മുണ്ടക്കൈ–ചൂരൽമല പുനരധിവാസം: എസ്റ്റേറ്റ് ഏറ്റെടുക്കൽ നഷ്ടപരിഹാരം ഭൂമിയേറ്റെടുക്കൽ നിയമത്തിലൂടെ

Mail This Article
കൊച്ചി ∙ വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമാണത്തിനു ഭൂമി ഏറ്റെടുക്കുന്നതു ദുരന്തനിവാരണ നിയമപ്രകാരമാണെങ്കിലും നഷ്ടപരിഹാര നിർണയത്തിന് 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമം ബാധകമാകും. ഭൂമി കൈവശത്തിലെടുക്കുംമുൻപ് നഷ്ടപരിഹാരത്തുക നൽകണമെന്നു ഹൈക്കോടതി നിർദേശമുള്ളതിനാൽ ഭൂമിയുടെയും അതിലെ മരങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെയും മൂല്യനിർണയ നടപടി വൈകാതെ ആരംഭിക്കേണ്ടിവരും.
പുനരധിവാസത്തിന് ഉടൻ നടപടി വേണ്ട പശ്ചാത്തലത്തിലാണു 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. ഹാരിസൺ നെടുമ്പാല എസ്റ്റേറ്റിന്റെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടറും ഏറ്റെടുക്കാനുള്ള 2024 ഒക്ടോബർ 4ലെ സർക്കാർ ഉത്തരവിൽ തുടർനടപടി അനുവദിക്കുന്നതായിരുന്നു കോടതി വിധി.
ഭൂമിയേറ്റെടുക്കലിന് 2013 ലെ നിയമം ബാധകമാക്കിയാൽ പ്രാഥമിക വിജ്ഞാപനം, ഹിയറിങ്, ആഘാതപഠനം തുടങ്ങിയ നടപടിക്രമങ്ങൾക്കു കുറഞ്ഞത് ഒരു വർഷമെങ്കിലും താമസമുണ്ടാകും. ദുരന്തപശ്ചാത്തലത്തിൽ മറ്റേതു നിയമത്തെക്കാളും മുൻഗണന ദുരന്തനിവാരണ നിയമത്തിനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നിർണയിക്കണമെന്നു കോടതിയുടെ പ്രത്യേക നിർദേശമുണ്ട്. മതിയായ നഷ്ടപരിഹാരം കിട്ടാതെ പോകുമോ എന്ന ആശങ്ക എസ്റ്റേറ്റ് ഉടമകൾ ഉന്നയിച്ചിരുന്നു. വിഭവങ്ങൾ പരിമിതകാലത്തേക്ക് ഉപയോഗിക്കുന്നതിനു നഷ്ടപരിഹാരം നൽകുന്ന കാര്യം മാത്രമാണു ദുരന്തനിവാരണ നിയമത്തിൽ പറയുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
സ്ഥിരം ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാര നിർണയത്തെക്കുറിച്ചു നിയമത്തിൽ പറഞ്ഞിട്ടില്ലാത്തതിനാൽ, ഈയാവശ്യത്തിന് 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമം ബാധകമാക്കാമെന്നാണു കോടതി വിധി.