ADVERTISEMENT

ചങ്ങനാശേരി ∙ ആദർശങ്ങളും ദർശനങ്ങളും മാത്രമല്ല സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ എൻഎസ്എസിനു നൽകിയതെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിക്കടി വളരുന്ന രീതിയിലുള്ള സമ്പൽസമൃദ്ധമായ സാഹചര്യം സമുദായാചാര്യൻ എൻഎസ്എസിന് ഉറപ്പാക്കി. ഇതിന്റെ ഗുണഭോക്താക്കൾ നായർ സമുദായം മാത്രമല്ല. എല്ലാ ജനവിഭാഗങ്ങളിലേക്കും എൻഎസ്എസിന്റെ സേവനമെത്തുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും സ്വപ്നവുമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. സമുദായത്തിന്റെ പ്രസ്ഥാനങ്ങളിലൂടെ എല്ലാ ജനവിഭാഗങ്ങൾക്കും വേർതിരിവുകളില്ലാതെ സേവനം നൽകിയിട്ടും കേന്ദ്ര സർക്കാർ ഒരു രൂപ പോലും പാവപ്പെട്ട മുന്നാക്ക വിഭാഗത്തെ സംരക്ഷിക്കാനായി വകയിരുത്തുന്നില്ല.

അതേ സമയം, മറ്റു വിഭാഗങ്ങൾക്കു നൽകാൻ കോടിക്കണക്കിനു രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനു കൈമാറുന്നത്. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും എൻഎസ്എസിന്റെ പൊതുനയമാണ്.

ഗവൺമെന്റുകളോട് അതേ നയം തുടരും. ഗവൺമെന്റുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്ന പോലെ മത–സാമുദായിക സംഘടനകൾക്കുമുണ്ട്. അതു ക‍ൃത്യമായി എൻഎസ്എസ് നിർവഹിച്ചുപോന്നിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുക. സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ മനസ്സിലാക്കാനോ പഠിക്കാനോ തയാറാകാതെ അന്ധതയിൽ മുങ്ങി സംഘടനയെയും നേതൃത്വത്തെയും വിമർശിക്കുന്ന ചിലരെങ്കിലും സമുദായത്തിലുണ്ട്. അത്തരം എതിർപ്പുകളെല്ലാം എൻഎസ്എസിന്റെ ഉയർച്ചയ്ക്ക്   സഹായകരമായിട്ടേയുള്ളുവെന്നും സുകുമാരൻ നായർ പറഞ്ഞു.

ഇഡബ്ല്യുഎസ് കമ്മിഷൻ ദേശീയ പട്ടികജാതി കമ്മിഷൻ മാതൃകയിൽ വേണം: എൻഎസ്എസ്

ചങ്ങനാശേരി ∙ ദേശീയ പട്ടികജാതി കമ്മിഷൻ, ദേശീയ പട്ടികവർഗ കമ്മിഷൻ, ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ, ദേശീയ ന്യൂനപക്ഷ കമ്മിഷൻ എന്നിവയുടെ മാതൃകയിലാകണം മുന്നാക്ക വിഭാഗങ്ങൾക്കു വേണ്ടി ഇഡബ്ല്യുഎസ് കമ്മിഷൻ രൂപീകരിക്കേണ്ടതെന്നു പ്രമേയത്തിൽ നായർ സർവീസ് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും കമ്മിഷനു കഴിയണം. 

മുന്നാക്ക വിഭാഗ‌ത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതിക്കും ക്ഷേമത്തിനും വേണ്ട നിർദേശങ്ങൾ കമ്മിഷൻ കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു കൈമാറണം.  മുന്നാക്ക വിഭാഗങ്ങൾക്കായി കേന്ദ്രാവിഷ്കൃത പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനും കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കി സാമ്പത്തിക പുരോഗതിയും സാമൂഹിക ഉന്നമനവും ഉറപ്പാക്കുന്നതിനുമായി ദേശീയ ധനകാര്യ ഇഡബ്ല്യുഎസ് വികസന കോർപറേഷൻ രൂപീകരിക്കണമെന്ന പ്രമേയവും എൻഎസ്എസ് അവതരിപ്പിച്ചു. കൂടാതെ 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണ് 103–ാം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നാക്കവിഭാഗങ്ങൾക്കു വേണ്ടിയുള്ള സാമ്പത്തിക സംവരണം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയതെന്നും പ്രമേയത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. എന്നാൽ സാമ്പത്തിക സംവരണത്തിന് ഭരണഘടനാ ഭേദഗതിയും സ്ഥിരം ദേശീയ സംസ്ഥാന കമ്മിഷനുകളും രൂപീകരിക്കണമെന്ന് സിൻഹു കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടും യുപിഎ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രമേയത്തിൽ പറയുന്നു.

English Summary:

NSS service reaches all sections: G.Sukumaran Nair

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com