മന്നം പഠിപ്പിച്ച പാഠം: ‘സമുദായത്തിന്റെ പുരോഗതിയിലൂടെ രാജ്യത്തിന്റെ നന്മ’

Mail This Article
എൻഎസ്എസിന്റെ മാർഗദീപമായി സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ. സമുദായ ആസ്ഥാനമായ പെരുന്നയിൽ അദ്ദേഹത്തിന്റെ സമാധി മണ്ഡപത്തിലെ പ്രഭയെഴും വിളക്ക് എന്നും ത്രിസന്ധ്യയിൽ തെളിഞ്ഞു കത്തും. 24 വർഷമായി ഐശ്വര്യമേകും കാഴ്ചയായി ആ ദൃശ്യം പെരുന്നയുടെ, സമുദായാംഗങ്ങളുടെ ഹൃദയത്തിലുണ്ട്. ഒരു നിയോഗം പോലെ ആ വിളക്കു തെളിച്ചു പ്രാർഥിക്കുന്ന ശീലത്തെക്കുറിച്ച്, സമുദായാചാര്യനൊപ്പം പ്രവർത്തിച്ച നാളുകളെക്കുറിച്ച്, പകർന്നുകിട്ടിയ പാഠങ്ങളെക്കുറിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു തുടങ്ങി.
“2001 ലാണ് ആ വിളക്ക് തെളിക്കാൻ തുടങ്ങിയത്. ആ വർഷം മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ, തിരുവിതാംകൂർ മഹാരാജാവിന്റെ സഹോദരൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ്, പുനരുദ്ധാരണം കഴിഞ്ഞ സമാധിമണ്ഡപം കണ്ട് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവച്ചത്. സമാധിയായ ശേഷം 14 വർഷം തുടർച്ചയായി ഒരു മഹാത്മാവിനെ വന്ദിച്ചാൽ അദ്ദേഹം ദൈവതുല്യനാകും എന്നാണ് വിശ്വാസം. അതനുസരിച്ച് മന്നത്ത് പത്മനാഭൻ ദൈവതുല്യനായി. അതിനാൽ ഏറ്റവും ഐശ്വര്യപൂർണമായ ഈ സമാധിമണ്ഡപത്തിൽ കെടാവിളക്ക് കത്തിക്കണം എന്നായിരുന്നു നിർദേശം. തുറന്ന സ്ഥലമായതിനാൽ കെടാവിളക്ക് കത്തിച്ചുവയ്ക്കുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അദ്ദേഹം തന്നെയാണ് ത്രിസന്ധ്യയിൽ ഒരു വിളക്കു കത്തിച്ചു വയ്ക്കണം എന്നു പറഞ്ഞത്. തുടർന്നാണ് ഒരു നിയോഗമായി കണ്ട് അവിടെ വിളക്ക് കത്തിക്കാൻ തുടങ്ങിയത്. സമുദായത്തെ സംബന്ധിച്ച് ഇതു ക്ഷേത്രതുല്യമാണ്. എന്നാൽ ക്ഷേത്രത്തിലെ ആചാരങ്ങൾ ഇല്ല. തന്നെ ദൈവമാക്കരുതെന്ന് മന്നത്ത് അദ്ദേഹവും പറഞ്ഞിട്ടുണ്ട്. ആ വാക്കും അനുസരിക്കണമല്ലോ.”
? മന്നത്ത് പത്മനാഭനൊപ്പം ഒൻപതു വർഷത്തോളം ജോലി ചെയ്ത്, കരയോഗം, താലൂക്ക് യൂണിയൻ, എൻഎസ്എസ് എന്നീ മൂന്നു തലങ്ങളിലും പ്രവർത്തിച്ച് പടിപടിയായി ജനറൽ സെക്രട്ടറിയായ വ്യക്തിയാണല്ലോ. ഒരു പക്ഷേ മറ്റാർക്കും അവകാശപ്പെടാനാവാത്ത പ്രവർത്തന പാരമ്പര്യം. സമുദായാചാര്യനൊപ്പം ജോലി ചെയ്ത നാളുകളെക്കുറിച്ചു പറയാമോ.?
സമുദായത്തിനായി അക്ഷീണം പ്രയത്നിച്ച അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച നാളുകൾ മറക്കാനാവില്ല. അദ്ദേഹത്തിൽ നിന്നു പഠിച്ചവ ജീവിതത്തിൽ പകർത്താനും ശ്രദ്ധിക്കുന്നുണ്ട്. അന്നെല്ലാം ഇവിടം വിശാലമായി തുറന്നു കിടക്കുകയായിരുന്നല്ലോ. സമീപത്തെ പശുക്കളെല്ലാം ഇവിടെ വന്നു പുല്ലുമേയും. പശുക്കളുടെ എണ്ണം കൂടിക്കൂടി വന്നതോടെ അന്നത്തെ സൂപ്രണ്ട് ഈ പശുക്കളെയെല്ലാം പിടിച്ചു കെട്ടിയിടാൻ അന്ന് ഡ്യൂട്ടിയിലുള്ള ശിപായിയോടു പറഞ്ഞു. അയാൾ അതനുസരിച്ച് ചെയ്തു. ഇതേത്തുടർന്ന് ഉടമസ്ഥർ എത്തി പശുക്കളെ കൊണ്ടുപോകാൻ തുടങ്ങി. എന്നാൽ ഒരു പശുവിനെ മാത്രം രണ്ടു ദിവസമായിട്ടും കൊണ്ടുപോകാൻ ഉടമസ്ഥൻ എത്തിയില്ല. ആ പശു ഇവിടെക്കിടന്നു കരയാൻ തുടങ്ങി. സത്യത്തിൽ അത് മന്നത്ത് അദ്ദേഹത്തിന്റെ മകളുടെ പശുവായിരുന്നു.
