അഗ്നിരക്ഷാസേനയ്ക്ക് പുതിയ വാഹനം; ഉയരങ്ങളിലെ രക്ഷയ്ക്ക് ആകാശഗോവണി

Mail This Article
കോട്ടയം ∙ ബഹുനിലകെട്ടിടങ്ങളിലെ തീയണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി അഗ്നിരക്ഷാസേനയ്ക്ക് ഏരിയൽ ലാഡർ പ്ലാറ്റ്‌ഫോം (യന്ത്രഗോവണി) വാഹനം മാർച്ചോടെ തിരുവനന്തപുരത്തെത്തും. 15 കോടി രൂപയാണ് ഒരു വാഹനത്തിന്റെ ചെലവ്. ഇതിന്റെ ടെൻഡർ നടപടികളായി. യന്ത്രഗോവണിക്കു 360 ഡിഗ്രിയിൽ കറങ്ങാനാകും. സ്കൈ ലിഫ്റ്റിനു മുകളിൽ അഞ്ചുപേർക്കു വരെ ഇരിക്കാം. 20 നില ഉയരം വരെയുള്ള തീയണയ്ക്കാനാകും.
അഗ്നിരക്ഷാസേനയിലെ പരിഷ്കാരവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തും കൊച്ചിയിലും 4 കോടി രൂപ ചെലവഴിച്ചു റോബട്ടിക് ഫയർ ഫൈറ്റിങ് വെഹിക്കിൾ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. മിനിറ്റിൽ 2400 ലീറ്റർ വെള്ളം 100 മീറ്റർ അകലത്തേക്ക് ഈ വാഹനത്തിൽനിന്നു ചീറ്റാൻ കഴിയും. സെൻസറും ക്യാമറയും ഉള്ള റോബട്ടിനെ റിമോട്ട് ഉപയോഗിച്ചാണു നിയന്ത്രിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഡ്രോൺ യൂണിറ്റുകൾക്കുള്ള പരിശീലനം ആരംഭിച്ചു. ഓരോ ജില്ലയിലും ഒരു യൂണിറ്റ് വീതം നൽകാനാണു ലക്ഷ്യമിടുന്നത്. ഡ്രോണിന് 2500 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയും. ഇവ കൂടാതെ മറ്റു ചില ഉപകരണങ്ങൾ കൂടി വാങ്ങാൻ അനുമതിയായിട്ടുണ്ട്.