പ്രീഡിഗ്രിക്ക് എൻഎസ്എസ് കോളജിൽ; പ്രവേശനവഴി ഓർത്തെടുത്ത് ചെന്നിത്തല

Mail This Article
ചങ്ങനാശേരി ∙ കോളജ് അഡ്മിഷൻ കാലത്തെ കഥ ഓർത്തെടുത്തു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ചെന്നിത്തലയ്ക്കുണ്ടായ അതേ അനുഭവം തനിക്കും ഉണ്ടായെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്.പ്രീഡിഗ്രിക്ക് എൻഎസ്എസ് കോളജിൽ അഡ്മിഷൻ ലഭിച്ച സംഭവം മന്നം ജയന്തി സമ്മേളനത്തിലെ പ്രസംഗത്തിലാണു ചെന്നിത്തല പറഞ്ഞത്. വീടിനടുത്തുള്ള കോളജിൽ പ്രീഡിഗ്രിക്ക് അഡ്മിഷന് അപേക്ഷിച്ചു. റാങ്ക് ലിസ്റ്റിൽ 5–ാം സ്ഥാനത്തായിരുന്നെങ്കിലും കെഎസ്‌യു ജില്ലാ ട്രഷററായതിനാൽ അഡ്മിഷൻ ലഭിച്ചില്ല. തന്നെ പ്രവേശിപ്പിച്ചാൽ കോളജ് അന്തരീക്ഷം തകരുമെന്ന് ആരോ ഊമക്കത്ത് അയച്ചതായും ചെന്നിത്തല പറഞ്ഞു.
തുടർന്നു പിതാവിനും ബന്ധുവിനുമൊപ്പം എൻഎസ്എസ് ആസ്ഥാനത്തെത്തി അന്നത്തെ ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെ കണ്ടു. വിവരമറിഞ്ഞപ്പോൾ അദ്ദേഹം ചങ്ങനാശേരി എൻഎസ്എസ് കോളജിൽ പ്രവേശനവും നൽകി. അന്നു പ്രീഡിഗ്രിക്കു ചേർന്നില്ലായിരുന്നുവെങ്കിൽ ഒരു വർഷം നഷ്ടമായേനെയെന്നും ചെന്നിത്തല പറഞ്ഞു. സമാനസ്ഥിതി തനിക്കുമുണ്ടായെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്.
ചെന്നിത്തലയുടെ പ്രസംഗത്തിനോടുള്ള പ്രതികരണമായാണു ചെറിയാൻ ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്. ചെന്നിത്തലയും താനും ഒരേ കോളജിൽ ചേരാനാണു തീരുമാനിച്ചത്. കെഎസ്‌യുവിന്റെ ഒരു ക്യാംപിൽ വച്ചെടുത്ത തീരുമാനമായിരുന്നു. ഇഎംഎസിനെ പിക്കറ്റ് ചെയ്ത കാരണത്താൽ ആ കോളജ് തനിക്കും പ്രവേശനം നൽകിയില്ല. തുടർന്നു താൻ ഉമ്മൻ ചാണ്ടിയെ കണ്ടെന്നും യൂണിവേഴ്സിറ്റി കോളജിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനദിവസമായ അന്ന് രക്ഷാകർത്താവിന്റെ കോളത്തിൽ ഉമ്മൻ ചാണ്ടി ഒപ്പുവച്ച് അപേക്ഷ നൽകിയെന്നും ചെറിയാൻ ഫിലിപ് പറയുന്നു. കോളജിൽ ചേർക്കാൻ കൊണ്ടുപോയത് ഉമ്മൻ ചാണ്ടിയാണെന്നും ചെറിയാൻ ഫിലിപ് പറയുന്നു.