മുണ്ടക്കൈ–ചൂരൽമല പുനരധിവാസം: വീട് നിർമാണച്ചെലവ് കൂടിയതിൽ ആശങ്ക

Mail This Article
തിരുവനന്തപുരം ∙ വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ നിർമിക്കാനുദ്ദേശിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമാണച്ചെലവ് ഉയർന്നതിനാൽ സ്പോൺസർമാർ തീരുമാനം അറിയിക്കുന്നതു വൈകും. വീടുകളുടെ എണ്ണം കുറയുമെന്നതിനാൽ ചർച്ച ചെയ്തു തീരുമാനം അറിയിക്കാൻ എല്ലാവരും സാവകാശം തേടിയിരിക്കുകയാണ്.
ഓഗസ്റ്റ് 29നു ചേർന്ന സർവകക്ഷിയോഗത്തിൽ 1000 ചതുരശ്രയടി വീട് 16 ലക്ഷം രൂപ ചെലവിൽ നിർമിക്കാമെന്നാണു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. ഒരെണ്ണത്തിന് 8–10 ലക്ഷം രൂപ കണക്കാക്കിയാണ് വീടുകളുടെ എണ്ണം പ്രഖ്യാപിച്ചതെന്ന് അറിയിച്ച സ്പോൺസർമാർ, 16 ലക്ഷം ആയാലും എണ്ണം കുറയ്ക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇപ്പോൾ നിർമാണച്ചെലവ് 30 ലക്ഷത്തിലേക്ക് എത്തിയതോടെ വീടുകളുടെ എണ്ണം കുറയുമോയെന്ന് ആശങ്കയുമുണ്ട്. ഭാവിയിൽ രണ്ടാംനില നിർമിക്കാനുള്ള സൗകര്യത്തോടെ ഒറ്റനിലയിൽ 1000 ചതുരശ്രയടി വീട് എന്നതായിരുന്നു സർവകക്ഷിയോഗത്തിൽ സർക്കാർ അറിയിച്ചത്. ഒരു ചതുരശ്രയടി നിർമിക്കാൻ നാട്ടിലെ സാധാരണ നിരക്കായ 1600 രൂപ കണക്കാക്കി. വീടിന്റെ നിർമാണരീതി മാറാതെതന്നെ ചെലവ് ചതുരശ്രയടിക്ക് 3000 രൂപയിലേക്ക് ഉയർന്നുവെന്നതാണ് ഇപ്പോഴുണ്ടായ വ്യത്യാസം.
100 വീട് വീതം വാഗ്ദാനം ചെയ്ത കോൺഗ്രസും മുസ്‌ലിം ലീഗും എൻഎസ്എസും കർണാടക സർക്കാരും ഇതിനായി 30 കോടി രൂപ വീതം കണ്ടെത്തണം. കഴിഞ്ഞദിവസം മുഖ്യസ്പോൺസർമാരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ആരും വീടിന്റെ എണ്ണം സംബന്ധിച്ച് ഉറപ്പു നൽകിയില്ല. നാളെ മറ്റു സ്പോൺസർമാരുമായും ചർച്ചയുണ്ട്. ടൗൺഷിപ് നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ 4 ഏജൻസികൾ പരിശോധന നടത്തിയശേഷമാണ് ഏകദേശ എസ്റ്റിമേറ്റ് തയാറാക്കിയതെന്ന് സർക്കാർ പറയുന്നു. നിർമാണം നടത്തുന്ന ഏജൻസി വിശദ പ്ലാൻ തയാറാക്കുമ്പോൾ ചിലപ്പോൾ ചെലവു കുറഞ്ഞേക്കാം.
പദ്ധതിയിൽ അശാസ്ത്രീയത
5 സെന്റിൽ 1000 ചതുരശ്രയടി ഒറ്റനില വീടു നിർമിക്കുന്നത് അശാസ്ത്രീയമാണെന്ന് അഭിപ്രായമുണ്ട്. കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്നവർക്ക് അവയെ കെട്ടാൻ സ്ഥലമുണ്ടാകില്ല. കൃഷിത്തോട്ടവും ഒരുക്കാനാകില്ല. പരമാവധി 350 കുടുംബങ്ങൾ താമസിക്കുന്ന ടൗൺഷിപ്പിൽ ബഹുനില ആശുപത്രിയുടെ ആവശ്യമുണ്ടോ എന്നു സംശയിക്കുന്നവരുണ്ട്. എത്ര കുട്ടികൾ ടൗൺഷിപ്പിലുണ്ടെന്നു കണക്കിലെടുക്കാതെയാണു സ്കൂളിന്റെ രൂപരേഖ തയാറാക്കിയത്. ടൗൺഷിപ്പിൽ ഉപജീവനത്തിനുള്ള ഒരു യൂണിറ്റും നിലവിൽ നിർദേശിച്ചിട്ടില്ല.
വീടുകൾ സർക്കാർ വഴി മാത്രം
സ്പോൺസർമാർ എല്ലാവരുംതന്നെ നേരിട്ടു വീടു നിർമിച്ചുനൽകാനാണു താൽപര്യമറിയിച്ചത്. എന്നാൽ, സർക്കാർ വഴി മാത്രമേ നിർമിക്കാനാകൂവെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പദ്ധതിയിൽപെടുത്തി വീട് നൽകുമ്പോൾ 12 വർഷത്തേക്കു വിൽക്കാനാകില്ലെന്ന നിബന്ധന വയ്ക്കാറുണ്ട്.