മകൾ ചെന്ന് അദ്ദേഹത്തോടു പരാതിയും പറഞ്ഞു. ആ ശരിയാക്കാം എന്നെല്ലാം അദ്ദേഹം മകളെ ആശ്വസിപ്പിച്ചു. പിന്നീട് ഇവിടെ വന്ന് ആ ശിപായിയോട് പശുവിനെ അഴിച്ചുവിട്ടേക്ക് എന്നു പറഞ്ഞു. എന്നാൽ സൂപ്രണ്ട് പറയാതെ അഴിച്ചുവിടില്ലെന്നായിരുന്നു അയാളുടെ മറുപടി. മന്നത്ത് അദ്ദേഹം അയാളോട് സൂപ്രണ്ടിനെ വിളിച്ചോണ്ടു വരാൻ പറഞ്ഞു. കാര്യം അറിഞ്ഞ് സൂപ്രണ്ട് വല്ലാതായി. സൂപ്രണ്ട് ഭീതിയോടെ ശിപായിയെ ഉറക്കെ ശകാരിച്ച് മന്നത്ത് അദ്ദേഹത്തിന്റെ അടുത്തേക്കു വന്നു. എന്നാൽ മന്നത്ത് അദ്ദേഹം ശിപായിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഏൽപിച്ച ജോലി ഭംഗിയായി ചെയ്ത അയാളെ ശകാരിക്കരുതെന്ന് മന്നത്ത് അദ്ദേഹം സൂപ്രണ്ടിനോടു പറഞ്ഞു. ആ നീതിബോധത്തെക്കുറിച്ച് എത്ര പുസ്തകമെഴുതിയാലാണ് പറ്റുക. ആ ശിപായിയെ കരുതലോടെ കണ്ടതിനെക്കുറിച്ച് എങ്ങനെ ഓർക്കാതിരിക്കാനാകും.
മറ്റൊരു സംഭവം കൂടി പറയാം. ക്രിസ്തുമതത്തിലെ ഒരാളുടെ മകൾക്ക് ബിഎഡിനു പ്രവേശനം നൽകാനായില്ല. നായർ സമുദായത്തിൽ നിന്നുള്ള അപേക്ഷകർ തന്നെ ധാരാളം ഉണ്ടായിരുന്നതിനാലാണിത്. ഇതറിഞ്ഞ് വിഷമിച്ച ആ കുട്ടിയും അച്ഛനും തിരികെ പോകാൻ നേരം മന്നത്ത് അദ്ദേഹത്തെ കാണാനായി വീട്ടിലേക്കു ചെന്നു. മണിമലയിൽ നിന്നാണെന്ന് ആ പിതാവ് പറഞ്ഞപ്പോൾ അവിടുള്ള ക്രൈസ്തവ സമുദായത്തിലെ പ്രമുഖനെ അറിയുമോ എന്ന് മന്നത്ത് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ ചെറുമകളുടെ മകളാണെന്ന് ആ കുട്ടി പറഞ്ഞു. തിരികെ കോളജിലേക്കു പൊയ്ക്കൊള്ളാൻ മന്നത്ത് അദ്ദേഹം അവരോടു പറഞ്ഞു. പിന്നാലെ അദ്ദേഹം നേരിട്ട് ഹെഡ് ഓഫിസിൽ എത്തി. പ്രത്യേക പരിഗണനയിൽ ആ കുട്ടിക്ക് അദ്ദേഹം പ്രവേശനം നൽകി.
ഇതെക്കുറിച്ചു ചോദിച്ച അന്നത്തെ ഭാരവാഹിയോട് മന്നത്ത് അദ്ദേഹം പഴയ കഥ പറഞ്ഞു. പണ്ട് കറുകച്ചാലിൽ സ്കൂൾ തുടങ്ങാൻ ആവശ്യമുള്ള തടിക്കായി മണിമലയിലും മറ്റും ചെന്നപ്പോൾ പലരും മൗനം ദീക്ഷിച്ചു. എന്നാൽ തന്റെ പുരയിടത്തിലെ ഇഷ്ടമുള്ള ആഞ്ഞിലി വെട്ടി ഉപയോഗിച്ചോളാൻ ആ പ്രമുഖൻ പറഞ്ഞു. അന്നത്തെ ആ തടി ഉപയോഗിച്ചാണ് സമുദായത്തിന്റെ ആദ്യ സ്കൂൾ കറുകച്ചാലിൽ പണിതത്. അക്കാര്യമൊന്നും മറക്കാനാകില്ല. അവർക്കു പ്രവേശനം നൽകണം. സമുദായത്തെ സഹായിച്ചവരെ മന്നത്ത് അദ്ദേഹം ഒരിക്കലും മറന്നില്ല.
? വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് മന്നത്ത് പത്മനാഭൻ നയിച്ച സവർണ ജാഥയുടെ നൂറാം വാർഷികമാണല്ലോ. അന്നത്തെ യാത്രയുടെ പ്രസക്തിയെയും മന്നത്തിന്റെ നേതൃപാടവത്തെയും എങ്ങനെ കാണുന്നു.
അവർണർക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായാണ് വൈക്കം സത്യഗ്രഹം തുടങ്ങിയത്. എന്നാൽ അന്ന് സവർണമേധാവിത്വം ശക്തമായതിനാൽ അതിനു കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ അവസരത്തിലാണ് സവർണരുടെ ഇടയിൽ നിന്നു തന്നെ മുന്നേറ്റത്തിനു പിന്തുണ ലഭിക്കാനുള്ള നടപടികൾ വേണമെന്ന് ഗാന്ധിജി നിർദേശിച്ചത്. ഇതനുസരിച്ചാണ് മന്നത്ത് അദ്ദേഹം വൈക്കം സത്യഗ്രഹത്തിന്റെ നേതൃനിരയിലേക്ക് ഇറങ്ങിയത്. അവർണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദം നൽകണമെന്ന ആവശ്യം ഉയർത്തിയതും മന്നത്ത് അദ്ദേഹം വന്നതിനു ശേഷമാണ്. തുടർന്നാണ് ജാഥ നയിച്ച് അദ്ദേഹം തിരുവിതാംകൂർ തലസ്ഥാനത്തേക്ക് ആയിരങ്ങളുമായി പോകുന്നതും പതിനായിരങ്ങൾ ഒപ്പുവച്ച ഭീമഹർജി രാജ്ഞിക്കു നൽകുന്നതും. ക്ഷേത്ര പ്രവേശനത്തിനു വരെ വഴിതെളിച്ച സംഭവമാണിത്. ഇതിനെല്ലാം മുൻപേ പെരുന്നയിൽ മാരണത്തുകാവ് ക്ഷേത്രത്തിൽ അവർണർക്ക് പ്രവേശനം അനുവദിച്ച വ്യക്തിയുമാണ് അദ്ദേഹം. ഏറ്റവും വലിയ വിപ്ലവമാണ് അദ്ദേഹം അതിലൂടെ നയിച്ചത്. ഇക്കാര്യമെല്ലാം പലരും വിസ്മരിക്കുകയാണ്.
? മന്നത്ത് പത്മനാഭന്റെ കാലത്ത് ഇവിടെ എത്തി 62 വർഷമായി എൻഎസ്എസ് ആസ്ഥാനത്ത് വിവിധ പദവികളിൽ പ്രവർത്തിക്കുകയാണല്ലോ. സമുദായത്തിന്റെ ഭാവിപദ്ധതികളെക്കുറിച്ച്...
മന്നത്ത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമായിരുന്നു. സ്വന്തം സമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സമുദായത്തിനു പ്രവർത്തിക്കാൻ വേണ്ടതെല്ലാം അദ്ദേഹം കരുതിയിരുന്നു. ഇത്ര സ്വയംപര്യാപ്തതയുള്ള വേറൊരു സംഘടനയില്ല. ബാങ്ക് വായ്പയോ പ്രവാസിപ്പണമോ എൻഎസ്എസിനില്ല. അനാവശ്യമായി വ്യയം ചെയ്യാതെ, നയങ്ങളിൽ നിന്ന് അണുവിട ചലിക്കാതെ പോകാനാണ് ശ്രദ്ധിക്കുന്നത്. കാര്യങ്ങൾ നടന്നു പോകണമെന്നല്ലാതെ സമ്പത്തു വലിച്ചുവാരി കൂട്ടിവയ്ക്കുക എന്ന ഉദ്ദേശ്യമല്ല മന്നത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ആ നയങ്ങൾ അതുപോലെ പിന്തുടരാനാണ് ശ്രദ്ധിക്കുന്നത്.
? ഇത്തവണത്തെ മന്നം ജയന്തിക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതും വിവാദമായല്ലോ. എന്താണ് പറയാനുള്ളത്?
ഒരു രാഷ്ട്രീയക്കാരൻ ആയതു കൊണ്ടോ, അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും സഹായം പ്രതീക്ഷിച്ചു കൊണ്ടോ അല്ല ക്ഷണിച്ചത്.