ഐഐടി വ്യാജ സർട്ടിഫിക്കറ്റിലൂടെ സ്ഥാനക്കയറ്റം; വ്യവസായ വകുപ്പിൽ 2 ഉന്നതർക്ക് സസ്പെൻഷൻ

Mail This Article
കൊച്ചി ∙ ഐഐടി ഖരഗ്പുരിന്റെ യോഗ്യതാപരീക്ഷ ജയിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു സ്ഥാനക്കയറ്റം നേടിയ 2 ഉന്നതോദ്യോഗസ്ഥരെ വ്യവസായ–വാണിജ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിലെ ഡപ്യൂട്ടി ഡയറക്ടർ എസ്.ശ്യാം, മഞ്ചേരിയിലെ അസി. ഡയറക്ടർ (റബർ) പി.ആർ.ഷാൻ എന്നിവരെയാണ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് സസ്പെൻഡ് ചെയ്തത്. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഇടതു സംഘടനയായ കെജിഒഎ മഞ്ചേരി ഏരിയ സെക്രട്ടറിയാണു ഷാൻ; ശ്യാം മുൻ ഭാരവാഹിയും.
രേഖകളുടെ ആധികാരികത പരിശോധിക്കാതെ ഉദ്യോഗക്കയറ്റത്തിനു ശുപാർശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി. ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ് 2 മാസത്തിനകം റിപ്പോർട്ട് നൽകണം.
വിവരാവകാശ രേഖകളുടെ പിൻബലത്തോടെ വയനാട് ജില്ലാ വ്യവസായ കേന്ദ്രം ചീഫ് അക്കൗണ്ടന്റ് എം.എസ്.സാനു പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ പരാതിയിലാണു നടപടി. ഇത്തരം പരീക്ഷ നടത്തുന്നില്ലെന്ന് ഐഐടി ഖരഗ്പുരും സർട്ടിഫിക്കറ്റിനു സാധുതയില്ലെന്നു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും വ്യക്തമാക്കി. ഐഐടി ഖരഗ്പുർ റബർ ടെക്നോളജി സെന്റർ അസോഷ്യേറ്റ് പ്രഫസർ ഡോ. നാരായൺ ചന്ദ്ര ദാസിന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശ്യാമും ഷാനും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യവസായ–വാണിജ്യ ഡയറക്ടറും റിപ്പോർട്ട് ചെയ്തു. ആധികാരികത തെളിയിക്കാൻ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പോലും ഇവർക്കു ഹാജരാക്കാനായില്ലെന്നും ഡയറക്ടറുടെ റിപ്പോർട്ടിലുണ്ട്.
യോഗ്യതയില്ലാത്തതിനാൽ ഡപ്യൂട്ടി ഡയറക്ടറാകാൻ ശ്യാമിനും അസി. ഡയറക്ടറാകാൻ ഷാനിനും സീനിയോറിറ്റിയും തസ്തികകളിൽ ഒഴിവും ഉണ്ടാകുന്നതുവരെ കാക്കണമായിരുന്നു. എന്നാൽ, പെട്ടെന്നു വരുന്ന ഒഴിവുകളിലേക്കു പരിഗണിക്കപ്പെടാൻ ഇരുവരും ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിപ്ലോമ ഇൻ റബർ ടെക്നോളജി സർട്ടിഫിക്കറ്റ് ‘സംഘടിപ്പിച്ചു’ നൽകുകയായിരുന്നു.
ഇവർക്ക് ഉദ്യോഗക്കയറ്റം നൽകിയതു സർട്ടിഫിക്കറ്റും കോഴ്സും സിലബസും അംഗീകാരമുള്ളതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്നു ഡയറക്ടറേറ്റിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിവരാവകാശ മറുപടികളിൽ വ്യക്തമാക്കിയത്. തെറ്റായ മറുപടി നൽകിയതിനും നടപടിയുണ്ടാകുമെന്നാണു സൂചന.