മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം: പ്രധാന പ്രതീക്ഷ പിഡിഎൻഎ

Mail This Article
ന്യൂഡൽഹി ∙ വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഇനി കേരളം പ്രധാനമായും പ്രതീക്ഷയർപ്പിക്കുന്നത് 2219 കോടി രൂപ ആവശ്യപ്പെട്ടുള്ള പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) അപേക്ഷയിലാണ്. ദുരന്തബാധിത പ്രദേശത്തെ പുനരുദ്ധാരണത്തിനും പുനർനിർമാണത്തിനും കേന്ദ്രത്തോട് ആവശ്യപ്പെട്ട തുകയാണിത്.
മൾട്ടി സെക്ടറൽ ടീമിന്റെ പരിശോധനയെ തുടർന്നുള്ള അപേക്ഷയിൽ തീരുമാനത്തിനു മാസങ്ങളെടുത്തേക്കാം. ഈ റിപ്പോർട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റി, ആഭ്യന്തരമന്ത്രാലയം, കേന്ദ്ര ദുരന്തപ്രതികരണ ഫണ്ടിന്മേൽ (എൻഡിആർഎഫ്) തീരുമാനമെടുക്കുന്ന നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവ വിലയിരുത്തും. സംസ്ഥാനം നൽകിയ പദ്ധതികളിൽ ഇരട്ടിപ്പുണ്ടോയെന്നു പരിശോധിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും അയയ്ക്കും.
ഒടുവിൽ ഫണ്ട് അനുവദിച്ചാൽ തന്നെ, അതിന്റെ നിശ്ചിത ഭാഗം സംസ്ഥാന വഹിക്കണം. പിഡിഎൻഎ അപേക്ഷയിൽ 250 കോടി രൂപ വരെയാണ് അനുവദിക്കുന്നതെങ്കിൽ 10% സംസ്ഥാനം ബജറ്റ് ചെലവുകളിൽനിന്ന് കണ്ടെത്തണം. 250 മുതൽ 500 കോടിയെങ്കിൽ 20 ശതമാനവും 500 കോടിക്കു മുകളിലെങ്കിൽ 25 ശതമാനവും സംസ്ഥാനം കണ്ടെത്തണം.
അടിയന്തരസഹായം വഴിയടഞ്ഞു
പിഡിഎൻഎയ്ക്കു പുറമേ, ദുരിതാശ്വാസത്തിനായി കേന്ദ്ര ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് 219.23 കോടി രൂപയുടെ അടിയന്തര സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഇനി പ്രതീക്ഷയില്ല. അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള അപേക്ഷ നവംബറിൽത്തന്നെ കേന്ദ്രം പരിഗണിച്ചിരുന്നു. വയനാട്ടിലേത് ‘തീവ്രദുരന്ത’മായി പരിഗണിച്ചാണ് കേരളത്തിന് എൻഡിആർഎഫ് 153.47 കോടി രൂപ കൂടി നൽകാൻ അന്ന് തീരുമാനിച്ചത്. എന്നാൽ, കണക്കിലെ വ്യവസ്ഥ മൂലം കേരളത്തിന് പണം കിട്ടില്ല.
അനുവദിക്കുന്ന തുകയിൽനിന്ന് സംസ്ഥാന ദുരന്തപ്രതികരണനിധിയിൽ (എസ്ഡിആർഎഫ്) അവശേഷിക്കുന്ന തുകയുടെ 50% വെട്ടിക്കുറച്ചേ പണം നൽകൂ എന്ന വ്യവസ്ഥയാണു കാരണം. ഏപ്രിൽ ഒന്നിന് എസ്ഡിആർഎഫിൽ 558 കോടി രൂപയാണുണ്ടായിരുന്നത്. ഇതിന്റെ 50 ശതമാനമായ 279 കോടി കേന്ദ്രം അനുവദിക്കുന്ന 153.47 കോടിയിൽനിന്നു വെട്ടിക്കുറച്ചാൽ ഫലത്തിൽ ഒരു രൂപ പോലും ലഭിക്കില്ല. തീവ്രദുരന്തങ്ങളിൽ എസ്ഡിആർഎഫിൽ തുക പര്യാപ്തമല്ലാതെ വരുമ്പോഴാണ് എൻഡിആർഎഫിൽനിന്നുള്ള അടിയന്തര സഹായം നൽകുന്നത്. കൈവശമുള്ള തുക പര്യാപ്തമെന്നാണ് കേന്ദ്രവാദം.
കേന്ദ്രം vs കേരളം: നാൾവഴി
∙ ജൂലൈ 30: വയനാട് ചൂരൽമല–മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ദുരന്തം.
