അപ്പപ്പോൾ നിറംമാറും ഉടുപ്പുകൾ

Mail This Article
ഞാൻ ട്രെൻഡ് പ്രവചിക്കുന്ന ആളല്ല. ഇന്നുമുതൽ ജനിക്കുന്ന തലമുറയിലേക്ക് ഉറ്റുനോക്കി, ഭാവിയുടെ ഫാഷൻ ഏതു രീതിയിലാകും രൂപപ്പെടുകയെന്നത് ആലോചിക്കുന്നതു രസകരമായി തോന്നുന്നു.
മാറുന്ന ലോകത്ത്, ഓരോ കാലത്തെയും രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ പ്രതിഫലിപ്പിക്കുകയാണു ഫാഷൻ ചെയ്യുന്നത്. സ്വന്തം വ്യക്തിത്വവും മൂല്യങ്ങളും പങ്കുവയ്കാൻ ഓരോ തലമുറയും ഫാഷൻ ഉപയോഗപ്പെടുത്തു. സ്വയം പ്രകടിപ്പിക്കാനും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനും യുവത്വം കൂട്ടുപിടിക്കുന്നതും ഫാഷൻ തന്നെ. സംസ്കാരവും ഫാഷനും തമ്മിൽ ഉറ്റബന്ധമാണ്; കഴിഞ്ഞ നൂറ്റാണ്ടിന്റെയും ഇപ്പോഴത്തെയും ഫാഷൻ നോക്കിയാൽ ഇതു കൃത്യമായി മനസ്സിലാക്കാം.
ദ് ഗ്രേറ്റസ്റ്റ് ജനറേഷന്റെ (1901–1924) കാലത്താണു സാമ്പത്തിക മാന്ദ്യവും രണ്ടാം ലോകയുദ്ധവും സംഭവിച്ചത്. ഏറെക്കാലം നിലനിൽക്കുന്ന, ദൈനംദിന ജീവിതത്തിൽ ഉപയോഗമുള്ള വസ്ത്രങ്ങളായിരുന്നു അക്കാലത്തു ഫാഷനിലുണ്ടായിരുന്നത്. സാമ്പത്തികരംഗം മെച്ചപ്പെട്ട 1950 കളിലാണ് സ്ത്രീകളുടെ ഫാഷനിൽ വ്യത്യസ്തമായ തുണിത്തരങ്ങൾ എത്തിത്തുടങ്ങിയത്. ബേബി ബൂമേഴ്സിന്റെ (1946– 1964) കാലത്ത് കുറെക്കൂടി കാഷ്വലായി ഉടുപ്പുകൾ. അക്കാലത്താണു യുവതലമുറ പുതിയ സ്റ്റൈലും വ്യക്തിത്വവും ചേർന്നുള്ള ഫാഷൻ രൂപപ്പെടുത്തിയത്.
1960കളും 70കളും ഫാഷനിൽ സർഗാത്മകതയുടെയും പുതുപരീക്ഷണങ്ങളുടെയും സ്ഫോടനം സൃഷ്ടിച്ചു. പാശ്ചാത്യലോകത്തു ഹിപ്പി പ്രസ്ഥാനവും ബൊഹീമിയൻ ട്രെൻഡും പ്രതിഫലിപ്പിച്ച ബെൽ ബോട്ടം, മിനി സ്കർട്, മാക്സി ഡ്രസ് എന്നിവ വന്നു. റോക്ക് താരങ്ങളെ അനുകരിച്ചു പുരുഷന്മാർ നീണ്ട തലമുടിയും നിറക്കൂട്ടുള്ള പ്രിന്റുകളും ഫ്ലെയർ ട്രൗസറുകളും സ്വീകരിച്ചു.
ഫാഷനിൽ വ്യക്തിപരമായ താൽപര്യങ്ങൾക്കു മുൻതൂക്കം നൽകാൻ തുടങ്ങിയത് ജനറേഷൻ എക്സിന്റെ (1965– 1979) കാലത്താണ്. 1980 കളിൽ കരിയറിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന തലമുറയുടെയും പവർ ഡ്രസിങ്ങിന്റെയും തുടക്കമായി. 1990 കളിലെത്തുമ്പോൾ ജനറേഷൻ എക്സും മിലേനിയൽസും ഒത്തുചേർന്ന് മിനിമലിസത്തിലേക്കുള്ള മാറ്റത്തിനു വഴിയൊരുക്കി. ഫാഷൻ എല്ലാവരിലേക്കും എത്തുന്നതിന്റെ ഗതിവേഗം കൂടിയതും ഇക്കാലത്താണ്. അതുവരെ ഹോളിവുഡ്– ബോളിവുഡ് സിനിമകളും ഫാഷൻഷോകളും പരിചയപ്പെടുത്തിയ പുതുട്രെൻഡുകൾ നഗരങ്ങളിലാണ് കൂടുതലും പ്രാപ്യമായിരുന്നത്.
ഡിജിറ്റൽ കാലത്താണു മിലേനിയൽസ് (1980– 1994) പ്രായപൂർത്തിയായത്. സമാനചിന്തകളുള്ളവരുടെ ഇന്റർനെറ്റ് ഗ്രൂപ്പുകളിലൂടെ വ്യക്തിത്വം അടയാളപ്പെടുത്തിയ ജെൻ സെഡ് (1995– 2012) ആധുനിക രീതിയിലുള്ള സൗന്ദര്യാത്മകയ്ക്കു തുടക്കമിട്ടു; ജെൻഡർ വേർതിരിവുകളില്ലാത്ത ഫാഷന്റെ സ്വീകാര്യത കൂടി. ടിക്‌ടോക്കും ഇൻസ്റ്റഗ്രാമും പോലുള്ള സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെ പ്രാദേശികതയെ പിന്തള്ളി, മൈക്രോ ഫാഷൻ ട്രെൻഡുകളുടെ സംസ്കാരത്തിനു തുടക്കമിട്ടും ജെൻ സെഡ് തന്നെ.
