ഉമ തോമസിന്റെ അപകടം: 2 പേർ അറസ്റ്റിൽ

Mail This Article
കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാനൃത്തപരിപാടിക്കിടെ ഗാലറിയിലെ താൽക്കാലികവേദിയിൽനിന്നു വീണ് ഉമ തോമസ് എംഎൽഎക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ സംഘാടകരുടെ ഭാഗത്തുണ്ടായത് അടിമുടി വീഴ്ച. സംഭവവുമായി ബന്ധപ്പെട്ടു 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
-
Also Read
വീണു പരുക്കേറ്റവരെ തൂക്കിയെടുക്കരുത്
താൽക്കാലിക വേദി നിർമിച്ചത് അനധികൃതമായാണെന്നും നൃത്തപരിപാടിക്ക് അനുമതി നൽകുമ്പോൾ വച്ച നിർദേശങ്ങളൊന്നും സംഘാടകർ പാലിച്ചില്ലെന്നും സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ (വിശാല കൊച്ചി വികസന അതോറിറ്റി) അറിയിച്ചു. കൊച്ചി കോർപറേഷൻ, ഫയർഫോഴ്‌സ് എന്നിവയിൽനിന്നു സുരക്ഷാകാര്യങ്ങളിൽ ഉൾപ്പെടെ മുൻകൂർ അനുമതി വാങ്ങി മാത്രമേ താൽക്കാലിക നിർമാണം പാടുള്ളൂ എന്ന് അലോട്മെന്റ് ഓർഡറിൽ നിഷ്കർഷിച്ചിരുന്നുവെന്നും ജിസിഡിഎ വ്യക്തമാക്കി. ഇന്നലെ രാവിലെ വേദിയിൽ പൊലീസ്, പിഡബ്ല്യുഡി, ഫയർഫോഴ്സ് എന്നിവയുടെ സംയുക്ത പരിശോധന നടത്തി.
സ്റ്റേഡിയം ബുക് ചെയ്ത ഇവന്റ് മാനേജ്മെന്റ് കമ്പനി കെകെ പ്രൊഡക്‌ഷൻസ് ഉടമ തൃക്കാക്കര തോപ്പിൽ ചെത്തിപ്പറമ്പിൽ എം.ടി.കൃഷ്ണകുമാർ, താൽക്കാലിക വേദിയുടെ കരാറുകാരൻ മുളന്തുരുത്തി വെട്ടിക്കൽ വഴിക്കോട്ടുപറമ്പിൽ വി.ബെന്നി എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം എസിപി പി.രാജ്കുമാറിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യംചെയ്ത ശേഷം രാത്രിയോടെ ജാമ്യത്തിൽ വിട്ടു.
പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ സിഇഒ ഷമീർ അബ്ദുൽ റഹീമിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിന്റെ എംഡി വയനാട് മേപ്പാടി സ്വദേശി എം. നിഗോഷ്കുമാർ, ഓസ്കർ ഇവന്റ് മാനേജ്മെന്റിന്റെ പ്രൊപ്രൈറ്റർ തൃശൂർ പൂത്തോൾ പേങ്ങാട്ടയിൽ പി.എസ്.ജനീഷ് എന്നിവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
ഉമ തോമസ് വെന്റിലേറ്ററിൽ തന്നെ
കൊച്ചി ∙ ഉമ തോമസ് എംഎൽഎ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശത്തിനേറ്റ പരുക്കു ഗുരുതരമായതിനാൽ കൂടുതൽ ദിവസം വെന്റിലേറ്റർ ചികിത്സ വേണ്ടി വന്നേക്കാം. മസ്തിഷ്കത്തിലെ പരുക്കുകൾ ഗുരുതരമല്ലെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിലെ ചതവും രക്തസ്രാവവുമാണു വെല്ലുവിളിയെന്നു റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. മൂക്കിലെ എല്ലിനും വാരിയെല്ലുകൾക്കും നട്ടെല്ലിനും ഒടിവുണ്ട്. കോട്ടയം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദഗ്ധോപദേശവും ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
