വയർലെസ് ദുരുപയോഗം: വനം ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Mail This Article
കൊച്ചി∙ ചൈനീസ് വയർലെസ് സെറ്റിൽ വനംവകുപ്പിന്റെ ഔദ്യോഗിക റേഡിയോ ഫ്രീക്വൻസി പ്രോഗ്രാം ചെയ്ത് ഉപയോഗിച്ച ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർക്കു സ്ഥലംമാറ്റം. ചാലക്കുടി വനം ഡിവിഷനിലെ ചായ്പൻകുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കെ.അനിൽകുമാറിനെയാണു സ്ഥലംമാറ്റിയത്. മനോരമ വാർത്തയിലൂടെ സംഭവം ശ്രദ്ധയിൽപെട്ട മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്യോഗസ്ഥനെ അടിയന്തരമായി സ്ഥലംമാറ്റാനും തുടർ ശിക്ഷാനടപടികൾ സ്വീകരിക്കാനും നിർദേശം നൽകുകയായിരുന്നു. വാർത്താ വിനിമയ മന്ത്രാലയത്തിന്റെ വയർലെസ് പ്ലാനിങ് ആൻഡ് കോഓർഡിനേഷൻ(ഡബ്ല്യുപിസി) ലൈസൻസില്ലാത്ത സ്വകാര്യ വയർലെസ് സെറ്റ് ഉപയോഗിച്ചു വനം, പൊലീസ്, എക്സൈസ് സേനകളുടെ രഹസ്യ സന്ദേശങ്ങളുൾപ്പെടെ ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.അനിൽകുമാർ കുറ്റവാളികൾക്കു ചോർത്തിയെന്ന വനം വിജിലൻസിന്റെ കുറ്റപത്രമാണു മനോരമ പുറത്തു കൊണ്ടു വന്നത്. ഉദ്യോഗസ്ഥനെതിരെ കർശന നടപടിയുണ്ടാകുമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ വനം ഉന്നത ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായും മന്ത്രി മനോരമയോടു പറഞ്ഞു.
സംഭവത്തിൽ പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. പൊലീസ് ഉൾപ്പെടെ ഇതര സേനകളുടെ രഹസ്യ സന്ദേശങ്ങളും അനിൽകുമാർ ചോർത്തിയെന്ന കുറ്റപത്രത്തിലെ പരാമർശത്തെ തുടർന്നാണ് അന്വേഷണം. ചായ്പ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്നലെ തൃശൂർ സ്പെഷൽ ബ്രാഞ്ച് രഹസ്യമായാണു വിവരങ്ങൾ ശേഖരിച്ചത്. പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ചായ്പ്പൻകുഴി വനത്തിനുള്ളിൽ ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന ചില പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന സംശയത്തെ തുടർന്നു പരിശോധന നടത്താൻ ഏതാനും മാസങ്ങൾക്കു മുൻപ് എടിഎസ് ശ്രമിച്ചിരുന്നു.
