എസ്.ജയചന്ദ്രൻ നായർ: പുതിയ തലമുറയ്ക്കായി വാതിൽ തുറന്നിട്ട പത്രാധിപർ

Mail This Article
നല്ല നല്ല രചനകൾ കാണുമ്പോഴുണ്ടാകുന്ന സന്തോഷമാണ് പത്രാധിപർ എന്ന തൊഴിലിന്റെ ഏറ്റവും വലിയ സൗഭാഗ്യം’ എന്നു പറഞ്ഞത് എം.ടി. വാസുദേവൻ നായരാണ്. ആ സൗഭാഗ്യം ഏറെ അനുഭവിച്ച പത്രാധിപരായിരുന്നു അന്തരിച്ച എസ്. ജയചന്ദ്രൻ നായർ. കഥാകൃത്തുക്കളുടെ ഒരു തലമുറയ്‌ക്ക് വളരാൻ എംടി തുണയായെങ്കിൽ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും വലിയൊരു നിരയെ ജയചന്ദ്രൻനായരും വളർത്തിയെടുത്തു. പത്ര, ദൃശ്യ മാധ്യമങ്ങളിൽ ഇന്നു സജീവമാണ് അവരിൽ പലരും.
വിവിധ മേഖലകളിൽ ഒട്ടേറെ പുതിയ എഴുത്തുകാരെ കണ്ടെത്തി അദ്ദേഹം പ്രോത്സാഹിപ്പിച്ചു. വലുപ്പച്ചെറുപ്പമോ പ്രശസ്തിയോ ഒന്നും പ്രസിദ്ധീകരണത്തിനു പരിഗണിക്കപ്പെട്ടില്ല; എഴുത്തിന്റെ മികവു മാത്രമായിരുന്നു മാനദണ്ഡം. സാഹിത്യം, സിനിമ, രാഷ്ട്രീയം, ചിത്രരചന തുടങ്ങിയ രംഗങ്ങളിലെ നിരവധി പ്രമുഖരെ കണ്ടെത്താനും വളർത്തിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
എംടിയുമായി അഗാധമായ ആത്മബന്ധമുണ്ടായിരുന്നു. എംടിയുടെ ജീവചരിത്ര പഠനഗ്രന്ഥമായ ‘കഥാസരിത് സാഗരം’ എഴുതിയത് ജയചന്ദ്രൻ നായരാണ്. ‘രണ്ടാമൂഴ’ത്തിന്റെ കൈയെഴുത്തുപ്രതി ഏൽപിക്കുമ്പോൾ എംടി പറഞ്ഞു: ‘എനിക്കറിഞ്ഞുകൂടാ ഇത് സീരിയൽ ചെയ്‌താൽ ശരിയാകുമോയെന്ന്.’ സത്യസന്ധമായ ആ ഉത്‌കണ്‌ഠ അടിസ്ഥാനരഹിതമായിയിരുന്നുവെന്ന് കാലം തെളിയിച്ചുവെന്ന് പിൽക്കാലത്ത് ജയചന്ദ്രൻ നായർ അഭിമാനത്തോടെ ഓർമിച്ചു. നമ്പൂതിരിയുടെ ചിത്രങ്ങളോടെ ‘രണ്ടാമൂഴം’ പ്രസിദ്ധീകരിച്ചത് പത്രാധിപർ എന്ന നിലയിൽ ജയചന്ദ്രൻ നായരുടെ ഗ്രാഫ് ഉയർത്തി. എംടിയുടെ ‘വാരാണസി’ പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യവും ലഭിച്ചു.
മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽനിന്ന് എന്നും അകന്നുനിന്നു. പിന്നണിയിലായിരിക്കണം പത്രാധിപർ ഉണ്ടാകേണ്ടതെന്ന വിശ്വാസക്കാരനായിരുന്നെങ്കിലും ഒരുതവണ ജയചന്ദ്രൻ നായരുടെ ‘ഇടപെടൽ’ വാർത്ത സൃഷ്ടിച്ചു. ടി.പി.ചന്ദ്രശേഖരൻ വധത്തെ ന്യായീകരിച്ച് ലേഖനം എഴുതിയെന്ന പേരിൽ പ്രഭാ വർമയുടെ ഖണ്ഡശ പ്രസിദ്ധീകരിക്കുകയായിരുന്ന ‘ശ്യാമമാധവം’ 2012 ൽ ഇടയ്ക്കുവച്ചു നിർത്തി. അതു വലിയ ചർച്ചകൾക്കു തിരികൊളുത്തി.
പ്രഫ. എം. കൃഷ്ണൻനായരുടെ പ്രശസ്തമായ ‘സാഹിത്യവാരഫലം’ ജയചന്ദ്രൻ നായരുടെ പത്രാധിപത്യകാലത്താണ് കലാകൗമുദിയിലും സമകാലിക മലയാളത്തിലും പ്രസിദ്ധീകരിച്ചത്. എം. കൃഷ്ണൻനായർ വലിയൊരു വായനക്കാരനായി അറിയപ്പെട്ടപ്പോൾ വായനയുടെ ഒപ്പം എന്നും സഞ്ചരിച്ച ജയചന്ദ്രൻനായർ പതിവുപോലെ മറഞ്ഞുനിന്നു. എണ്ണംപറഞ്ഞ വായനക്കാരനായ അദ്ദേഹം ശിഷ്യരെയും വായനയിലേക്ക് നയിച്ചു. പത്രാധിപരുടെ മുറി പുതിയ തലമുറയ്ക്കായി എപ്പോഴും തുറന്നുവച്ചു.
വിദേശ പ്രസിദ്ധീകരണങ്ങളിൽ വരുന്ന ശ്രദ്ധേയമായ പഠനങ്ങൾ മലയാളികൾക്കു വേണ്ടി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതും സ്വന്തം കർത്തവ്യമായി കണ്ടു. പത്രപ്രവർത്തനം വിട്ട ശേഷം എഴുത്തിൽ സജീവമായി. നോവലടക്കം ഈ കാലയളവിൽ പ്രസിദ്ധീകരിച്ചു.
ആത്മഹത്യയിലേക്കുള്ള കുറുക്കുവഴി, ആ വാക്കിന്റെ അർഥം, ഒരു നിലവിളി, മരക്കുതിര, ബാക്കിപത്രം തുടങ്ങിയ നോവലുകൾ രചിച്ചു. ഗാന്ധിജിയുടെ അവസാന ദിവസങ്ങൾ, ജെന്നി മാർക്സിന്റെ ജീവിതം, റോസാദളങ്ങൾ, തേരൊലികൾ, ആന്ദ്ര തർക്കോവ്സ്കി: ജീവിതവും ചലച്ചിത്രങ്ങളും, വെയിൽത്തുണ്ടുകൾ, പാടിത്തീരാത്ത പാട്ടിന്റെ സംഗീതം, സ്വാതന്ത്ര്യത്തിന് 21 ദിവസം മുൻപ്, ഉന്മാദത്തിന്റെ സൂര്യകാന്തികൾ, പുഴകളും കടലും, ബാക്കിപത്രം, മരക്കുതിര, ഇലകൾ പൊഴിയാത്ത മരങ്ങൾ, ഗോഡ്സെക്കും പ്രതിമ, കാഴ്ചയുടെ സത്യം തുടങ്ങിയവയാണ് മറ്റു ഗ്രന്ഥങ്ങൾ.