വൈദ്യുതി പ്രതിസന്ധി: 68,000 കോടിയുടെ പദ്ധതിയുമായി കെഎസ്ഇബി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം കാണാൻ 68,000 കോടി രൂപയുടെ മൂലധന നിക്ഷേപം വേണ്ടിവരുന്ന പദ്ധതികൾ കെഎസ്ഇബി കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ഉൽപാദന, സംഭരണ മേഖലകളിൽ 42,700 കോടി രൂപയുടെയും പ്രസരണ, വിതരണ മേഖലയുടെ നവീകരണത്തിന് 25,300 കോടി രൂപയുടെയും നിക്ഷേപം വേണ്ടിവരുമെന്നാണ് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
പുതിയ പദ്ധതികൾ താരിഫ് അധിഷ്ഠിത മത്സര ടെൻഡറിലൂടെ നടപ്പാക്കാനാണ് കെഎസ്ഇബിയുടെ നീക്കം. കെഎസ്ഇബിയുടെ മൂലധന നിക്ഷേപച്ചെലവ് കുറയുമെന്ന നേട്ടമുണ്ടെങ്കിലും ലാഭത്തിലാകാൻ കാലതാമസമെടുക്കുമെന്നതിനാൽ നിക്ഷേപകരെ ആകർഷിക്കാനായി കേന്ദ്രത്തിൽനിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആണ് പ്രധാന പ്രതീക്ഷ. അതോടൊപ്പം, വിതരണ, പ്രസരണ മേഖലയുടെ നവീകരണത്തിനുള്ള പദ്ധതികളിലൂടെ കൂടുതൽ ധനസഹായം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.

വിതരണശൃംഖല ശക്തിപ്പെടുത്താൻ 10,000 കോടി രൂപ, 11 കെവി ഫീഡറുകൾക്ക് 4050 കോടി, വിതരണ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കാൻ 1500 കോടി, ലോ ടെൻഷൻ ലൈനുകൾക്ക് 150 കോടി, ഗ്രിഡ് നിയന്ത്രണത്തിനും നിരീക്ഷണത്തിനുമുള്ള സ്കാഡ സംവിധാനം സ്ഥാപിക്കാൻ 1600 കോടി, ഉപഭോക്തൃ മീറ്ററുകൾ സ്ഥാപിക്കാൻ 8000 കോടി ഉൾപ്പെടെ 25,300 കോടി രൂപ ചെലവാകുമെന്നാണ് കെഎസ്ഇബി അവതരിപ്പിച്ച റിപ്പോർട്ടിലുള്ളത്.