ADVERTISEMENT

1981നും 1996നും ഇടയിൽ ജനിച്ചവരുടെ ‘മിലേനിയൽ’ തലമുറയ്ക്കൊരു ഭാഗ്യമുണ്ടായി. വിഡിയോ ഗെയിമുകളുടെ തുടക്കംതൊട്ട്, ഇന്നു സഹസ്രകോടികളുടെ വ്യവസായമായി അതു വളരുന്നതുവരെ കൺമുന്നിൽ കാണാൻ പറ്റി, കളിക്കാനും പറ്റി. ഒരുപക്ഷേ മറ്റൊരു തലമുറയ്ക്കും സാധ്യമാകാത്ത കാര്യം. സ്കൂൾവിട്ടു വന്നാൽ പുറത്തു കൂട്ടുകാർക്കൊപ്പം ഇരുട്ടുവോളവും ചിലപ്പോൾ അതുകഴിഞ്ഞും കളിച്ചുതിമർത്തവർ, വിഡിയോ ഗെയിം വന്നതോടെ പുറത്തു ചെലവിടുന്ന സമയം കുറഞ്ഞു.

വീട്ടിൽ വേണ്ടത്ര സാങ്കേതികസൗകര്യങ്ങളില്ലാത്തതുകൊണ്ടു പ്രോജക്ട് ഐജിഐ, ജിടിഎ വൈസ് സിറ്റി, സാൻ ആൻഡ്രിയാസ് തുടങ്ങിയ വിഡിയോ ഗെയിമുകൾ കളിക്കാൻ മിലേനിയൽസിനു പണവും സമയവും മുടക്കി ഗെയ്മിങ് കഫേകളെ ശരണം പ്രാപിക്കേണ്ടി വന്നു. വിഡിയോ ഗെയിമുകൾ അങ്ങേയറ്റം മത്സരാധിഷ്ഠിതമാകുന്നതും ദൃശ്യപരമായി ഹോളിവുഡ് സിനിമകളെ വെല്ലുന്ന കാഴ്ചയാകുന്നതും അവർ കണ്ടു. വിഡിയോ ഗെയിമുകൾ അവർക്ക് ആയുഷ്കാലത്തേക്കുള്ള ഹോബിയായി.

‘ഐപാഡ് ബേബികൾ’ എന്നു വിളിക്കപ്പെടുന്ന ജൻ സി, ആൽഫ തലമുറകൾക്കു ഗെയ്മിങ് തീർത്തും സാധാരണ അനുഭവമായിരുന്നു; കാരണം സാങ്കേതികവിദ്യ ലഭ്യമാകാനുള്ള ചെലവു കുറഞ്ഞുതുടങ്ങിയിരുന്നു. വരാനിരിക്കുന്ന ബീറ്റാ തലമുറയാകട്ടെ (2025–2039) ജനിച്ചുവീഴാൻ പോകുന്നതുതന്നെ ദ്രുതഗതിയിൽ വികസിക്കുന്ന സാങ്കേതികവിദ്യയിലേക്കാണ്; അതുപോലെത്തന്നെ ഇൻസ്റ്റഗ്രാം, യുട്യൂബ് റീലുകളും ഷോർട്സും സൃഷ്ടിക്കുന്ന 30 സെക്കൻഡ് ‘ഡോപമിൻ ഹിറ്റു’കളിലേക്കുമാണ്. ബീറ്റാ തലമുറ വിഡിയോ ഗെയിം കളിക്കാറാകുമ്പോഴേക്കും ഇന്നത്തെ ഏറ്റവും മികച്ച ഗെയിമുകളായ റെഡ് ഡെഡ് റിഡംപ്ഷൻ II, ബ്ലാക്ക് മിത്ത് വുകോങ് തുടങ്ങിയവ പഴഞ്ചനായിട്ടുണ്ടാവും.

