വനം നിയമഭേദഗതി: വിവാദ വ്യവസ്ഥകളിൽ മാറ്റം വരും

Mail This Article
തിരുവനന്തപുരം ∙ വനം നിയമഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മുൻപാകെയെത്തുമ്പോൾ വിവാദ വ്യവസ്ഥകളിൽ വനംവകുപ്പ് മാറ്റംവരുത്തും. സബ്ജക്ട് കമ്മിറ്റി ചെയർമാൻ കൂടിയായ വനംമന്ത്രിക്കു ബില്ലിൽ മാറ്റം നിർദേശിക്കാം.
ഭേദഗതി ബില്ലിനെതിരെ ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിൽ തുടർനടപടികൾക്ക് സർക്കാർ പെട്ടെന്നു മുതിരുമോയെന്നു സംശയമുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും നിലപാട് നിർണായകമാകും. ബില്ലിനെതിരായ പ്രാദേശിക വികാരം തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമോ എന്നതു കൂടി കണക്കിലെടുത്തേ നിയമസഭയിൽ അവതരിപ്പിക്കുന്നതിലേക്കു കടക്കൂ.
ജനങ്ങളും സംഘടനകളും നൽകുന്ന നിർദേശങ്ങളും എതിർപ്പുകളും പരിഗണിച്ച്, വിവാദ വ്യവസ്ഥകളിൽ സമഗ്രമാറ്റം വേണമെന്നു ബിൽ സബ്ജക്ട് കമ്മിറ്റി മുൻപാകെ വരുമ്പോൾ വനംമന്ത്രിക്കു ശുപാർശ ചെയ്യാം. ആവശ്യമായ മാറ്റംവരുത്തുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഭേദഗതികൾ സബ്ജക്ട് കമ്മിറ്റി ബില്ലിൽ ഉൾപ്പെടുത്തും. തുടർന്ന് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കണം.
1961ലെ വനം നിയമമാണു ഭേദഗതി ചെയ്യുന്നത്. 2019ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഇതു കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും അവതരിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. കർഷകസംഘടനകളുടെയും കേരള കോൺഗ്രസിന്റെയും (എം) ഉൾപ്പെടെ എതിർപ്പുകൾക്കു മുന്നിൽ സർക്കാരിനു വഴങ്ങേണ്ടി വരുമെന്നറിഞ്ഞിട്ടും അപ്രായോഗിക നിർദേശങ്ങൾ ഉൾപ്പെട്ട കരട് ബിൽ അവതരിപ്പിക്കാൻ അനാവശ്യ തിടുക്കം കാട്ടിയത് എന്തിനെന്ന ചോദ്യത്തിന് വനംവകുപ്പിനു വ്യക്തമായ മറുപടിയില്ല.
ജനാഭിപ്രായം നാളെ വരെ അറിയിക്കാം
ഭേദഗതിയെക്കുറിച്ച് ജനങ്ങളിൽനിന്നും സംഘടനകളിൽനിന്നുമുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും നാളെ വരെയാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. ഇമെയിൽ മുഖേനയും നേരിട്ടും ഒട്ടേറെ പരാതികൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇമെയിൽ: prlsecy.forest@kerala.gov.in