സ്വന്തം സ്റ്റൈൽ രൂപപ്പെടുത്തി വരുന്നതേയുള്ളു ആൽഫ തലമുറ (2013– 2024). ഡിജിറ്റൽ–ഫിസിക്കൽ ലോകത്തെ ലയിപ്പിച്ചുകൊണ്ടുള്ള ഫാഷനാകും ഇവർ കൊണ്ടുവരിക. ‘ആഗോള സംസ്കാര’ത്തിന്റെ ‘അൺലിമിറ്റഡ്’ ഉപഭോക്താക്കളായ ആൽഫയുടെ ഫാഷൻ ഇന്റർനെറ്റ് കേന്ദ്രീകൃതമായിരിക്കും. ജെൻഡർ, പ്രായം തുടങ്ങിയ പരിമിതികളില്ലാതെ ശാക്തീകരിക്കപ്പെട്ട ഫാഷൻ രൂപപ്പെടുത്തുന്ന തലമുറയാകും ആൽഫ. ഡിജിറ്റൽ തലമുറയെന്ന നിലയിൽ ജെൻ സെഡും ആൽഫയും സാങ്കേതികതയിലും സുസ്ഥിരചിന്തയിലും ഊന്നിയുള്ള ഫാഷനു നേതൃത്വം നൽകുന്നതു തുടരും.
2025ലും അതിനുശേഷവും ജനിക്കുന്നവരാണു ബീറ്റ തലമുറ. അവരെ അറിയുന്നതിനു മുൻപു തന്നെ അവരുടെ ഫാഷൻ ശീലങ്ങൾ പ്രവചിക്കുന്നത് അപ്രായോഗികമാണ്. എങ്കിലും ടെക് സാവി ആയിരിക്കുന്നതിനൊപ്പം സാമൂഹികബോധമുള്ളവരുമാകും അവർ എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. ജനറേഷൻ ആൽഫയെപ്പോലെ വ്യക്തിത്വ സവിശേഷതകൾക്കൊപ്പം സുസ്ഥിരചിന്തകൾക്കും പരിതസ്ഥിതി ഇണക്കത്തിനും അവർ മുൻതൂക്കം നൽകിയേക്കും. എഐയും ഡിജിറ്റൽ കണക്ടിവിറ്റിയും ഇഴചേരുന്നതാകും അവരുടെ ദൈനംദിന ജീവിതം.
പഴ്സനൽ എഐയും റോബട്ടിക് ഇന്റലിജൻസും ഡിസൈൻ ചെയ്യുന്ന വ്യക്തിഗത വസ്ത്രധാരണ ശൈലിയാകും പുതുതലമുറയുടേത്. ഫാഷൻ എന്നാൽ സ്റ്റൈൽ മാത്രമല്ല, പ്രായോഗിക ഘടകങ്ങൾ കൂടി ഉൾപ്പെടുന്നതാകും. ഒരേ വസ്ത്രത്തിനു തന്നെ ആവശ്യമനുസരിച്ച് ചൂടു പകരാനും തണുപ്പു പകരാനും കഴിഞ്ഞേക്കാം, ഒരുപക്ഷേ താൽപര്യത്തിനനുസരിച്ച് നിറം മാറുന്നതാകാം, ഒരാളുടെ കായിക പ്രകടനമോ, ആരോഗ്യമോ അളക്കാനും വിലയിരുത്താനും കഴിയുന്ന വസ്ത്രങ്ങളും വന്നേക്കാം. നാച്വറൽ, സസ്റ്റെയ്നബിൾ, റീസൈക്ലിങ്, പ്ലാന്റ് ബേസ്ഡ്, സെക്കൻഡ് ക്ലോത്തിങ് തുടങ്ങിയ വാക്കുകൾ മാനദണ്ഡമാകും. 200 കോടിയിലേറെപ്പേരെ ഓൺലൈൻ ഷോപ്പിങ്ങിലെത്തിക്കാൻ ശേഷിയുള്ള ആൽഫ ജനറേഷനിൽ വരുന്ന 10 വർഷത്തിനകം തന്നെ ഈ ട്രെൻഡ് കൂടുതൽ ദൃശ്യമാകും.
ഹാൻഡ്മെയ്ഡ് വസ്തുക്കളിൽ കൂടുതൽ അർഥവും മൂല്യവും കണ്ടെത്താനും ആ പ്രക്രിയയുടെ സമ്പന്നത തേടാനും മനസ്സിലാക്കാനും വഴിയൊരുക്കുന്നവരാകും അവർ. ഒരു ഉൽപന്നത്തിന്റെ തുടക്കവും നിർമാണഘട്ടങ്ങളും വിതരണശൃംഖലകളും ഉൾപ്പെടെ സ്വയം വെളിപ്പെടുത്തുന്ന ഫാഷൻ പുനരുത്ഥാനമുണ്ടാകും; ഭാവിയുടെ ഫാഷൻ ഹാൻഡ്‌മെയ്ഡ് ആണ്.
(ഡിസൈൻ കൺസൽറ്റന്റും സേവ് ദ് ലൂം സ്ഥാപകനുമാണ് ലേഖകൻ)