വൈകുന്നേരത്തെ കളിയിടങ്ങൾക്കും കൂട്ടുകൂടാനുള്ള ഇടങ്ങൾക്കും പകരമായി, പലർക്കു കൂടിയിരുന്നു വിഡിയോ ഗെയിം കളിക്കാവുന്ന ഇടങ്ങൾ വരും. ഡിജിറ്റൽ കളിസ്ഥലങ്ങളിലും സൗഹൃദ ഇടങ്ങളിലുമാകും അവരുടെ കണ്ടുമുട്ടലുകൾ. കള്ളനും പൊലീസും കളിയും പാടത്തെ ക്രിക്കറ്റുമൊക്കെ മിലേനിയൽസിന് എന്തായിരുന്നോ അതുപോലെയായിരിക്കും ബീറ്റാ ജനറേഷനു വിഡിയോ ഗെയിം ഇടങ്ങൾ.

സ്പോർട്സിനും ശാരീരികാധ്വാനത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇതിനർഥമില്ല. വാസ്തവത്തിൽ അവർക്കു കായികരംഗത്തു തിളങ്ങാൻ സാധ്യതയേറുകയാണു ചെയ്യുന്നത്; സ്പോർട്സും സാങ്കേതികവിദ്യയും സംയോജിക്കുന്നു എന്നതുകൊണ്ടുതന്നെ. എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ) വ്യാപകമായൊരു പ്രശ്നമായി മാറുന്ന കാലത്ത്, വഴിതെറ്റിപ്പോകുന്ന ശ്രദ്ധയെ പിടിച്ചിരുത്താനുള്ള, കുഴപ്പമില്ലാത്ത വഴികളിലൊന്നാണ് ഗെയിമുകൾ.

സർഗാത്മകതയെ പ്രകാശിപ്പിക്കാനുള്ള തുറന്നയിടം. വിഡിയോ ഗെയിം അവർക്കു കലാരൂപം തന്നെയാകുന്നു. നിർമിതബുദ്ധിയിലും വെർച്വൽ റിയാലിറ്റിയിലും ഉണ്ടാകുന്ന അഭൂതപൂർവമായ വളർച്ച നോക്കുമ്പോൾ അവർക്കതു തീർത്തും വ്യത്യസ്തമായൊരു അനുഭവമാകും. ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന വെർച്വൽ റിയാലിറ്റിയാകും ഒരുപക്ഷേ അവർ തിരഞ്ഞെടുക്കുക.

ബീറ്റാ തലമുറയ്ക്ക് ഒരുപക്ഷേ, വിഡിയോ ഗെയിം വിദ്യാഭ്യാസവും വിനോദവും ചേരുന്ന എജ്യുടെയ്ൻമെന്റിന്റെ ഭാഗമായിരിക്കാം. വിഡിയോ ഗെയിം വ്യവസായത്തിലെ തൊഴിലവസരങ്ങൾ താരതമ്യേന കൂടുതലുള്ള കാലത്തു പിറക്കുന്ന അവർക്ക് അത്തരം സാധ്യതകൾ തേടാൻ കഴിയും. ‘ഗെയിം സ്റ്റഡീസ്’ സർവകലാശാലാ പാഠ്യപദ്ധതികളിൽ ഇടംപിടിക്കുന്നതാണ് നാം കാണുന്നത്.

വിഡിയോ ഗെയിമുകളുടെ ലോകത്തെത്തുന്നതോടെ ബീറ്റാ തലമുറ, മിലേനിയലുകളെക്കാളും സാമൂഹികമായ ഒറ്റപ്പെടൽ അനുഭവിച്ചേക്കാം. ഗെയ്മിങ് വ്യവസായത്തിലൂടെ എങ്ങനെ സഞ്ചരിക്കണമെന്നു ബീറ്റാ തലമുറയാണു കണ്ടെത്തേണ്ടത്. വിഡിയോ ഗെയിം രംഗത്ത് അനുദിനമുണ്ടാകുന്ന മാറ്റങ്ങൾ കണ്ടറിയുന്നതുതന്നെ വിസ്മയകരമായ അനുഭവമായിരിക്കും.

 (വിഡിയോ ഗെയിമും സാഹിത്യവും എന്ന വിഷയത്തിൽ കേരള സർവകലാശാലയിൽ ഗവേഷകനാണ് ലേഖകൻ)

English Summary:

Video Games: The evolving world of video games and its impact on society

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com