്ചു വരാൻ സുനിൽകുമാറിനുള്ള ബന്ധം മനസ്സിലാകുന്നില്ലെന്നു മേയർ വർഗീസ് പറഞ്ഞു. ‘‘ രണ്ടു കാലിൽ മന്തുള്ളയാളാണ് ഒരു കാലിൽ മന്തുള്ളവനെ പരിഹസിക്കുന്നത്. ഇരുവരും പരസ്പരം വീടുകളിൽ വന്നിട്ടില്ലെന്നു തെളിയിക്കട്ടെ. സുരേന്ദ്രന്റെ ഉള്ള്യേരിയിലെ വീട്ടിൽ എന്തിനു പോയെന്നും അന്തിക്കാട്ടെ സുനിലിന്റെ വീട്ടിൽ സുരേന്ദ്രൻ എന്തിനു വന്നു എന്നും ബോധ്യപ്പെടുത്തട്ടെ. എന്റെ വീട്ടിലേക്കു കേക്കുമായി സുരേന്ദ്രൻ വന്നത് അത്ര വലിയ പ്രശ്നമാണോ? കേക്ക് വിഷയത്തിൽ എന്നോട് ആരും വിശദീകരണം ചോദിച്ചിട്ടില്ല’’– മേയർ പറഞ്ഞു. ‘‘ ഇടതുപക്ഷത്തു നിന്ന് എന്നെ പുറത്താക്കി ബിജെപിയിൽ എത്തിക്കാനുള്ള വാശിയാണോ സുനിൽകുമാറിനെന്ന് അറിയില്ല. തൃശൂരിലെ വികസനവും പുതിയ പദ്ധതികളും അദ്ദേഹത്തിനു താൽപര്യമില്ലെന്നാണു മനസ്സിലാക്കുന്നത്. പതിവായി ജയിച്ചിരുന്ന ആൾ തോറ്റപ്പോൾ പഴി ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കേണ്ടേ എന്നു തോന്നിയിട്ടുണ്ടാകും. ഇടതുപക്ഷം ഇനിയും അധികാരത്തിലെത്തണമെന്നു താൽപര്യപ്പെടുന്ന വ്യക്തിയാണു ഞാൻ’’– മേയർ വർഗീസ് പറഞ്ഞു.
ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കെ.സുരേന്ദ്രൻ മേയറുടെ വീട്ടിലെത്തി കേക്ക് കൈമാറിയിരുന്നു. ഇതിനെ വിമർശിച്ചാണു കഴിഞ്ഞ ദിവസം സുനിൽകുമാർ രംഗത്തെത്തിയത്. എൽഡിഎഫ് ഭരിക്കുന്ന കോർപറേഷനിലെ മേയർക്കു ‘ചോറ് ഇവിടെയും കൂറ് അവിടെയും’ ആണെന്നായിരുന്നു സുനിൽകുമാറിന്റെ ഗുരുതര ആരോപണം.
രാഷ്ട്രീയം കാണേണ്ട: സിപിഐ
ക്രിസ്മസിനു മേയർക്കു ബിജെപി അധ്യക്ഷൻ കേക്ക് നൽകിയതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. എൽഡിഎഫ് മേയറായി എം.കെ. വർഗീസ് തുടരട്ടെ. മേയറെ അവിശ്വസിക്കേണ്ടതില്ല. വി.എസ്. സുനിൽകുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സിപിഐയുടെ അഭിപ്രായമല്ലെന്നും വത്സരാജ് പറഞ്ഞു.