∙ ഓഗസ്റ്റ് 2: ദുരന്തം വിലയിരുത്താനായി കേന്ദ്രസംഘത്തെ (ഐഎംസിടി) നിയോഗിക്കുന്നു.
∙ ഓഗസ്റ്റ് 8–10: കേന്ദ്രസംഘം ദുരന്തസ്ഥലം സന്ദർശിക്കുന്നു.
∙ ഓഗസ്റ്റ് 10: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തുന്നു.
∙ ഓഗസ്റ്റ് 19: അടിയന്തര ദുരിതാശ്വാസ സഹായമായി 219.23 കോടി രൂപ ആവശ്യപ്പെട്ട് കേരളത്തിന്റെ നിവേദനം.
∙ നവംബർ 16: കേന്ദ്രസംഘം വയനാട്ടിലേത് ‘തീവ്രദുരന്ത’മായി കണക്കാക്കിയതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല സമിതി (എച്ച്എൽസി) കൂടി 153.47 കോടി രൂപ അനുവദിക്കാൻ തീരുമാനിക്കുന്നു.
∙ നവംബർ 13: പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി 2,219 കോടി രൂപ ആവശ്യപ്പെട്ട് പിഡിഎൻഎ റിപ്പോർട്ട് കേന്ദ്രത്തിന് നൽകുന്നു.
∙ നവംബർ 24: അടിയന്തരസഹായമായി 153.47 കോടി രൂപ നൽകാൻ തീരുമാനമെടുത്തെങ്കിലും ഒരു രൂപ പോലും കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്.
∙ നവംബർ 27: വയനാട്ടിലേത് ‘തീവ്രദുരന്ത’മായി പരിഗണിച്ചാണ് 153.47 കോടി രൂപ കൂടി അനുവദിച്ചതെന്നു ആഭ്യന്തരമന്ത്രി പാർലമെന്റിൽ മറുപടി നൽകുന്നു.
∙ ഡിസംബർ 4: തീവ്രദുരന്തമായി പരിഗണിച്ച് 2221 കോടി രൂപ പുനരുദ്ധാരണത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ അമിത് ഷായെ കാണുന്നു.
∙ ഡിസംബർ 6: അടിയന്തര സഹായ അപേക്ഷ നവംബറിൽതന്നെ പരിഗണിച്ചെന്നും പിഡിഎൻഎ അപേക്ഷയാണ് ഇനി പരിഗണനയിലുള്ളതെന്ന് കാണിച്ച് അമിത് ഷായുടെ മറുപടി.
∙ ഡിസംബർ 28: വയനാട്ടിലേത് തീവ്രദുരന്തമാണോയെന്ന് രേഖാമൂലം മറുപടി നൽകണമെന്നു കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്. പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും രേഖാമൂലം അറിയിച്ചിരുന്നില്ല.
∙ ഡിസംബർ 30: തീവ്രദുരന്തമെന്ന് ആവർത്തിച്ച് കേന്ദ്രത്തിന്റെ മറുപടി.
കേരളത്തിനുള്ള ബദൽ മാർഗങ്ങൾ
പിഡിഎൻഎ അപേക്ഷയിലും അനുകൂല തീരുമാനമല്ലെങ്കിൽ മറ്റു പരോക്ഷ മാർഗങ്ങൾ തേടേണ്ടി വരും. തീവ്രദുരന്തമായതിനാൽ രാജ്യമാകെയുള്ള എംപിമാരുടെ ആസ്തിവികസന ഫണ്ടിൽനിന്ന് തുക സ്വീകരിക്കുന്നതിന് തടസ്സമില്ല. ഒരു കോടി രൂപ വരെ എംപിമാർക്ക് ഇങ്ങനെ നൽകാം. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലെ ഫ്ലെക്സി ഫണ്ടുകളിൽ 25% വരെ നിശ്ചിത ആവശ്യങ്ങൾക്കായി വിനിയോഗിക്കാം. ഇതിന് കേന്ദ്ര അനുമതി വേണം. സംസ്ഥാനങ്ങളുടെ മൂലധനനിക്ഷേപത്തിനുള്ള പ്രത്യേക സഹായമായി അനുവദിക്കുന്ന തുകയുടെ 50% അധികമായി ലഭിക്കാനും വകുപ്പുണ്ട്. ഇതിന് ഡിപിആർ (പദ്ധതിരേഖ) കേന്ദ്രത്തിന് നൽകണം. ഇത്തരം ബദൽ മാർഗങ്ങൾക്ക് വേണ്ടിയാണ്, വയനാട്ടിലേത് തീവ്രദുരന്തമെന്ന് കേരളം കഴിഞ്ഞ ദിവസം എഴുതിവാങ്ങിയത്.